( അല്‍ ബഖറ ) 2 : 257

اللَّهُ وَلِيُّ الَّذِينَ آمَنُوا يُخْرِجُهُمْ مِنَ الظُّلُمَاتِ إِلَى النُّورِ ۖ وَالَّذِينَ كَفَرُوا أَوْلِيَاؤُهُمُ الطَّاغُوتُ يُخْرِجُونَهُمْ مِنَ النُّورِ إِلَى الظُّلُمَاتِ ۗ أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ

അല്ലാഹു വിശ്വാസികളായവരുടെ രക്ഷാധികാരിയാണ്, അവന്‍ അവരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് പുറപ്പെടുവിപ്പിക്കുന്നു, കാഫിറുകളായവരാകട്ടെ, അവരുടെ രക്ഷാധികാരികള്‍ ത്വാഗൂത്തുകളുമാണ്, അവരെ അവര്‍ പ്രകാശത്തില്‍ നിന്ന് അന്ധകാരങ്ങളിലേക്ക് പുറപ്പെടുവിപ്പിക്കുന്നു, അക്കൂട്ടരാണ് നരകവാസികള്‍, അവര്‍ അതില്‍ നിത്യവാസികളുമാകുന്നു.

14: 1 ല്‍, നാം നിന്നിലേക്ക് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥം കൊണ്ട് അവരവരുടെ നാഥന്‍റെ സമ്മതത്തോടുകൂടി മനുഷ്യരെ നീ ഇരുട്ടുകളില്‍ നിന്ന് പ്രകാശത്തിലേക്ക് -അജയ്യനും സ്വയം സ്തുത്യര്‍ഹനുമായവന്‍റെ വഴിയിലേക്ക്- പുറപ്പെടുവിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. മനുഷ്യരെ പിശാചിന്‍റെ മാര്‍ഗങ്ങളായ അന്ധകാരങ്ങളില്‍ നിന്ന് അല്ലാഹുവിലേക്കുള്ള പ്രകാശത്തിന്‍റെ ഏകപാതയിലേക്ക് നയിക്കാനാണ് അത്. അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാണ് എന്ന് 24: 35 ലും; അദ്ദിക്റാണ് വ്യക്തമായ പ്രകാശം എന്ന് 4: 174 ലും പറഞ്ഞിട്ടുണ്ട്. അന്ധകാരം ബഹുവചനത്തിലും പ്രകാശം ഏകവചനത്തിലുമാണ് പറഞ്ഞിട്ടുള്ളത് എന്നതിനാല്‍ അല്ലാഹു തൃപ്തിപ്പെട്ട പാത സ്വര്‍ഗത്തിലേക്കുള്ള ഒറ്റ പാതയും പിശാചിന്‍റെ പാത പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കുള്ള തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് പാതകളുമാണ്. അദ്ദിക്റില്‍ നിന്ന് മനുഷ്യരെ തടയുന്ന എല്ലാ പ്രേരണകളും വ്യക്തികളും ശക്തികളും സംഘടനകളും ത്വാഗ്വൂത്തില്‍ ഉള്‍പ്പെടുന്നതാണ്. ഞാന്‍ എന്ന ഭാവം, ദേഹേച്ഛ, സ്വാര്‍ത്ഥത, സ്വജനപക്ഷപാതം, ദേശീയത, വംശീയത, വര്‍ഗീയത, സാമുദായികത്വം തുടങ്ങിയവ വെച്ചുപുലര്‍ത്തുക; ഭൂരിപക്ഷത്തിന്‍റെ മാര്‍ഗമായ കാക്കകാരണവന്മാരുടെ വഴികള്‍ പിന്‍പറ്റുക, ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധമായി മാതാവിനെ, പിതാവിനെ, ഇണകളെ, മക്കളെ, മറ്റു കുടുംബാംഗങ്ങ ളെ, പണ്ഡിതന്മാരെ, സംഘടനകളെ അനുസരിക്കുക തുടങ്ങിയവയെല്ലാം ത്വാഗൂത്തിനെ അനുസരിക്കലാണ്. 3: 68; 6: 14; 10: 62-63; 16: 36; 42: 9, 28; 45: 19 കൂട്ടിവായിക്കുക. എല്ലാവരും ജനിക്കുന്നത് മുസ്ലിമായിട്ടാണ്. വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് ഉപയോഗപ്പെടുത്തി വിശ്വാസിയാകാതെ അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതും നന്ദികെട്ട കാഫിറുകളായിത്തീരുകയാണ് ചെയ്യുന്നത് എന്നതുകൊണ്ടാണ് 'കാഫിറുകളായവര്‍' എന്ന് സൂക്തത്തില്‍ പരാമര്‍ശിച്ചത്. വിശ്വാസികളായവര്‍ അദ്ദിക്ര്‍ മുറുകെപ്പിടിച്ചുകൊണ്ട് അല്ലാഹുവിനുവേണ്ടി അവന്‍റെ പ്രതിനിധികളായി ജീവിക്കുന്നവരും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് മനുഷ്യരുടെ ഐക്യവും സമാധാനവും സ്ഥാപിക്കാന്‍ പരിശ്രമിക്കുന്നവരുമാണ്. 2: 165-167; 9: 67-68; 25: 33-34; 48: 6 വിശദീകരണം നോക്കുക.