( അല്‍ ബഖറ ) 2 : 222

وَيَسْأَلُونَكَ عَنِ الْمَحِيضِ ۖ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ ۚ إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ

ആര്‍ത്തവത്തെക്കുറിച്ചും നിന്നോട് അവര്‍ ചോദിക്കുന്നുവല്ലോ, നീ പറയുക: അത് ഒരു ഉപദ്രവകരമായ അശുദ്ധാവസ്ഥയാണ്, ആര്‍ത്തവത്തില്‍ നിങ്ങള്‍ സ്ത്രീകളെ വിട്ടുനില്‍ക്കുക, അവര്‍ ശുദ്ധിയാകുന്നതുവരെ നിങ്ങളവരെ സമീപിക്കരുത്, അങ്ങനെ അവര്‍ ശുദ്ധിയുള്ളവരായാല്‍ അപ്പോള്‍ അല്ലാഹു നിങ്ങളോട് കല്‍പിക്കും പ്രകാരം നിങ്ങള്‍ക്ക് അവരെ സമീപിക്കാവുന്നതാണ്, നിശ്ചയം അല്ലാഹു ഏറെ പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു, വിശുദ്ധി നേടുന്നവരെയും ഇഷ്ടപ്പെടുന്നു.

ആര്‍ത്തവം ഒരു മ്ലേഛാവസ്ഥയാണെന്നും ആ അവസ്ഥയില്‍ സ്ത്രീകളുമായി സംയോഗത്തിലേര്‍പ്പെടാന്‍ പാടില്ലെന്നുമാണ് പഠിപ്പിക്കുന്നത്. പ്രവാചകന്‍റെ കാലത്തുള്ള ജൂതന്മാര്‍ സ്ത്രീകളില്‍ നിന്ന് ആര്‍ത്തവസമയത്ത് പൂര്‍ണ്ണമായി അകന്ന് നില്‍ക്കുന്നവരും, ക്രൈസ്തവര്‍ ആര്‍ത്തവസമയത്തും ലൈംഗികബന്ധം പുലര്‍ത്തുന്നവരുമായിരുന്നു. വിശ്വാസികളോട് ആര്‍ത്തവസമയത്ത് സംയോഗമല്ലാത്ത മറ്റു ശാരീരിക ബന്ധങ്ങളെല്ലാം ആവാമെന്ന മധ്യമനയം സ്വീകരിക്കാന്‍ പ്രവാചകന്‍ പഠിപ്പിക്കുകയുണ്ടായി. സ്ത്രീകള്‍ ആര്‍ത്തവത്തില്‍ നിന്ന് ശുദ്ധിയായാല്‍ അല്ലാഹു കല്‍പിച്ചതുപോലെ, പ്രകൃതി തേടുന്ന വിധം അവന്‍ ഇണ ചേരുന്നതിനുവേണ്ടി സൃഷ്ടിച്ച അവയവങ്ങള്‍ കൊണ്ടേ ഇണ ചേരാവൂ എന്നാണ് ഇവിടെ പറയുന്നത്. 4: 119 ല്‍, അല്ലാഹുവിന്‍റെ സൃഷ്ടിപ്പിനെ ഞാന്‍ മാറ്റിമറിക്കും എന്ന് പിശാച് പറഞ്ഞതിന്‍റെ പൊരുള്‍ പ്രകൃതിക്ക് വിരുദ്ധമായ ലൈംഗികബന്ധങ്ങളും മറ്റും നടത്താന്‍ പ്രേരിക്കുമെന്നാണ്. 

ഇണ ചേരുമ്പോള്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവില്‍ ശരണം തേടണമെന്നും, ഏതൊരു പ്രവൃത്തിയും അല്ലാഹുവിന്‍റെ നാമം കൊണ്ടാണ് ആരംഭിക്കേണ്ടത് എന്നതിനാല്‍ ഇണ ചേരുമ്പോള്‍ അല്ലാഹുവിന്‍റെ നാമം കൊണ്ട്, 'അല്ലാഹുവേ, ഞങ്ങളെത്തൊട്ടും ഞങ്ങള്‍ക്ക് ഈ പ്രവൃത്തിയിലൂടെ നല്‍കുന്നതിനെത്തൊട്ടും പിശാചിനെ (ഇട പെടാനനുവദിക്കാതെ) അകറ്റേണമേ' എന്ന് ആണും പെണ്ണും പ്രത്യേകം ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കണമെന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഇണ ചേര്‍ന്ന് കഴിഞ്ഞാല്‍ കുളിക്കുകയോ അല്ലെങ്കില്‍ ചുരുങ്ങിയത് അംഗശുദ്ധി(വുളൂഅ്)യെങ്കിലും വരുത്തുകയോ ചെയ്ത ശേഷമേ ഉറങ്ങാവൂ എന്നും, ജനാബത്തുകാരില്‍ നിന്ന് റഖീബ്, അത്തീദ് എന്നീ മലക്കുകള്‍ കര്‍മ്മങ്ങളൊന്നും രേഖപ്പെടുത്തുകയില്ല -ചുരുങ്ങിയത് അവര്‍ അംഗശുദ്ധി വരുത്തുന്നതുവരെ എന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവേ, എന്‍റെ പാപങ്ങള്‍ പൊറുത്തുതരേണമേ, എന്‍റെ വീടിനെ വിശാലമാക്കേണമേ, എന്‍റെ ഭക്ഷണ വിഭവങ്ങളില്‍ വര്‍ദ്ധനവ് നല്‍കുകയും ചെയ്യേണമേ എന്ന് അംഗശുദ്ധി പൂര്‍ത്തിയാക്കുന്നതോടുകൂടി പ്രാര്‍ത്ഥിക്കാനും, അല്ലാഹുവേ, എന്നെ നീ ഏറെ പശ്ചാത്തപിക്കുന്നവരിലും ഏറെ ശുദ്ധിനേടുന്നവരിലും നിന്‍റെ സജ്ജനങ്ങളായ അടിമകളിലും ഉള്‍പ്പെടുത്തേണമേ എന്ന് അംഗശുദ്ധിയില്‍ നിന്ന് വിരമിച്ചശേഷം രണ്ട് ശഹാദത്തോടുകൂടി പ്രാര്‍ത്ഥിക്കാനും പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. വിശ്വാസികള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കുളിക്കുകയോ ചുരുങ്ങിയത് വുളൂഅ് എടുക്കുകയോ ചെയ്യുന്നത് നബിചര്യയില്‍ പെട്ടതാണ്. 2: 2, 18, 187; 9: 108-109; 17: 13-15; 56: 79 വിശദീകരണം നോക്കുക.