( അല്‍ ബഖറ ) 2 : 247

وَقَالَ لَهُمْ نَبِيُّهُمْ إِنَّ اللَّهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكًا ۚ قَالُوا أَنَّىٰ يَكُونُ لَهُ الْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِالْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةً مِنَ الْمَالِ ۚ قَالَ إِنَّ اللَّهَ اصْطَفَاهُ عَلَيْكُمْ وَزَادَهُ بَسْطَةً فِي الْعِلْمِ وَالْجِسْمِ ۖ وَاللَّهُ يُؤْتِي مُلْكَهُ مَنْ يَشَاءُ ۚ وَاللَّهُ وَاسِعٌ عَلِيمٌ

അവരുടെ നബി അവരോട് പറയുകയും ചെയ്തു: നിശ്ചയം അല്ലാഹു നിങ്ങള്‍ക്ക് താലൂത്തിനെ ഒരു രാജാവായി നിയോഗിച്ചിട്ടുണ്ട്, അവര്‍ ചോദിച്ചു: എങ്ങനെയാണ് അവന് ഞങ്ങളുടെമേല്‍ രാജാധിപത്യമുണ്ടാവുക? രാജാധിപത്യ ത്തിന് ഞങ്ങളാണ് അവനേക്കാള്‍ ഏറ്റവും അര്‍ഹരെന്നിരിക്കെ -അവന് ധനത്തില്‍ നിന്ന് കൂടുതല്‍ നല്‍കപ്പെട്ടിട്ടുമില്ല, അവന്‍ പറഞ്ഞു: നിശ്ചയം അല്ലാഹു നിങ്ങളുടെമേല്‍ അവനെ തെരഞ്ഞെടുത്തിരിക്കുന്നു, വിശാലമായ അറിവും കായികപുഷ്ടിയും അല്ലാഹു അവന് അധികരിപ്പിച്ചിട്ടുണ്ട്, അല്ലാഹു അവന്‍ ഉദ്ദേശിച്ചവര്‍ക്ക് അവന്‍റെ ആധിപത്യം നല്‍കുന്നു, അല്ലാഹു സര്‍വ്വവ്യാപിയായ സര്‍വ്വ ജ്ഞനുമാകുന്നു.

പ്രത്യക്ഷത്തിലുള്ള ശരീരപുഷ്ടിയും പ്രൗഢിയും പ്രതാപവും സമ്പത്തും ഭൗതികവിദ്യാഭ്യാസവുമെല്ലാമാണ് സത്യത്തില്‍ നിന്ന് വ്യതിചലിച്ച ജനത അനുഗ്രഹമായി പരിഗണിക്കുക. എന്നാല്‍, അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള വിശാലമായ അറിവും ആത്മാവിന്‍റെ ശക്തിയുമാണ് അല്ലാഹുവിന്‍റെയും വിശ്വാസികളുടെയും അടുക്കല്‍ പരിഗണനീയമായ അനുഗ്രഹം. 2: 218; 39: 9-10; 63: 4, 8 വിശദീകരണം നോക്കുക.