أَلَمْ تَرَ إِلَى الَّذِي حَاجَّ إِبْرَاهِيمَ فِي رَبِّهِ أَنْ آتَاهُ اللَّهُ الْمُلْكَ إِذْ قَالَ إِبْرَاهِيمُ رَبِّيَ الَّذِي يُحْيِي وَيُمِيتُ قَالَ أَنَا أُحْيِي وَأُمِيتُ ۖ قَالَ إِبْرَاهِيمُ فَإِنَّ اللَّهَ يَأْتِي بِالشَّمْسِ مِنَ الْمَشْرِقِ فَأْتِ بِهَا مِنَ الْمَغْرِبِ فَبُهِتَ الَّذِي كَفَرَ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ
ഇബ്റാഹീമിനോട് തന്‍റെ നാഥന്‍റെ കാര്യത്തില്‍ തര്‍ക്കിച്ചവനിലേക്ക് നിന്‍റെ ശ്രദ്ധ തിരിഞ്ഞുവോ-അല്ലാഹു അവന് രാജാധികാരം നല്‍കി എന്നകാരണത്താല്‍, ഇബ്റാഹീം പറഞ്ഞ സന്ദര്‍ഭം: ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് എന്‍റെ നാഥന്‍, അവന്‍ പറഞ്ഞു: ഞാന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ, ഇബ്റാഹീം പറഞ്ഞു: അപ്പോള്‍ നിശ്ചയം അല്ലാഹു സൂര്യനെ കിഴക്കുനിന്ന് കൊണ്ടുവരുന്നു, എന്നാല്‍ നീ അതിനെ പടിഞ്ഞാറുനിന്ന് കൊണ്ടുവരിക, അങ്ങനെ നിഷേധിച്ചവന് ഉത്തരംമുട്ടി, അല്ലാഹു ഇത്തരം അക്രമികളായ ജനതയെ സന്മാര്‍ഗത്തിലേക്ക് നയിക്കുകയുമില്ല.
പ്രവാചകന്‍ ഇബ്റാഹീം വിഗ്രഹാരാധകരായ തന്‍റെ പിതാവിനെയും ജനതയെയും അല്ലാഹുവിലേക്ക് ക്ഷണിച്ചെങ്കിലും അവരില്‍ ആരും തന്നെ ഇബ്റാഹീമിന്‍റെ പ്രബോധനം പിന്‍പറ്റാനോ അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുവാനോ തയ്യാറായില്ല. ജനങ്ങളെല്ലാം ഉത്സവത്തിനുപോയ ഒരവസരത്തില്‍ അദ്ദേഹം അവരുടെ വിഗ്രഹങ്ങളെ ഒന്നൊഴികെ മുഴുവന്‍ തച്ചുടച്ചു. തിരിച്ചുവന്ന ജനങ്ങള്‍ അവരുടെ ദൈവങ്ങള്‍ക്ക് വന്ന ദുര്‍ഗതി കണ്ടപ്പോള്‍ ഭരണാധികാരിയായ നംറൂദിനെ വിവരമറിയിച്ചു. തുടര്‍ന്ന് നംറൂദ് ഇബ്റാഹീമിനെ വിളിച്ച് വിചാരണ നടത്തുന്ന രംഗമാണിത്: അല്ല, ഇബ്റാഹീം! ഞങ്ങളുടെയും നിന്‍റെ പിതാവിന്‍റെയും നാഥനല്ലാത്ത നിന്‍റെ ഈ നാഥന്‍ ഏതാണ്? ഇബ്റാഹീം പറഞ്ഞു: ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് എന്‍റെ നാഥന്‍, അപ്പോള്‍ നംറൂദ് ജ യിലില്‍ നിന്ന് രണ്ടാളുകളെ കൊണ്ടുവന്ന് ഒരാളെ വധിക്കാനും മറ്റവനെ വിട്ടയക്കാനും വിധിച്ചു കൊണ്ട് പറഞ്ഞു: ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ! ഇബ്റാഹീം പറഞ്ഞു: എന്‍റെ നാഥന്‍ സൂര്യനെ കിഴക്കുനിന്ന് ഉദിപ്പിക്കുന്നു. എന്നാല്‍ നീ അതിനെ പടിഞ്ഞാറുനിന്ന് ഉദിപ്പിക്കുക! അതില്‍ കാഫിറായ നംറൂദിന് ഉത്തരം മുട്ടുകയുണ്ടായി. തുടര്‍ന്ന് ഒരു തീക്കുണ്ഠം പണിത് അതില്‍ ഇബ്റാഹീമിനെ കരിച്ചുകൊല്ലാനും അത് പണിയുന്നതുവരെ അദ്ദേഹത്തെ ജയിലില്‍ വെക്കാനുമാണ് അവന്‍ തീരുമാനിച്ചത്. 21: 52-70; 29: 24 വിശദീകരണം നോക്കുക.
അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നായിക്കൊണ്ട് സൂര്യനെ പടിഞ്ഞാറുനിന്ന് അല്ലാഹു ഉദിപ്പിക്കുമെന്ന് ഈ സൂക്തം സൂചന നല്‍കുന്നു. 3: 86; 9: 19, 109; 61: 7; 62: 5 തുടങ്ങിയ സൂക്തങ്ങളും അല്ലാഹു അക്രമികളായ ഒരു ജനതയെ സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല എന്ന ആശയത്തിലാണ് അവസാനിക്കുന്നത്. അദ്ദിക്ര്‍ കിട്ടിയിട്ട് അതിനെ സ്വയം ഉപയോഗപ്പെടുത്താത്തവരും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെ മൂടിവെച്ചവരുമാണ് അക്രമികളെന്ന് 5: 45; 6: 21; 7: 40-41; 18: 57; 32: 22 തുടങ്ങിയ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. അക്രമികളായ ജനതയല്ലാതെ നശിപ്പിക്കപ്പെടുകയില്ല എന്ന് 6: 47 ല്‍ പറഞ്ഞിട്ടുണ്ട്.