وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلَاثَةَ قُرُوءٍ ۚ وَلَا يَحِلُّ لَهُنَّ أَنْ يَكْتُمْنَ مَا خَلَقَ اللَّهُ فِي أَرْحَامِهِنَّ إِنْ كُنَّ يُؤْمِنَّ بِاللَّهِ وَالْيَوْمِ الْآخِرِ ۚ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَٰلِكَ إِنْ أَرَادُوا إِصْلَاحًا ۚ وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَاللَّهُ عَزِيزٌ حَكِيمٌ
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ മൂന്ന് ആര്‍ത്തവകാലം തങ്ങളെ സ്വയം തടഞ്ഞുവെക്കേണ്ടതാകുന്നു, അവരുടെ ഗര്‍ഭപാത്രങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചതിനെ മറച്ചുവെക്കുക അവര്‍ക്ക് അനുവദനീയവുമല്ല -അവര്‍ അല്ലാഹുവിനെക്കൊണ്ടും അന്ത്യനാളിനെക്കൊണ്ടും വിശ്വസിക്കുന്നവരാണെങ്കില്‍, അവരുടെ ഭര്‍ത്താക്കന്മാര്‍ തന്നെയാണ് അവരെ തിരിച്ചെടുക്കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ -അതില്‍ അവര്‍ നന്മയും രമ്യമായ ഐക്യവുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍, പുരുഷന്മാര്‍ക്കുള്ളതുപോലെ അവര്‍ക്കും ന്യായമായ അവകാശങ്ങളുണ്ട്, പുരുഷന്മാര്‍ക്ക് അവരുടെമേല്‍ ഒരു പദവിയുമുണ്ട്, അല്ലാഹുവാകട്ടെ അജയ്യനായ യുക്തിജ്ഞനാകുന്നു.
4: 21; 25: 54; 30: 21 സൂക്തങ്ങള്‍ പ്രകാരം വിവാഹം അല്ലാഹു ബന്ധിപ്പിച്ച ബന്ധമായതിനാല്‍ വിവാഹമോചനം ഇസ്ലാമില്‍ ഏറ്റവും വെറുക്കപ്പെട്ട അനുവദനീയമായ കാര്യമാണ്. അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് നടത്തിയ ബലിഷ്ഠമായ ആ കരാറിനെ നിസ്സാരമായ കാരണങ്ങളുടെ പേരില്‍ വേര്‍പ്പെടുത്താവുന്നതല്ല. അഥവാ അല്ലാഹുവിന്‍റെ കോപത്തിലല്ലാതെ വേര്‍പ്പെടുത്താവുന്നതല്ല. വിവാഹമോചനം നടത്തുന്നതിന് മുമ്പായി 4: 34 ല്‍ പറഞ്ഞ പ്രകാരം, ഭര്‍ത്താവ് ഭാര്യയെ ഉപദേശിക്കുക, കിടപ്പറയില്‍ വര്‍ജ്ജിക്കുക, ഇവളുടെ സ്വഭാവം നന്നാക്കേണമേ എന്ന് ആത്മാവ് കൊണ്ട് പ്രാര്‍ത്ഥിച്ച് ഒരു അടി മാത്രം അടിക്കുക എന്നീ വിവിധ ഘട്ടങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ തമ്മില്‍ ഭിന്നിപ്പില്‍ തന്നെയാണെങ്കില്‍ അവന്‍റെ ഭാഗത്തുനിന്നും അവളുടെ ഭാഗത്തുനിന്നും ഓരോ വിധികര്‍ത്താക്കളെ വെച്ച് പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് രമ്യമായ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഇങ്ങനെ നാലുഘട്ടങ്ങള്‍ കഴിഞ്ഞിട്ടും ഒരു നിലക്കും ഒത്തൊരുമിച്ചുപോകാന്‍ സാധിക്കുന്നില്ലെങ്കിലാണ് വിവാഹമോചനം അനുവദിച്ചിട്ടുള്ളത്. 65: 1 ല്‍, ഓ പ്രവാചകാ! നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരുടെ ഇദ്ദാസമയത്തേക്ക് വിവാഹമോചനം ചെയ്യുകയും ഇദ്ദാകാലം ശരിക്ക് എണ്ണിക്കണക്കാക്കുകയും ചെയ്യുക, അവരുടെ വീടുകളില്‍ നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയോ, അവര്‍ സ്വമേധയാ പുറത്തുപോകുകയോ ചെയ്യരുത് -അവര്‍ വ്യക്തമായ ദുര്‍നടപ്പില്‍ ഏര്‍പ്പെട്ടാലൊഴികെ എന്ന് പറഞ്ഞിട്ടുണ്ട്. ആര്‍ത്തവമുണ്ടാകുന്ന സ്ത്രീകള്‍ക്ക് ഇദ്ദാകാലം മൂന്ന് ശുദ്ധികാലമാണെന്നും ആര്‍ത്തവമുണ്ടാകാത്ത സ്ത്രീകള്‍ക്കും ആര്‍ത്തവം ക്രമമില്ലാതെയുണ്ടാകുന്ന സ്ത്രീകള്‍ക്കും മൂന്ന് മാസക്കാലമാണെന്നും ഗര്‍ഭിണികള്‍ക്ക് പ്രസവിക്കുന്നത് വരെയാണെന്നും 65: 4 ലും; പുരുഷന്‍ മരിച്ചുപോകുന്ന സ്ത്രീകളുടെ ഇദ്ദാകാലം നാലുമാസവും പത്ത് ദിവസവുമാണ് എന്ന് 2: 234 ലും പറഞ്ഞിട്ടുണ്ട്. പുരുഷന്‍ സ്ത്രീയുടെ നിയന്ത്രാതാവായതിനാല്‍ തിരിച്ചെടുക്കാന്‍ കൂടുതല്‍ ബാധ്യത ഭര്‍ത്താവിനാണ്. ആര്‍ത്തവകാലത്ത് വിവാഹമോചനം അനുവദനീയമല്ലെന്ന് ഈ സൂക്തങ്ങളില്‍ നിന്നും മനസ്സിലാക്കാം. 2: 255; 9: 51; 17: 13-14 വിശദീകരണം നോക്കുക.