( അല്‍ ബഖറ ) 2 : 253

تِلْكَ الرُّسُلُ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۘ مِنْهُمْ مَنْ كَلَّمَ اللَّهُ ۖ وَرَفَعَ بَعْضَهُمْ دَرَجَاتٍ ۚ وَآتَيْنَا عِيسَى ابْنَ مَرْيَمَ الْبَيِّنَاتِ وَأَيَّدْنَاهُ بِرُوحِ الْقُدُسِ ۗ وَلَوْ شَاءَ اللَّهُ مَا اقْتَتَلَ الَّذِينَ مِنْ بَعْدِهِمْ مِنْ بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ وَلَٰكِنِ اخْتَلَفُوا فَمِنْهُمْ مَنْ آمَنَ وَمِنْهُمْ مَنْ كَفَرَ ۚ وَلَوْ شَاءَ اللَّهُ مَا اقْتَتَلُوا وَلَٰكِنَّ اللَّهَ يَفْعَلُ مَا يُرِيدُ

അതെല്ലാമാണ് പ്രവാചകന്മാര്‍, അവരില്‍ ചിലരെ ചിലരേക്കാള്‍ നാം ശ്രേഷ്ടരാക്കിയിട്ടുണ്ട്, അവരില്‍ അല്ലാഹു സംസാരിച്ചവരുണ്ട്, അവരില്‍ ചിലരുടെ പദവികള്‍ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്, മര്‍യമിന്‍റെ പുത്രന്‍ ഈസാക്ക് വ്യക്തമായ വെളിപാടുകള്‍ നാം നല്‍കുകയും അവനെ നാം പരിശുദ്ധാത്മാവുകൊണ്ട് ശക്തിപ്പെടുത്തുകയും ചെയ്തു, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് ശേഷവും വ്യക്തമായ വെളിപാടുകള്‍ വന്നുകിട്ടിയതിനുശേഷവും അവര്‍ പരസ്പരം പൊരുതുമായിരുന്നില്ല, എന്നാല്‍ അവര്‍ ഭിന്നിച്ചു, അപ്പോള്‍ അവരില്‍ വിശ്വസിച്ചവരുണ്ട്, അവരില്‍ നിഷേധിച്ചവരുമുണ്ട്, എന്നാല്‍ അല്ലാഹു ഉ ദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ പരസ്പരം പോരടിച്ച് വധിക്കുമായിരുന്നില്ല, പക്ഷേ അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുകതന്നെ ചെയ്യും!

മക്കയില്‍ വെച്ച് ഇതിനുമുമ്പ് അവതരിച്ചിട്ടുള്ള സൂറത്തുകളില്‍ പ്രവാചകന്മാരുടെ ചരിത്രം വിവരിച്ചിട്ടുള്ളതിനാലാണ് ഇവിടെ അതെല്ലാമാകുന്നു പ്രവാചകന്മാര്‍ എന്ന് പറഞ്ഞത്. നിനക്കുമുമ്പ്, ചരിത്രം വിവരിച്ചുതന്നിട്ടുള്ളതും വിവരിച്ചുതരാത്തതുമായ പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ടെന്നും, ഒരു പ്രവാചകനും അല്ലാഹുവിന്‍റെ സമ്മതം കൂടാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരാന്‍ സാധ്യമല്ലെന്നും 40: 78 ലും; പ്രവാചകന്മാര്‍, അവരെക്കുറിച്ച് നാം നിനക്ക് മുമ്പ് ചരിത്രങ്ങള്‍ വിവരിച്ചുതന്നിട്ടുണ്ട്; പ്രവാചകന്മാര്‍, അവരെക്കുറിച്ച് നാം നിനക്ക് മുമ്പ് ചരിത്രങ്ങള്‍ വിവരിച്ചു തരാത്തവരുമുണ്ട്, മൂസായോട് അല്ലാഹു സംസാരിക്കുക തന്നെ ചെയ്തിട്ടുണ്ട് എന്ന് 4: 164 ലും പറഞ്ഞിട്ടുണ്ട്. 2: 87; 42: 13-14 വിശദീകരണം നോക്കുക.

പ്രവാചകന്‍ പ്രാര്‍ത്ഥിച്ചിരുന്ന ഈ പ്രാര്‍ത്ഥന വിശ്വാസികള്‍ ദിവസത്തിന്‍റെ തുടക്കത്തില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ടതാണ്: ജിബ്രീലിന്‍റെയും മീകാഈലിന്‍റെയും ഇസ്റാഫീലിന്‍റെയും അസ്റാഈലിന്‍റെയും ഉടമയായ നാഥാ, ആകാശഭൂമികളെ വിരിപ്പിച്ചുണ്ടാക്കിയവനേ, ദൃശ്യങ്ങളും അദൃശ്യങ്ങളും അറിയുന്ന ഏകനേ, ഞങ്ങളുടെ ഉടമയും എല്ലാ വസ്തുക്കളുടെ ഉടമയും അവയുടെ ആധിപത്യം കൈകാര്യം ചെയ്യുന്നവനുമായ പരിശുദ്ധനായ നാഥാ, ഏതെല്ലാം വസ്തുക്കളുടെ നിയന്ത്രണം നിന്‍റെ കയ്യിലാണോ അവയുടെ തിന്മയെത്തൊട്ട് നിന്നോട് ഞങ്ങള്‍ അഭയം തേടുന്നു, വിധിദിവസം നിന്‍റെ സൃഷ്ടികള്‍ക്കിടയില്‍ അവര്‍ ഭിന്നിച്ച കാര്യത്തില്‍ നീ തീരുമാനം കല്‍പ്പിക്കുന്നതാണ്, ജനങ്ങള്‍ ഭിന്നിച്ച വിഷയത്തില്‍ നീ നിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് ഞങ്ങളെ നിന്‍റെ നേരെച്ചൊവ്വെയുള്ള പാതയിലേക്ക് നയിക്കേണമേ, നിശ്ചയം നീയല്ലാതെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്നവന്‍ ഇല്ല തന്നെ!

ആത്യന്തികമായി മനുഷ്യരില്‍ വിശ്വാസികള്‍, കാഫിറുകള്‍ എന്നീ രണ്ട് സംഘങ്ങള്‍ മാത്രമേയുള്ളൂ. 64: 2 ല്‍, അവനാണ് നിങ്ങളെ എല്ലാവരെയും സൃഷ്ടിച്ചത്, അപ്പോള്‍ നിങ്ങളില്‍ കാഫിറുണ്ട്, നിങ്ങളില്‍ വിശ്വാസിയുമുണ്ട്, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം അല്ലാഹു വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് 59: 23 ല്‍ പറഞ്ഞ വിശ്വാസിയായ അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെടാത്തവരെല്ലാം തന്നെ കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ടവരാണ്. 13: 27 ല്‍, എന്താണ് അല്ലാഹുവില്‍ നിന്ന് പ്രവാചകന് ഒരു ദിവ്യാത്ഭുതം ഇറക്കപ്പെടാത്തത് എന്ന കാഫിറുകളുടെ ചോദ്യത്തിന് മറുപടിയായി അല്ലാഹു പറയാന്‍ കല്‍പിക്കുന്നു: അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു, അവനിലേക്ക് തിരിഞ്ഞ് അവനോട് ചോദിക്കുന്നവനെ സന്മാര്‍ഗത്തിലുമാക്കുന്നു. 'അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു' എന്ന് പറഞ്ഞതുകൊണ്ടുള്ള വിവക്ഷ നിഷ്പക്ഷവാനായ അല്ലാഹു ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല, എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുള്ള അദ്ദിക്റില്‍ നിന്ന് അല്ലാഹുവിനെയും പിശാചിനെയും തിരിച്ചറിഞ്ഞ് അല്ലാഹുവിന്‍റെ മാര്‍ഗം സ്വീകരിച്ചവരെ സ്വര്‍ഗത്തിലേക്കും പിശാചിന്‍റെ മാര്‍ഗം സ്വീകരിച്ചവരെ നരകത്തിലേക്കും ആക്കുന്നു എന്നാണ്, അല്ലാതെ ഒരു പ്രത്യേകവിഭാഗത്തെ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ അല്ലാഹു ആക്കുന്നു എന്നല്ല. അപ്പോള്‍ വിശ്വാസികള്‍ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സ്വന്തത്തെയും ജീവിതലക്ഷ്യത്തെയും തിരിച്ചറിഞ്ഞ് ഇവിടെ വെച്ച് സ്വര്‍ഗം സമ്പാദിക്കുന്നവരും പിശാചിന്‍റെ പ്രവര്‍ത്തനങ്ങളായ നശീകരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുമാണ്. അവര്‍ മരിക്കുമ്പോള്‍ അല്ലാഹുവിനെ സന്തോഷത്തോടുകൂടി ആത്മാവ് കൊണ്ട് നോക്കിക്കൊണ്ട് അവന്‍റെ വീടും സമാധാനഗേഹവുമായ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകുന്നതുമാണ്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത കാഫിറുകള്‍ ദുഃഖത്തോടുകൂടി പിശാചിനെ നോക്കിക്കൊണ്ട് പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കും പോകുന്നതാണ്. 2: 62, 176, 213; 58: 19, 22 വിശദീകരണം നോക്കുക.