( അല്‍ ബഖറ ) 2 : 249

فَلَمَّا فَصَلَ طَالُوتُ بِالْجُنُودِ قَالَ إِنَّ اللَّهَ مُبْتَلِيكُمْ بِنَهَرٍ فَمَنْ شَرِبَ مِنْهُ فَلَيْسَ مِنِّي وَمَنْ لَمْ يَطْعَمْهُ فَإِنَّهُ مِنِّي إِلَّا مَنِ اغْتَرَفَ غُرْفَةً بِيَدِهِ ۚ فَشَرِبُوا مِنْهُ إِلَّا قَلِيلًا مِنْهُمْ ۚ فَلَمَّا جَاوَزَهُ هُوَ وَالَّذِينَ آمَنُوا مَعَهُ قَالُوا لَا طَاقَةَ لَنَا الْيَوْمَ بِجَالُوتَ وَجُنُودِهِ ۚ قَالَ الَّذِينَ يَظُنُّونَ أَنَّهُمْ مُلَاقُو اللَّهِ كَمْ مِنْ فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةً بِإِذْنِ اللَّهِ ۗ وَاللَّهُ مَعَ الصَّابِرِينَ

അങ്ങനെ സൈന്യങ്ങളെ സജ്ജീകരിച്ച് പുറപ്പെടാറായപ്പോള്‍ താലൂത്ത് പറഞ്ഞു: നിശ്ചയം അല്ലാഹു ഒരു നദിയിലെ വെള്ളം കൊണ്ട് നിങ്ങളെ പരീക്ഷിക്കു ന്നതാണ്, അപ്പോള്‍ ആര് അതില്‍ നിന്ന് വെള്ളം കുടിച്ചുവോ, അവന്‍ എന്നില്‍ പ്പെട്ടവനല്ല, ആരാണോ അതില്‍ നിന്ന് രുചിക്കാതിരുന്നത്, അപ്പോള്‍ നിശ്ചയം അവന്‍ എന്നില്‍ പെട്ടവനുമാണ് -തന്‍റെ ഒരു കൈക്കുമ്പിളില്‍ ഒതുങ്ങിയ വെള്ളം മാത്രം കുടിച്ചവരൊഴിച്ച്, എന്നാല്‍ അവരില്‍ നിന്നുള്ള കുറച്ചു പേരൊഴിച്ച് അതില്‍ നിന്ന് കുടിച്ചു, അങ്ങനെ അവനും അവനോടൊപ്പമുള്ള വിശ്വാസികളാ യവരും ആ നദി വിട്ടുകടന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇന്നേ ദിവസം ഞങ്ങള്‍ക്ക് ജാലൂത്തിനോടും അവന്‍റെ സൈന്യത്തോടും ഏറ്റുമുട്ടാനുള്ള കഴിവും ശക്തിയു മില്ല, നിശ്ചയം അല്ലാഹുവിനെ കണ്ടുമുട്ടുമെന്ന് ഉറപ്പുള്ളവര്‍ പറഞ്ഞു: അല്ലാ ഹുവിന്‍റെ അനുമതിയോടുകൂടി എത്രയെത്ര ചെറിയ സംഘങ്ങളാണ് വലിയ സംഘങ്ങളെ അതിജയിച്ചിട്ടുള്ളത്, അല്ലാഹുവാകട്ടെ ക്ഷമാലുക്കളോടൊപ്പവുമാകുന്നു.

കഠിനമായ ചൂടും ദാഹവും അനുഭവിച്ചിരുന്ന അവര്‍ക്ക് വഴിമധ്യേ ജോര്‍ദ്ദാന്‍ നദി മുറിച്ചുകടക്കേണ്ടതുണ്ടായിരുന്നു. അതിലെ വെള്ളത്തില്‍ നിന്ന് കുടിക്കാതെ ദാഹവും ക്ഷീണവും സഹിച്ചുകൊണ്ട് ആ നദി മുറിച്ചുകടക്കുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികളാണെന്നും, ഇനി ആരെങ്കിലും ഒരു കൈക്കുമ്പിളിലടങ്ങിയ വെള്ളം മാത്രം രുചിക്കുന്നതില്‍ വിരോധമില്ല, അതിലേറെ കുടിക്കുന്നവര്‍ എന്നില്‍ പെട്ടവരല്ല എന്നും താലൂത്ത് അവരോട് പറഞ്ഞിരുന്നു. എന്നാല്‍ അധികപേരും ഇഷ്ടം പോലെ വെള്ളം കുടിക്കുകയാണുണ്ടായത്. അങ്ങനെ താലൂത്തും വെള്ളം തീരെ രുചിക്കാതിരിക്കുകയും അല്‍പം രുചിക്കുകയും ചെയ്ത വിശ്വാസികളും അമാലിക്ക് രാജാവായ ജാലൂത്തിനെ (ഗോലിയാത്ത്) നേരിടാന്‍ എത്തിയപ്പോള്‍ അവരില്‍ നിന്നുള്ള ഉറച്ച വിശ്വാസികളല്ലാത്തവര്‍ (യഥേഷ്ടം വെള്ളം കുടിച്ചവര്‍) ഇന്ന് ഞങ്ങള്‍ക്ക് ജാലൂത്തിന്‍റെ പട്ടാളവുമായി നേരിടാന്‍ ശക്തിയില്ല എന്നാണ് പറഞ്ഞത്. 

ബദ്റിലും ഉഹ്ദിലുമെല്ലാം വിശ്വാസികളെയും കപടവിശ്വാസികളെയും വേര്‍തിരിച്ച് കാണിക്കാന്‍ സഹായിക്കുന്ന ഇതിന് സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളും അല്ലാഹു നേരത്തെ നിശ്ചയിച്ചിട്ടുള്ളതാണ്. അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ച് അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊണ്ട് അവന്‍ എല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന ബോധത്തില്‍ നിലകൊള്ളുന്നവര്‍ക്ക് മാത്രമാണ് ഇഹത്തിലും പരത്തിലും വിജയം ലഭിക്കുക. അവര്‍ മാത്രമാണ് ഇത്തരം സംഭവങ്ങളില്‍ നിന്നെല്ലാം പാഠമുള്‍ക്കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അടിയുറച്ച് നിലകൊള്ളുക. ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുക വഴി അവര്‍ പരീക്ഷിക്കപ്പെടാതെ വെറുതെയങ്ങ് വിട്ടയക്കപ്പെടുമെന്ന് ജനങ്ങള്‍ കണക്കുകൂട്ടുന്നുവോ? നിശ്ചയം, അവര്‍ക്ക് മുമ്പുണ്ടായിരുന്നവരെയും നാം പരീക്ഷണത്തിന് വിധേയരാക്കിയിട്ടുണ്ട്, അങ്ങനെ അവരില്‍ സത്യസന്ധന്മാര്‍ ആരാണെന്നും കളവ് പറയുന്നവര്‍ ആരാണെന്നും അല്ലാഹു അറിയുക തന്നെ ചെയ്യും. തിന്മ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ നമ്മെയങ്ങ് മുന്‍കടക്കാമെന്ന് കണക്കുകൂട്ടുന്നുവോ? എത്ര മോശപ്പെട്ട തീരുമാനമാണ് അവര്‍ കൈകൊള്ളുന്നത് എന്ന് 29: 2-4 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 8: 66 ഉം 'അല്ലാഹു ക്ഷമാലുക്കളുടെ കൂടെയാണ്' എന്ന ആശയത്തോടുകൂടിയാണ് അവസാനിക്കുന്നത്. 2: 155-157; 61: 10-13 വിശദീകരണം നോക്കുക.