مَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنْبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنْبُلَةٍ مِائَةُ حَبَّةٍ ۗ وَاللَّهُ يُضَاعِفُ لِمَنْ يَشَاءُ ۗ وَاللَّهُ وَاسِعٌ عَلِيمٌ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവന്റെ ഉപമ ഒരു ധാന്യമണിയുടെ ഉപമ പോലെയാണ്, അത് ഏഴുകതിരുകളെ മുളപ്പിച്ചു, എല്ലാഓരോ കതിരിലും നൂറ് ധാന്യമണികളുണ്ട്, അല്ലാഹു അവന് ഉദ്ദേശിച്ചവര്‍ക്ക് ഇരട്ടിപ്പിച്ച് കൊടുക്കുന്നു, അല്ലാഹു സര്‍വ്വവ്യാപിയായ സര്‍വ്വജ്ഞാനിയുമാകുന്നു.
ഒരു വിത്തില്‍ നിന്ന് എഴുന്നൂറ് ധാന്യമണികള്‍ വരുന്നു. അടുത്ത വര്‍ഷത്തേക്ക് ചുരുങ്ങിയത് അതില്‍ നിന്ന് എഴുപത് വിത്തുകളെങ്കിലും ഉണ്ടാകും. അങ്ങനെ കുറേവര്‍ഷം കഴിയുമ്പോള്‍ ഒരു പ്രദേശത്തുള്ള മുഴുവന്‍ വിളകളും ആദ്യവിത്തില് നിന്നുള്ളതായിത്തീരുന്നതാണ്. ഇങ്ങനെ വര്‍ദ്ധിപ്പിച്ച് ലഭിക്കണമെന്ന ലക്ഷ്യത്തോടുകൂടിയായിരിക്കണം വിശ്വാസികള്‍ തങ്ങളുടെ പണം ചെലവഴിക്കേണ്ടത്; എന്ന് മാത്രമല്ല, എല്ലാ പ്രവര്‍ത്തനങ്ങളും നടത്തേണ്ടത്. നിശ്ചയം മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുക തന്നെ ചെയ്യും, അവരുടെ ജീവിതകാലത്ത് ചെയ്ത പ്രവര്‍ത്തനങ്ങളും അവരുടെ പൈതൃകങ്ങളുടെ നേട്ടകോട്ടങ്ങളുമെല്ലാം ഒരു വ്യക്തമായ പട്ടികയില്‍ നാം രേഖപ്പെടുത്തിവെക്കുന്നുണ്ട് എന്ന് 36: 12 ല്‍ പറഞ്ഞിട്ടുണ്ട്. ഓരോരുത്തരും അവരുടെ ജീവിതകാലത്ത് ചെയ്യുന്ന നന്മയും തിന്മയും, അവരുടെ പിന്‍ഗാമികള്‍ക്ക് വിട്ടേച്ചുപോകുന്ന പൈതൃകങ്ങളുടെ നന്മയും തിന്മയും വിധിദിവസം വിലയിരുത്തുന്നതാണ്. 24: 30 ല്‍, നിശ്ചയം അല്ലാഹു അവര്‍ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത് വലയം ചെയ്തവനാണ് എന്നും; 29: 45 ല്‍, നിങ്ങള്‍ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത് അല്ലാഹു അറിയുന്നവനാണ് എന്നും പറഞ്ഞിട്ടുണ്ട്. ഈ രണ്ട് സൂക്തങ്ങളിലും 'അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്' എന്നൊന്നും പറയാതെ 'അവര്‍ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്, നിങ്ങള്‍ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്' എന്നുപറഞ്ഞതിന്റെ വിവക്ഷ, അവരുടെ പ്രവൃത്തികള്‍ മാത്രമല്ല, അവര്‍ പിന്‍ഗാമികള്‍ക്ക് വിട്ടേച്ചുപോകുന്ന പൈതൃകങ്ങളുടെ നേട്ടകോട്ടങ്ങളും കൂടി പരിഗണിക്കുമെന്നാണ്. 4: 85 ല്‍, ആരെങ്കിലും ഒരു നന്മ ശുപാര്‍ശ ചെയ്താല്‍ അവന് അതില്‍ നിന്നൊരു വിഹിതം ലഭിക്കുന്നതാണ്, ആരെങ്കിലും ഒരു തിന്മയാണ് ശുപാര്‍ശ ചെയ്തതെങ്കില്‍ അതിന്റെ പാപഭാരത്തിന്റെ ഒരു പങ്കും അവന് ലഭിക്കുന്നതാണ്, അല്ലാഹു എല്ലാ ഓരോ കാര്യത്തിന്റെ മേലും മേല്നോട്ടക്കാരനുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 10: 26-27; 16: 24-25; 29: 12-13 വിശദീകരണം നോക്കുക.
ഗ്രന്ഥത്തിന്റെ വിധിവിലക്കുകള്‍ക്ക് അനുസരിച്ചുള്ള പ്രവൃത്തികളെ ഉത്തേജിപ്പിക്കുകയും വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ സാധിക്കുമെങ്കില്‍ കൈകൊണ്ട് തടയുകയും അല്ലെങ്കില്‍ നാവുകൊണ്ട് എതിര്‍ക്കുകയും അതുമല്ലെങ്കില്‍ മനസ്സില്‍ ആ പ്രവൃത്തിയെ വെറുക്കുകയെങ്കിലും ചെയ്യണമെന്നും, ഒരു കുറ്റം കണ്ടാല്‍ അതിനോട് വെറുപ്പ് പ്രകടിപ്പിക്കുന്നില്ലെങ്കില്‍ അവനില്‍ പിന്നെ അല്പം പോലും വിശ്വാസമില്ലെന്നും പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ആരെങ്കിലും ഒരു നന്മ കൊണ്ടുവന്നാല്‍ അവര്‍ക്ക് പത്തിരട്ടി പ്രതിഫലവും ഒരു തിന്മയാണ് കൊണ്ടുവന്നതെങ്കില്‍ അവര്‍ക്ക് അതിന് തക്കതായ പ്രതിഫലവും നല്‍കുന്നതാണ്, അവര്‍ അല്പം പോലും അനീതി കാണിക്കപ്പെടുകയില്ല എന്ന് 6: 160 ലും; ആരെങ്കിലും ഒരു നന്മയും കൊണ്ട് വന്നാല്‍ അവന് അതിലേറെ ഉത്തമമായതുണ്ട്, ആരെങ്കിലും ഒരു തിന്മയും കൊണ്ട് വന്നാല്‍ അവന് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന തിന്മക്ക് തക്കതായ പ്രതിഫലമല്ലാതെയില്ല എന്ന് 28: 84 ലും പറഞ്ഞിട്ടുണ്ട്. ഈ സൂക്തങ്ങളുടെ അടിസ്ഥാനത്തില്‍: ഒരാള്‍ ഒരു നന്മ പ്രവൃത്തിക്കാന്‍ ഉദ്ദേശിച്ചു, എന്നാല്‍ അത് പ്രവൃത്തിക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു നന്മ അവന് രേഖപ്പെടുത്തുമെന്നും, പ്രവര്‍ത്തിച്ചാല്‍ ചുരുങ്ങിയത് പത്ത് നന്മ രേഖപ്പെടുത്തുമെന്നും; ഒരാള്‍ ഒരു തിന്മ പ്രവൃത്തിക്കാന്‍ ഉദ്ദേശിച്ചു, എന്നിട്ട് അത് പ്രവര്‍ത്തിക്കാതിരുന്നാല്‍ തിന്മയായി രേഖപ്പെടുത്തുകയില്ല, ഇനി അത് പ്രവര്‍ത്തിച്ചാല്‍ തക്കതായ തിന്മയായി മാത്രമേ രേഖപ്പെടുത്തുകയുള്ളൂ എന്നും പ്രപഞ്ചനാഥന് അവന്റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ വിശ്വാസികള്‍ പിന്‍ഗാമികള്‍ക്ക് അദ്ദിക്റിന്റെ വെളിച്ചത്തിലുള്ള നല്ല സംസ്കാരമാണ് ജീവിതകാലത്ത് കാണിച്ചുകൊടുക്കേണ്ടതും മരിക്കുമ്പോള്‍ വിട്ടുപോകേണ്ടതും. 2: 81, 201-202; 40: 40; 75: 13 വിശദീകരണം നോക്കുക.