( അല്‍ ബഖറ ) 2 : 223

نِسَاؤُكُمْ حَرْثٌ لَكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ ۖ وَقَدِّمُوا لِأَنْفُسِكُمْ ۚ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ مُلَاقُوهُ ۗ وَبَشِّرِ الْمُؤْمِنِينَ

നിങ്ങളുടെ സ്ത്രീകള്‍ നിങ്ങള്‍ക്കുള്ള ഒരു കൃഷിയിടമാണ്, അതിനാല്‍ നിങ്ങള്‍ ഉദ്ദേശിക്കും വിധം നിങ്ങളുടെ കൃഷിയിടത്തെ സമീപിക്കുക, നിങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ മുന്‍കൂട്ടി ഒരുക്കിവെക്കുകയും ചെയ്യുക, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നിശ്ചയം നിങ്ങള്‍ അവനെ കണ്ടുമുട്ടുമെന്ന് അറിയുകയും ചെയ്യുക, വിശ്വാസികളെ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.

പുരുഷന്‍റെയും സ്ത്രീയുടെയും ബീജങ്ങള്‍ സംയോജിപ്പിച്ച് അല്ലാഹു വികസിപ്പിച്ചെടുത്തിട്ടുള്ള ഓരോ അവയവത്തിനും അവന്‍ ഓരോ ഉപയോഗം നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹു തൃപ്തിപ്പെട്ട വിധത്തില്‍ വികാരം ശമിപ്പിക്കുന്നതിന് പുരുഷനും സ്ത്രീയും അവന്‍ അതിന് നിശ്ചയിച്ചിട്ടുള്ള ലൈംഗികാവയവങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നാണ് കല്‍പിച്ചിട്ടുള്ളത്. അതിനാല്‍ നിങ്ങള്‍ ഉദ്ദേശിക്കും വിധം നിങ്ങളുടെ കൃഷിയിടത്തെ സമീപി ക്കുക എന്ന് പറഞ്ഞതിനാല്‍ നിങ്ങളുടെ സ്ത്രീകളുമായി ഏത് രീതിയിലും ലൈംഗിക ബന്ധം നടത്താം എന്നാണ്. നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി മുന്‍കൂട്ടി ഒരുക്കിവെക്കുക എന്നതിന്‍റെ ഉദ്ദേശ്യം സച്ചരിതരായ സന്താനങ്ങളെ ഉല്‍പ്പാദിപ്പിച്ച് അല്ലാഹുവിന്‍റെ പ്രതിനിധി കളായ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നാണ്. സച്ചരിതരായ സന്താനങ്ങള്‍ വിശ്വാസികളായ മാതാപിതാക്കള്‍ മരിച്ച് സ്വര്‍ഗത്തില്‍ പോയാലും ഭൂമിയില്‍ അവരെ പ്രതിനിധീകരിക്കുന്നതും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുമാണ്. 2: 189; 46: 15; 60: 13 വിശദീകരണം നോക്കുക.

ഗ്രന്ഥത്തിന്‍റെ മൊത്തം ആശയം പതിനഞ്ച് വയസ്സിനുമുമ്പ് മക്കള്‍ക്ക് പഠിപ്പിച്ച് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് കൊടുക്കാനാണ് അല്ലാഹുവിന്‍റെ സൃഷ്ടികളായ മക്കളെ അല്ലാഹു അവന്‍റെ തന്നെ സൃഷ്ടികളായ മാതാപിതാക്കളെ ഏല്‍പ്പിച്ചിട്ടുള്ളത്. അത് ചെയ്യാതിരുന്നാലുള്ള പരിണിതി 7: 38 ല്‍ വിവരിക്കുന്നു: അതായത് രണ്ടുകൂട്ടരും (മാതാപിതാക്കളും മക്കളും) നരകത്തില്‍ ഒരു ഇടുങ്ങിയ സ്ഥലത്ത് ഒരുമിച്ചുകൂടിയാല്‍ മക്കള്‍ മാതാപിതാക്കളെ ചൂണ്ടിപ്പറയും: ഞങ്ങളുടെ നാഥാ, ഇക്കൂട്ടരാണ് ഞങ്ങളെ വഴിപിഴപ്പിച്ചത്, അതുകൊണ്ട് അവര്‍ക്ക് നരകത്തില്‍ നിന്ന് ഇരട്ടിശിക്ഷ നല്‍കിയാലും; അല്ലാഹു പറയും: എല്ലാവര്‍ക്കും ഇരട്ടിയുണ്ട്, പക്ഷേ നിങ്ങള്‍ അത് അറിയുന്നില്ല. ഇഹലോകം പരലോകത്തേക്കുള്ള കൃഷിയിടമാണ് എന്ന് പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചത് അന്വര്‍ത്ഥമാകണമെങ്കില്‍ അദ്ദിക്റിനനുസരിച്ച് സ്വയം ജീവിതം ചിട്ടപ്പെടുത്തുക തന്നെ വേണം.

നിങ്ങള്‍ പ്രവര്‍ത്തിക്കുക, അപ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവും പ്രവാചകനും വിശ്വാസികളും നോക്കിക്കാണുക തന്നെ ചെയ്യും എന്ന 9: 105 ന്‍റെ വിശദീകരണമായി പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചു: വിശ്വാസികളുടെ പിന്‍ഗാമികളുടെ പ്രവര്‍ത്തനങ്ങള്‍ അഞ്ചാം ഘട്ടമായ ബര്‍സഖില്‍ വെച്ച് അവര്‍ക്ക് കാണിച്ചുകൊടുക്കും. അപ്പോള്‍ അദ്ദിക്റിനെ സത്യപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമാണെങ്കില്‍ അവര്‍ അതില്‍ ആഹ്ലാദിക്കുന്നതും, എന്നാല്‍ അദ്ദിക്റിന് വിരുദ്ധമായിട്ടുള്ള പ്രവര്‍ത്തനമാണെങ്കില്‍ അല്ലാഹുവിനോട് അവരെ തിരുത്തണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഒരു മനുഷ്യന്‍ മരിച്ചുകഴിഞ്ഞാല്‍ മൂന്ന് കാര്യങ്ങള്‍ മാത്രമേ അവന് ഉപയോഗപ്പെടുകയുള്ളൂ. (1) ഉപകാരപ്രദമായ അറിവ് (2) നിലനില്‍ക്കുന്ന ദാനധര്‍മ്മങ്ങള്‍. (3) അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സച്ചരിതരായ സന്താനങ്ങള്‍. 9: 112; 10: 87; 61: 13 തുടങ്ങിയ സൂക്തങ്ങളും അവസാനിക്കുന്നത്, വിശ്വാസികളെ സന്തോഷവാര്‍ത്ത അറിയിക്കുക എന്ന ആശയത്തിലാണ്. നാലാം ഘട്ടമായ ഇവിടെ വെച്ചുതന്നെ ഓരോരുത്തരും പ്രകാശമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗം സമ്പാദിക്കണമെന്നാണ് സൂക്തം പഠിപ്പിക്കുന്നത്. അവര്‍ മാത്രമേ അല്ലാഹുവിനെ കണ്ടുമുട്ടുകയുള്ളൂ. 2: 261; 36: 12; 60: 13; 83: 15 വിശദീകരണം നോക്കുക.