( അല്‍ ബഖറ ) 2 : 242

كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَعْقِلُونَ

അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് അവന്‍റെ സൂക്തങ്ങള്‍ വ്യക്തമായി വിശദീകരിച്ചു തരുന്നു -നിങ്ങള്‍ ചിന്തിക്കുന്നവര്‍ തന്നെയാകണം എന്നതിനുവേണ്ടി.

വിവാഹമൂല്യം നിശ്ചയിക്കാത്ത അവസ്ഥയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുമുമ്പ് വിവാഹമോചനം നടത്തുകയാണെങ്കില്‍ അവര്‍ക്ക് ജീവിതവിഭവം പാരിതോഷികമായി നല്‍കല്‍ ഏറ്റവും നല്ലതായ ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവരുടെ മേല്‍ ബാധ്യതയാണെന്ന് 2: 236 ല്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ വിവാഹമോചിതകള്‍ക്ക് ജീവിതവിഭവം പാരിതോഷികമായി നല്‍കല്‍ അദ്ദിക്റിനെ സത്യപ്പെടുത്തുന്ന സൂക്ഷ്മാലുക്കളുടെ മേല്‍ ബാധ്യതയാണ് എന്നും കല്‍പിക്കുന്നു. 16: 128 ല്‍, നിശ്ചയം അല്ലാഹു അവനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരോടൊപ്പവും അവനെ കണ്ടുകൊണ്ട് ചരിക്കുന്നവരോടൊപ്പവുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ കൊണ്ടുവരാന്‍ ഉദ്ദേശിച്ചാല്‍ ആദ്യഭാര്യക്ക് വിവാഹമൂല്യമായി സ്വര്‍ണ്ണത്തിന്‍റെ ഒരു കൂമ്പാരം തന്നെ നല്‍കിയിട്ടുണ്ടെങ്കിലും ശരി, അതില്‍ നിന്ന് ഒന്നും തിരിച്ചുവാങ്ങരുതെന്നും അത് വമ്പിച്ച അപരാധവും വ്യക്തമായ കുറ്റവുമാണെന്നും 4: 20 ല്‍ പറഞ്ഞിട്ടുണ്ട്. ഈ സൂക്തങ്ങളെല്ലാം കൂട്ടിവായിക്കുമ്പോള്‍ സ്ത്രീകളെ വിവാഹജീവിതത്തില്‍ കുറേക്കാലം നിര്‍ത്തിയശേഷം അവരെ വിവാഹമോചിതരാക്കുകയാണെങ്കില്‍ നല്‍കിയ വിവാഹമൂല്യത്തിനുപുറമെ നഷ്ടപരിഹാരമായി ഒരു പാരിതോഷികം (വിവാഹമോചനദ്രവ്യം)കൂടി അവര്‍ക്ക് നല്‍കണമെന്നും അവരെ വഴിയാധാരമാക്കുന്ന വിധത്തില്‍ വിവാഹമോചനം നടത്താന്‍ പാടില്ലെന്നും അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ രക്ഷാകര്‍ത്താക്കളില്ലാത്ത അവസ്ഥയില്‍ മറ്റൊരാള്‍ വിവാഹം കഴിക്കുന്നതുവരെ അവളെ സംരക്ഷിക്കല്‍ ആദ്യഭര്‍ത്താവിന്‍റെ ബാധ്യതയാണെന്നും മനസ്സിലാക്കാം. അതായത് അവള്‍ക്ക് പാരിതോഷികം (മതാഅ്) നല്‍കുന്നത് ഒരു ജീവിതമാര്‍ഗം കണ്ടെത്താന്‍ ഉപകരിക്കുന്നതിന് കൂടിയായിരിക്കണം എന്ന് സാരം. അപ്പോള്‍ മാത്രമാണ് അവന്‍-പുരുഷന്‍-സ്ത്രീകളുടെമേല്‍ നിയന്ത്രാതാവാകുന്നു എന്ന് 4: 34 ല്‍ പറഞ്ഞത് അംഗീകരിക്കുന്നവനാവുകയുള്ളൂ. 2: 73, 180; 4: 128-130 വിശദീകരണം നോക്കുക.