( അല്‍ ബഖറ ) 2 : 248

وَقَالَ لَهُمْ نَبِيُّهُمْ إِنَّ آيَةَ مُلْكِهِ أَنْ يَأْتِيَكُمُ التَّابُوتُ فِيهِ سَكِينَةٌ مِنْ رَبِّكُمْ وَبَقِيَّةٌ مِمَّا تَرَكَ آلُ مُوسَىٰ وَآلُ هَارُونَ تَحْمِلُهُ الْمَلَائِكَةُ ۚ إِنَّ فِي ذَٰلِكَ لَآيَةً لَكُمْ إِنْ كُنْتُمْ مُؤْمِنِينَ

അവരുടെ നബി അവരോട് പറയുകയും ചെയ്തു: നിശ്ചയം അവന്‍റെ രാജാധിപത്യത്തിനുള്ള തെളിവ്, മൂസാ കുടുംബവും ഹാറൂന്‍ കുടുംബവും വിട്ടേച്ചുപോയ, മലക്കുകള്‍ വഹിച്ചുകൊണ്ടിരിക്കുന്നതുമായ പൈതൃകങ്ങളും നിങ്ങളുടെ നാഥനില്‍ നിന്നുള്ള ശാന്തിയും സമാധാനവും അടങ്ങിയതുമായ പേടകം അവന്‍ നിങ്ങള്‍ക്ക് കൊണ്ടുവരുമെന്നതാണ്, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍, നിശ്ചയം നിങ്ങള്‍ക്ക് അതില്‍ ഒരു ദൃഷ്ടാന്തം തന്നെയുണ്ട്.

മൂസാക്ക് അല്ലാഹു നല്‍കിയ പത്ത് കല്‍പ്പനകള്‍ കൊത്തിവെച്ച ഫലകങ്ങളും മൂസായുടെ വടിയും ചെരിപ്പും, മന്ന-സല്‍വ എന്നീ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ സാമ്പിളുകളും അടങ്ങിയ പേടകം ഇസ്റാഈല്‍ സന്തതികളെ യുദ്ധത്തില്‍ കീഴടക്കിയ അമാലിക്കുകള്‍ കൊണ്ടുപോയിരുന്നു. മലക്കുകളാണ് അത് വഹിക്കുന്നത് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ആ പേടകം അമാലിക്കുകള്‍ക്ക് തുറക്കാനോ അതിലടങ്ങിയിട്ടുള്ളതെന്താണെന്ന് മനസ്സിലാക്കാനോ ഉപയോഗപ്പെടുത്താനോ സാധിച്ചിരുന്നില്ല എന്നാണ്. അപ്പോള്‍ യാതൊരു മാറ്റവും വരാതെ ആ പേടകം തിരിച്ചുകിട്ടുക എന്നത് വിശ്വാസികള്‍ക്ക് ഒരു ദൃഷ്ടാന്തം തന്നെയാണ്. 2: 91, 93 വിശദീകരണം നോക്കുക.