وَإِنْ كُنْتُمْ فِي رَيْبٍ مِمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا بِسُورَةٍ مِنْ مِثْلِهِ وَادْعُوا شُهَدَاءَكُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ
നമ്മുടെ അടിമയുടെ മേല്‍ നാം ഇറക്കിയതില്‍ നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അപ്പോള്‍ അതുപോലുള്ള ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടുവരിക; നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെയുള്ള നിങ്ങളുടെ സഹായികളെ വിളിക്കുകയും ചെയ്യുക -നിങ്ങള്‍ സത്യസന്ധന്മാര് തന്നെയാണെങ്കില്‍!
10: 38 ലും ഇതേ വെല്ലുവിളി അല്ലാഹു ആവര്‍ത്തിച്ചിട്ടുണ്ട്. 114 സൂറത്തുകളുള്ള ഗ്രന്ഥത്തിലെ ചെറിയ സൂറത്തുകളായ അസ്വര്‍, കൗസര്‍, നസ്വ്ര്‍ എന്നിവ പോലുള്ള 3 സൂക്തങ്ങളുള്ള ഒരു സൂറത്തെങ്കിലും കെട്ടിച്ചമച്ച് കൊണ്ടുവരാന്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യരെ അല്ലാഹു വെല്ലുവിളിക്കുകയാണ്. ഇതുപോലുള്ള പത്ത് സൂറത്തുകള്‍ കെട്ടിച്ചമച്ചുണ്ടാക്കി കൊണ്ടുവരാന്‍ 11: 13 ലും അല്ലാഹു വെല്ലുവിളിച്ചിട്ടുണ്ട്. മനുഷ്യരും ജിന്നുകളും മുഴുവനും ഒരുമിച്ചുകൂടി പരസ്പരം സഹായിച്ചാല്‍ പോലും ഇതുപോലുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ അവര്‍ക്ക് സാധ്യമല്ല എന്ന് 17: 88 ലും പറഞ്ഞിട്ടുണ്ട്. സ്രഷ്ടാവിന്‍റെ മൊത്തം സൃഷ്ടികള്‍ക്കുള്ള മുഖപത്രമായ അദ്ദിക്ര്‍ പോലെയുള്ള ഒരു വര്‍ത്തമാനം കൊണ്ടുവരാന്‍ 52: 34 ലും വെല്ലുവിളിച്ചിട്ടുണ്ട്. ഈ വെല്ലുവിളികള്‍ നേരിടുന്നതില്‍ ലോകത്ത് ഇന്നേവരെ ആരും വിജയിച്ചിട്ടില്ല, ഇനി വിജയിക്കുകയുമില്ല. നിരക്ഷരനായ പ്രവാചകനിലൂടെ അവതരിപ്പിച്ചിട്ടുള്ള അദ്ദിക്ര്‍ 5: 48 ല്‍ വിവരിച്ച പ്രകാരം മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്ത് സൂക്ഷിക്കുന്നതുമാണ്. 10: 38; 11: 13, 35; 32: 3; 46: 8 എന്നീ അഞ്ച് സൂക്തങ്ങളും ആരംഭിക്കുന്നത് 'അതോ, ഇത് അവന്‍ കെട്ടിച്ചമച്ച് ഉണ്ടാക്കിയതാണെന്ന് അവര്‍ പറയുന്നുവോ' എന്ന് ചോദിച്ചുകൊണ്ടാണ്.
ചില വാക്കുകള്‍ കെട്ടിച്ചമച്ച് അവന്‍(പ്രവാചകന്‍) നമ്മുടേതായി പറയുകയാണെങ്കില്‍ നാം അവനെ വലംകൈ കൊണ്ട് പിടികൂടുകയും അവന്‍റെ ജീവനാഡി മുറിച്ചുകളയുകയും ചെയ്യുമായിരുന്നു, അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അല്ലാഹുവില്‍ നിന്നുള്ള ശിക്ഷയെ തടയാനാവുകയില്ല എന്ന് 69: 44-47 സൂക്തങ്ങളിലും; നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിന്‍റെമേല്‍ ദിവ്യസന്ദേശമായി നല്‍കപ്പെട്ടത് എടുത്തുകൊണ്ട് പോവുക തന്നെ ചെയ്യുമായിരുന്നു, പി്ന്നെ അതിനുവേണ്ടി നമുക്കെതിരെ വാദിക്കാന്‍ ഒരു വക്കീലിനെ നീ കണ്ടെത്തുകയുമില്ല എന്ന് 17: 86 ലും പറഞ്ഞിട്ടുണ്ട്.
3: 7 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഗ്രന്ഥത്തിന്‍റെ ശരീരമായ അറബി ഖുര്‍ആനിനെയാണ് നാഥന്‍റെ ഗ്രന്ഥമായി പരിഗണിക്കുന്നത്. എന്നാല്‍ നൂഹ് മുതല്‍ മുഹമ്മദ് വരെയുള്ള 313 പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട ഗ്രന്ഥം അദ്ദിക്റാണെന്ന് 4: 163; 16: 43-44; 21: 24-25; 41: 43 സൂക്തങ്ങളില്‍ പറഞ്ഞതും; അതിന്‍റെ സൂക്ഷിപ്പാണ് നാഥന്‍ ഏറ്റെടുത്തിട്ടുള്ളത് എന്ന് 15: 9 ല്‍ പറഞ്ഞതും ഈ കെട്ടജനത മനസ്സിലാക്കുന്നില്ല. 313 ഗ്രന്ഥങ്ങളും ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ളതുകൊണ്ടാണ് 15: 91 ല്‍ നാഥനില്‍ നിന്ന് മുമ്പ് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളെയും ഖുര്‍ആന്‍ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. 25: 33 ല്‍ പറഞ്ഞ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിന്‍റെ 40 പേരുകളും സത്യപ്പെടുത്താതെ ഒരാളും വിശ്വാസിയാവുകയില്ല. 16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിച്ച അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥ മുസ്ലിംകള്‍. മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥമാണ് അദ്ദിക്ര്‍ എന്ന് 41: 41 ലും; അത് വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയാണുള്ളത് എന്ന് 41: 43 ലും പറഞ്ഞിട്ടുണ്ട്. 2: 31, 94, 111; 3: 93, 168, 183; 6: 40, 143; 7: 194; 10: 38, 48; 11: 13; 27: 64, 71; 32: 28; 34: 29; 36: 48; 44: 36; 45: 25; 46: 4; 49: 17; 56: 87; 62: 6; 67: 25 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത് നിങ്ങള്‍ സത്യസന്ധന്മാര് തന്നെയാണെങ്കില്‍ എന്ന് പറഞ്ഞുകൊണ്ടാണ്. ആത്മാവായ ആശയമില്ലാതെ ശരീരമായ അറബി ഖുര്‍ആന്‍ വായിച്ചാല്‍ വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്നതുപോലെ ദീനില്‍ നിന്ന് തെറിച്ചുപോകുമെന്ന് നാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 8: 31; 10: 94; 12: 111 വിശദീകരണം നോക്കുക.