يَا أَيُّهَا الَّذِينَ آمَنُوا أَنْفِقُوا مِمَّا رَزَقْنَاكُمْ مِنْ قَبْلِ أَنْ يَأْتِيَ يَوْمٌ لَا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَاعَةٌ ۗ وَالْكَافِرُونَ هُمُ الظَّالِمُونَ
ഓ വിശ്വാസികളായിട്ടുള്ളവരേ, ക്രയവിക്രയങ്ങള്‍ നടക്കാത്തതും സാഹോദര്യ ബന്ധങ്ങള്‍ പ്രയോജനപ്പെടാത്തതും ഒരു തരത്തിലുള്ള ശുപാര്‍ശയും ഫലിക്കാത്തതുമായ ഒരു ദിവസം വന്നെത്തുന്നതിനുമുമ്പ് നാം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍, അങ്ങനെ ചെയ്യാത്ത കാഫിറുകള്‍ തന്നെയാണ് അക്രമികള്‍.
ജീവിതലക്ഷ്യം മനസ്സിലാക്കിയ, സ്രഷ്ടാവിന്റെ പ്രതിനിധികളായ വിശ്വാസികള്‍, അവര്‍ക്ക് സ്രഷ്ടാവ് നല്കിയ എല്ലാ അനുഗ്രഹങ്ങളും സ്രഷ്ടാവിന്റെ തൃപ്തിയില്‍ അവന്റെ സൃഷ്ടികളുടെ ജീവിതഭാരം ഇറക്കിവെക്കാന്‍ സഹായിക്കുന്ന വിധത്തില്‍ ക്രിയാത്മകമായി വിനിയോഗിച്ച് ഇവിടെ വെച്ച് സ്വര്‍ഗം സമ്പാദിക്കുന്നതാണ്. പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിന്റെ വിധിവിലക്കുകള്‍ നടപ്പില്‍ വരലാണ് അതിനുള്ള ഏകമാര്‍ഗം എന്ന് മനസ്സിലാക്കിക്കൊണ്ട് അത് ലോകരില്‍ പ്രചരിപ്പിക്കാന്‍ സര്‍വ്വകഴിവുകളും വിനിയോഗിച്ചുകൊണ്ടാണ് അത് സാധിക്കുക. അതോടൊപ്പം തന്നെ അല്ലാഹുവിനെ ആത്മാവുകൊണ്ട് പ്രകീര്‍ത്തനം ചെയ്യുന്ന, അവന്റെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങള്‍ക്കുള്ള ഭക്ഷണവും ശുദ്ധവായുവും ഉത്പാദിപ്പിക്കുന്നതിനുവേണ്ടി സ്രഷ്ടാവ് ഇറങ്ങിവരികയില്ല എന്ന് മനസ്സിലാക്കി അവയുടെയെല്ലാം ക്ഷേമം ലക്ഷ്യം വെച്ചുകൊണ്ട് ഇവിടെ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതും ജൈവകൃഷി ചെയ്യുന്നതും അതിന് മറ്റുള്ളവരെ സഹായിക്കുന്നതും പ്രേരിപ്പിക്കുന്നതുമാണ്.
കൊടുക്കലും വാങ്ങലും നടക്കാത്ത, സാഹോദര്യബന്ധം ഉപകാരപ്പെടാത്ത, ശുപാര്‍ശയൊന്നും നടക്കാത്ത ദിനം കൊണ്ട് ഉദ്ദേശിക്കുന്നത് ഓരോരുത്തരുടെയും മരണദിനമാണ്. മൊത്തം മനുഷ്യരെക്കുറിച്ച് പറയുമ്പോള്‍ വിധിദിവസവുമാണ്. സൂക്തത്തില്‍ മനുഷ്യരേ എന്ന് വിളിക്കാതെ വിശ്വാസികളേ എന്ന് വിളിച്ചതുകൊണ്ട് ഗ്രന്ഥം കിട്ടിയിട്ട് അതിന്റെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരാണ് കാഫിറുകളും അക്രമികളും. 63: 9 ല്‍ വിശ്വാസികളേ! നിങ്ങളുടെ സമ്പത്തോ സന്താനങ്ങളോ നിങ്ങളെ അദ്ദിക്റിനെത്തൊട്ട് തടയരുതെന്നും അങ്ങനെ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അക്കൂട്ടര്‍ തന്നെയാണ് എല്ലാം നഷ്ടപ്പെട്ടവരെന്നും; 63: 10 ല്‍, നിങ്ങളില്‍ ഒരാള്‍ക്ക് മരണം ആസന്നമാകുന്നതിനുമുമ്പ് നാം നിങ്ങള്‍ക്ക് നല്കിയിട്ടുള്ളതില് നിന്ന് ചെലവഴിക്കുക, അങ്ങനെ പ്രവര്‍ത്തിക്കാത്തവര്‍ പറയും: എന്റെ നാഥാ, എന്നെ ഒരു നിമിഷം പിന്തിപ്പിച്ചാലും, ഞാന്‍ അദ്ദിക്റിനെ സത്യപ്പെടുത്തുകയും സജ്ജനങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്തുകൊള്ളാം എന്നും; 63: 11 ല്‍, ഒരു ആത്മാവിനെയും അതിന്റെ നിശ്ചയിച്ച അവധി എത്തിക്കഴിഞ്ഞാല്‍ അല്ലാഹു പിന്തിപ്പിക്കുകയില്ല തന്നെ, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം തന്നെ നേരത്തെ നിശ്ചയിച്ച് വലയം ചെയ്തവനാണ് എന്നും പറഞ്ഞിട്ടുണ്ട്. 10: 17 ല്‍, അല്ലാഹുവിന്റെമേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവനേക്കാള്‍ അല്ലെങ്കില്‍ അവന്റെ സൂക്തങ്ങള്‍ തള്ളിപ്പറയുന്നവനേക്കാള് ഏറ്റവും വലിയ അക്രമി ആരാണുള്ളത്? നിശ്ചയം ഇത്തരം ഭ്രാന്തന്മാരെ അവന് വിജയം വരിപ്പിക്കുകയില്ല തന്നെ എന്ന് പറഞ്ഞിട്ടുണ്ട്. 6: 21 സമാന ആശയമുള്ള സൂക്തമാണ്. ഗ്രന്ഥത്തിന്റെ ആശയം മൂടിവെക്കുകയും അതിനെ വളച്ചൊടിക്കുകയും ചെയ്യുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന വഴിപിഴച്ച അനുയായികളുമാണ് അക്രമികളും ഭ്രാന്തന്മാരും കാഫിറുകളും. അല്ലാഹു ഇറക്കിയ അദ്ദിക്ര്‍ കൊണ്ട് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും വിധി കല്പിക്കാത്തവര് തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളും എന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാവുകയും ജീവിതലക്ഷ്യം ഉള്‍ക്കൊണ്ട് സ്വര്‍ഗം സമ്പാദിക്കുകയും ചെയ്യാത്ത എല്ലാ ഫുജ്ജാറുകളും 7: 179 ല്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ള പ്രജ്ഞയറ്റവരാണ്.
ഈ സൂക്തത്തിനുപുറമെ 2: 258; 3: 86, 151; 4: 168; 5: 72; 7: 37; 14: 13, 34; 17: 99; 18: 29; 21: 97; 29: 68; 34: 31; 39: 32; 46: 10 തുടങ്ങിയ 16 സൂക്തങ്ങളും ഒരേ സൂക്തത്തില്‍ തന്നെ കാഫിറിനെയും അക്രമിയെയും പരാമര്‍ശിച്ചിട്ടുള്ളവയാണ്. 2: 253-254 സൂക്തങ്ങളില്‍ തുടര്‍ച്ചയായി കാഫിറിനെയും അക്രമിയെയും പരാമര്‍ശിച്ചിരിക്കുന്നു. ഇതിനുപുറമെ 3: 56-57, 116-117, 140-141, 149-150; 4: 167-168; 5: 44-45, 72-73; 6: 129-130; 7: 44-45; 8: 55-56; 10: 85-86; 11: 18-19, 67-68; 14: 27-28; 16: 27-28, 84-85; 18: 37-38; 21: 29-30; 22: 44-45, 71-72; 25: 26-27; 27: 43-44; 29: 46-47, 67-68; 30: 8-9; 35: 36-37, 39-40; 59: 16-17; 61: 7-8; 71: 27-28 തുടങ്ങിയ 30 സ്ഥലങ്ങളിലും തുടര്‍ച്ചയായി വരുന്ന സൂക്തങ്ങളില്‍ കാഫിറിനെയും അക്രമിയെയും പരാമര്‍ശിച്ചിട്ടുണ്ട്. 2: 39 വിശദീകരണം നോക്കുക.
വിശ്വാസികളോട്: ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ അക്രമികളായ ഒരു ജനത്തിന് പരീക്ഷണമാക്കാതിരിക്കേണമേ! നിന്റെ മഹത്തായ കാരുണ്യമായ അദ്ദിക്ര്‍ കൊണ്ട് കാഫിറുകളായ ജനതയില്‍ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ എന്ന് പ്രാര്‍ത്ഥിക്കാന്‍ 10: 85-86 സൂക്തങ്ങളിലും; ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ കാഫിറുകളായ വിഭാഗങ്ങളുടെ പരീക്ഷണത്തിന് വിധേയമാക്കരുതേ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ, ഞങ്ങളുടെ നാഥാ, നിശ്ചയം നീ അജയ്യനായ യുക്തിജ്ഞനുമാകുന്നു എന്ന് പ്രാര്‍ത്ഥിക്കാന്‍ 60: 5 ലും കല്പിച്ചിട്ടുണ്ട്. 1: 7; 2: 165-167; 4: 150-151 വിശദീകരണം നോക്കുക.