( അല്‍ ബഖറ ) 2 : 262

الَّذِينَ يُنْفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ ثُمَّ لَا يُتْبِعُونَ مَا أَنْفَقُوا مَنًّا وَلَا أَذًى ۙ لَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

തങ്ങളുടെ ധനം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കുകയും പിന്നീട് ചെലവഴിച്ചത് എടുത്തുപറയുകയോ അതിന്‍റെ പേരില്‍ മറ്റുവിധത്തില്‍ ശല്യപ്പെടുത്തുകയോ ചെയ്യാത്തവര്‍ക്ക് തങ്ങളുടെ നാഥന്‍റെ പക്കല്‍ അവരുടെ പ്രതിഫലമുണ്ട്, അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയുമില്ല.

എല്ലാ അനുഗ്രഹങ്ങളും പ്രപഞ്ചനാഥനില്‍ നിന്നുള്ളതാണെന്ന് മനസ്സിലാക്കി അവ നാഥന്‍റെ തൃപ്തിയില്‍ വിനിയോഗിച്ച് ഏഴാം ഘട്ടത്തിലേക്ക് വേണ്ട സ്വര്‍ഗം ഇവിടെ വെച്ച് സമ്പാദിക്കലാണ് മനുഷ്യരുടെ ജീവിതലക്ഷ്യം. നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്തോ, അതില്‍ നിന്ന് ചെലവഴിക്കുന്നതുവരെ നിങ്ങള്‍ പുണ്യമെത്തിക്കുകയില്ല എന്ന് 3: 92 ലും; അത്യുന്നതനായ നാഥന്‍റെ മുഖം പ്രതീക്ഷിച്ചു കൊണ്ട് ഏതൊരുവന്‍ തന്‍റെ ധനം നല്‍കി സ്വയം ശുദ്ധീകരിക്കുന്നുവോ -പ്രത്യുപകാരം ചെയ്യേണ്ട യാതൊരു ഔദാര്യവും അവന്‍റെ പക്കല്‍ മറ്റാര്‍ക്കുമില്ല- അവന്‍ തൃപ്തിപ്പെട്ടവനാവുക തന്നെ ചെയ്യുമെന്ന് 92: 17-21 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. അതായത് അവര്‍ ഒരു ഔദാര്യം ചെയ്യുന്നത് മറ്റൊരാളില്‍ നിന്ന് ഒരു തരത്തിലുള്ള പ്രത്യുപകാരവും പ്രതീക്ഷിച്ചു കൊണ്ടല്ല, മറ്റൊരാളുടെ ഔദാര്യം കൊണ്ട് അവനില്‍ നിന്ന് അനര്‍ഹമായത് നേടാനും സാധിക്കുകയില്ല എന്ന് സാരം. വിശ്വാസി തന്‍റെ ധനം ആര്‍ക്ക് എപ്പോള്‍ നല്‍കുകയാണെങ്കിലും അവരില്‍ നിന്ന് പ്രത്യുപകാരമോ നന്ദി പ്രകടനമോ സാക്ഷ്യപത്രമോ പ്രശംസയോ പ്രതീക്ഷിക്കുകയോ മറ്റുള്ളവരുടെ എതിര്‍പ്പ് പരിഗണിക്കുകയോ ഇല്ല. 32: 19 ല്‍, വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചതിന് വിരുന്നായി സ്വര്‍ഗപ്പൂന്തോപ്പുകളുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. 2: 38, 62, 177; 53: 32 വിശദീകരണം നോക്കുക.