أَلَمْ تَرَ إِلَى الَّذِينَ خَرَجُوا مِنْ دِيَارِهِمْ وَهُمْ أُلُوفٌ حَذَرَ الْمَوْتِ فَقَالَ لَهُمُ اللَّهُ مُوتُوا ثُمَّ أَحْيَاهُمْ ۚ إِنَّ اللَّهَ لَذُو فَضْلٍ عَلَى النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ
അവര്‍ അനേകായിരമുണ്ടായിട്ടും മരണഭയത്താല്‍ തങ്ങളുടെ വീടുകളില്‍ നിന്ന് പുറപ്പെട്ട ഒരു വിഭാഗത്തിലേക്ക് നിന്‍റെ ശ്രദ്ധതിരിഞ്ഞില്ലെയോ? അപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞു: 'നിങ്ങള്‍ മരിക്കുവീന്‍', പിന്നെ അവന്‍ അവരെ ജീവിപ്പിച്ചു, നിശ്ചയം അല്ലാഹു മനുഷ്യരുടെമേല്‍ വളരെയധികം ഔദാര്യമുള്ളവന്‍ തന്നെയാണ്, എന്നാല്‍ മനുഷ്യരില്‍ അധികപേരും നന്ദി പ്രകടിപ്പിക്കാത്തവര്‍ തന്നെയാകുന്നു.
ഇസ്റാഈല്‍ സമുദായത്തില്‍ നടന്ന ഒരു സംഭവം എടുത്തുദ്ധരിച്ച് പ്രവാചകനെയും വിശ്വാസികളെയും ബദ്ര്‍ യുദ്ധത്തിനും തുടര്‍ന്നുള്ള യുദ്ധങ്ങള്‍ക്കും പ്രേരിപ്പിക്കുകയാണ്. അവര്‍ ആയിരക്കണക്കിന് ആളുകളുണ്ടായിരുന്നിട്ടും തങ്ങളുടെ വീടുകളില്‍ നിന്ന് മരണഭയത്താല്‍ ഇറങ്ങിപ്പോവുകയാണുണ്ടായത്. അപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞു: 'നിങ്ങള്‍ മരിക്കുക, എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് ജീവിക്കാം'. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാനും വധിക്കപ്പെടുവാനും തയ്യാറാകാത്ത ഒരു വിഭാഗത്തിന് ജീവിക്കാന്‍ അര്‍ഹതയില്ലെന്നും, അതുകൊണ്ട് വിശ്വാസികള്‍ എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചുകൊണ്ട് ഒറ്റക്കെട്ടായി അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാന്‍ തയ്യാറാകണമെന്നും പഠിപ്പിക്കുകയാണ്. 2: 207; 9: 111 വിശദീകരണം നോക്കുക.
ജീവിതലക്ഷ്യം നഷ്ടപ്പെട്ട കപടവിശ്വാസികളാണ് മരണത്തെ ഭയപ്പെടുക. വിശ്വാസികള്‍ മരണത്തോടുകൂടി യഥാര്‍ത്ഥ ജീവിതമായ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് ദൃഢബോധ്യമുള്ളവരാണ്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വധിക്കപ്പെടുന്നവരാകട്ടെ, അവര്‍ അവിടെ ആസ്വദിക്കുന്ന അനുഭൂതികളുടെയും വിഭവങ്ങളുടെയും ആധിക്യത്താല്‍ ഭൂമിയില്‍ തിരിച്ചുവന്ന് വീണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വധിക്കപ്പെടാന്‍ കൊതിക്കുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉമര്‍, ഉസ്മാന്‍, അലി എന്നിവരെല്ലാം രക്തസാക്ഷിത്വം വഹിക്കാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുമായിരുന്നു. അതിനാലാണ് അവര്‍ കപടവിശ്വാസികളാല്‍ വധിക്കപ്പെടാനിടയായത്. അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കാത്ത ഫുജ്ജാറുകളെല്ലാം നന്ദികെട്ട കാഫിറുകളാണെന്ന് 76: 3 ല്‍ പറഞ്ഞിട്ടുണ്ട്. ഓ വിശ്വാസികളേ! നിങ്ങള്‍ അല്ലാഹുവും അവന്‍റെ പ്രവാചകനും നിങ്ങള്‍ക്ക് ജീവിതം നല്‍കാന്‍ വേണ്ടി വിളിക്കുമ്പോള്‍ നല്ലനിലക്ക് മറുപടി നല്‍കുക, നിശ്ചയം അല്ലാഹു വിശ്വാസിയുടെയും അവന്‍റെ ഹൃദയത്തിന്‍റെയും ഇടയിലാണുള്ളതെന്നും, അവനിലേക്കാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുകയെന്നും നിങ്ങള്‍ അറിഞ്ഞിരിക്കുവീന്‍ എന്ന് 8: 24 ല്‍ പറഞ്ഞിട്ടുണ്ട്. 12: 38; 40: 61 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത്, 'പക്ഷേ ജനങ്ങളില്‍ അധികപേരും നന്ദിപ്രകടിപ്പിക്കുന്നവരല്ല' എന്ന ആശയത്തിലാണ്. 10: 60; 27: 73 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത്, 'പക്ഷേ, അവരില്‍ അധികപേരും നന്ദിപ്രകടിപ്പിക്കുന്നവരല്ല' എന്ന ആശയത്തിലുമാണ്. പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതായ ഫുജ്ജാറുകള്‍ നരകത്തിലേക്കുള്ളവരാണ്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി അദ്ദിക്ര്‍ കൊണ്ട് തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റുകയും 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലെ സിജ്ജീനിലേക്കുള്ള തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീനിലേക്ക് മാറ്റുന്നതുമാണ്. 2: 96; 3: 145; 9: 38-42; 24: 62-64 വിശദീകരണം നോക്കുക.