وَإِذْ قَالَ إِبْرَاهِيمُ رَبِّ أَرِنِي كَيْفَ تُحْيِي الْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِنْ ۖ قَالَ بَلَىٰ وَلَٰكِنْ لِيَطْمَئِنَّ قَلْبِي ۖ قَالَ فَخُذْ أَرْبَعَةً مِنَ الطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ اجْعَلْ عَلَىٰ كُلِّ جَبَلٍ مِنْهُنَّ جُزْءًا ثُمَّ ادْعُهُنَّ يَأْتِينَكَ سَعْيًا ۚ وَاعْلَمْ أَنَّ اللَّهَ عَزِيزٌ حَكِيمٌ
ഇബ്റാഹീം ചോദിച്ച സന്ദര്‍ഭവും ഓര്‍ക്കേണ്ടതാണ്: എന്റെ നാഥാ, മരിച്ചവരെ നീ എങ്ങനെയാണ് ജീവിപ്പിക്കുന്നതെന്ന് എനിക്ക് കാണിച്ചുതരിക? അവന് ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? (ഇബ്റാഹീം)പറഞ്ഞു: ഉണ്ട്, എന്നാല്‍ എന്റെ ഹൃദയത്തിന് ഉറപ്പുകിട്ടുന്നതിനുവേണ്ടിയാണ്, അവന് പറഞ്ഞു: നീ പക്ഷികളില്‍ നിന്ന് നാലെണ്ണത്തെ പിടിക്കുക, അവയെ കൊത്തിനുറുക്കി നിന്നിലേക്ക് ചേര്‍ക്കുക, പിന്നീട് അവയില്‍ നിന്നുള്ള ഒരംശം എല്ലാ മലയിലും കൊണ്ടുപോയി വെക്കുക, ശേഷം നീ അവയെ വിളിക്കുക -അവ ധൃതിയില്‍ നിന്റെ അടുക്കലേക്ക് വരും, നീ അറിയുകയും ചെയ്യുക, നിശ്ചയം അല്ലാഹു അജയ്യനായ യുക്തിജ്ഞനാകുന്നു.
ഇബ്റാഹീം അല്ലാഹുവിനോട് മരിച്ചവരെ ജീവിപ്പിക്കുന്നത് എങ്ങനെയാണെന്ന് കാണിച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കോഴി, പ്രാവ്, മയില്‍, കാക്ക എന്നീ നാല് പക്ഷികളെ അറുത്ത് കൊത്തിനുറുക്കി കൂട്ടിക്കുഴമ്പിയ ശേഷം അവയുടെ ഓരോ ഭാഗം ഏഴ് മലകളിലായി കൊണ്ടുവെക്കാന്‍ പറയുകയാണ്. ശേഷം ഇബ്റാഹീം വിളിച്ചപ്പോള്‍ അല്ലാഹുവിന്റെ കല്പന പ്രകാരം അവയെല്ലാം പഴയ സ്ഥിതിയിലുള്ള പക്ഷികളായിത്തന്നെ ഇബ്റാഹീമിലേക്ക് പറന്നടുത്തു. ഫസ്വുര്ഹുന്ന ഇലയ്ക എന്നതിന് നിന്നിലേക്ക് ഇണക്കുക എന്നും ഭാഷാര്‍ത്ഥമുണ്ട്. എന്നാല്‍ ഇവിടെ അതിന്റെ ആശയം കൊത്തിനുറുക്കുക എന്ന് തന്നെയാണ്. കാരണം മരിച്ചവരെ പുനര്‍ജീവിപ്പിക്കുന്നത് എങ്ങനെയാണ് എന്ന് കാണിച്ച് കൊടുക്കാനാണ് ഇബ്റാഹീം ആവശ്യപ്പെടുന്നത്. ഗ്രന്ഥത്തില്‍ ഇത്തരം ദ്വയാര്‍ത്ഥമുള്ള പദങ്ങള്‍ വേറെയും ഉപയോഗിച്ചിട്ടുണ്ട്. വിശ്വാസികളെയും കപടവിശ്വാസികളെയും വേര്‍തിരിക്കാന്‍ വേണ്ടിയാണത്. ഈസായെ ഉയര്‍ത്തിയതിന് മുതവഫ്ഫീക്ക എന്ന് 3: 55 ല്‍ ഉപയോഗിച്ചത് മറ്റൊരു ഉദാഹരണമാണ്. ജീവനോടെ ഉയര്‍ത്തുക എന്നതിനുപുറമെ മരിച്ചതിനുശേഷം ഉയര്‍ത്തുക എന്നും ഈ പദത്തിന് ആശയമുണ്ട്. 75: 29 ല്‍, പ്രകമ്പനത്തിനുമേല് പ്രകമ്പനം എന്നുപറഞ്ഞത്, മരണസമയത്ത് ശരീരത്തില്‍ നിന്ന് റൂഹ് വേര്പ്പെടുമ്പോള് അവരുടെ വിശ്വാസങ്ങളും ധാരണകളും അദ്ദിക്റിന് വിരുദ്ധമായിരുന്നതിനാല്‍ അവര്‍ പതിനഞ്ച് വയസ്സിനുശേഷം ചെയ്തിട്ടുള്ള എല്ലാ തിന്മകളും ഒന്നിനുമേല്‍ ഒന്നായി ആത്മാവിന് കാണിച്ചുകൊടുക്കുമ്പോള്‍ അവര്‍ പ്രകമ്പിതരാകുന്ന രംഗം ചിത്രീകരിക്കുകയാണ്. എന്നാല്‍ ആത്മാവിനെ പരിഗണിക്കാത്ത കപടവിശ്വാസികള്‍ ഈ ആശയം മനസ്സിലാക്കുന്നതിന് പകരം മനുഷ്യര്‍ എന്നുപറഞ്ഞാല്‍ ശരീരമാണ് എന്ന് തെറ്റിദ്ധരിക്കുകയും പ്രസ്തുത സൂക്തത്തിന് ശരീരത്തിന്റെ ഭാഗമായ കണങ്കാലുകള്‍ പരസ്പരം കൂട്ടിക്കെട്ടുക എന്നുമാണ് അര്‍ത്ഥം കൊടുത്തിട്ടുള്ളത്. 2: 73; 6: 75; 35: 31 വിശദീകരണം നോക്കുക.