تِلْكَ آيَاتُ اللَّهِ نَتْلُوهَا عَلَيْكَ بِالْحَقِّ ۚ وَإِنَّكَ لَمِنَ الْمُرْسَلِينَ
ഇതെല്ലാം ലക്ഷ്യത്തോടുകൂടി നിനക്ക് നാം വിവരിച്ചു തരുന്ന അല്ലാഹുവിന്‍റെ സൂക്തങ്ങളാണ്, നിശ്ചയം നീ അയക്കപ്പെട്ടവരില്‍ പെട്ടവന്‍ തന്നെയുമാണ്.
കഴിഞ്ഞുപോയ കാലത്ത് നടന്ന സംഭവങ്ങളെല്ലാം ത്രികാലജ്ഞാനിയായ അല്ലാഹു നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദിന് ജിബ്രീല്‍ മുഖേന വിശദീകരിച്ച് നല്‍കുകയാണ്. സകരിയ്യാ, യഹ്യാ, മര്‍യം, ഈസാ തുടങ്ങിയവരുടെ ചരിത്രം ഓര്‍മ്മിപ്പിച്ചതിനുശേഷം 3: 44 ല്‍, അതെല്ലാം മറഞ്ഞ വൃത്താന്തങ്ങളാണ്, നാം നിനക്ക് അത് ദിവ്യസന്ദേശമായി നല്‍കുകയാണ് എന്ന് പറഞ്ഞിട്ടുണ്ട്. മൂസാക്ക് നമ്മുടെ കല്‍പന ഏല്‍പിച്ചപ്പോള്‍ നീ ത്വൂര്‍ പര്‍വ്വതത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്നില്ലല്ലോ, നീ അതിന് സാക്ഷികളില്‍ പെട്ടവനുമായിരുന്നില്ലല്ലോ, ഈ ഗ്രന്ഥം നിന്‍റെ നാഥനില്‍ നിന്നുള്ള കാരുണ്യമാകുന്നു, നിനക്കുമുമ്പ് താക്കീതുകാര്‍ ആരും വരാത്ത ഒരു ജനതയെ ഇതുകൊണ്ട് നീ മുന്നറിയിപ്പ് നല്‍കുന്നതിനുവേണ്ടിയും അവര്‍ ഹൃദയം കൊണ്ട് സ്മരിക്കുന്നതിനുവേണ്ടിയും എന്ന് 28: 44-46 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയായ ഒരുവനല്ലാതെ നിന്നോട് ഇത്തരം വൃത്താന്തം പറഞ്ഞ് തരികയില്ല എന്ന ആശയത്തിലാണ് 35: 14 അവസാനിക്കുന്നത്. അല്ലാഹു മനുഷ്യരില്‍ നിന്നും മലക്കുകളില്‍ നിന്നും ദൂതന്മാരെ തെരഞ്ഞെടുക്കുമെന്ന് 22: 75 ലും; മുഹമ്മദ്, നബിമാരിലും പ്രവാചകന്മാരിലും അന്ത്യനാണെന്ന് 33: 40 ലും പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദിനെ സര്‍വ്വലോകര്‍ക്കും അനുഗ്രഹമായിട്ടല്ലാതെ നിയോഗിച്ചിട്ടില്ല എന്ന് 21: 107 ലും; മുഹമ്മദിനെ മൊത്തം മനുഷ്യരിലേക്ക് പ്രവാചകനായിട്ടല്ലാതെ അയച്ചിട്ടില്ല എന്ന് 7: 158 ലും 34: 28 ലും പറഞ്ഞിട്ടുണ്ട്. 2: 119; 11: 17; 36: 3 വിശദീകരണം നോക്കുക.