يَا أَيُّهَا الَّذِينَ آمَنُوا أَنْفِقُوا مِنْ طَيِّبَاتِ مَا كَسَبْتُمْ وَمِمَّا أَخْرَجْنَا لَكُمْ مِنَ الْأَرْضِ ۖ وَلَا تَيَمَّمُوا الْخَبِيثَ مِنْهُ تُنْفِقُونَ وَلَسْتُمْ بِآخِذِيهِ إِلَّا أَنْ تُغْمِضُوا فِيهِ ۚ وَاعْلَمُوا أَنَّ اللَّهَ غَنِيٌّ حَمِيدٌ
ഓ വിശ്വാസികളായവരേ, നിങ്ങള്‍ സമ്പാദിച്ചിട്ടുള്ള പരിശുദ്ധമായതില്‍ നിന്നും ഭൂമിയില്‍ നിന്ന് നാം നിങ്ങള്‍ക്ക് ഉല്പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍, മ്ലേഛമായത് ചെലവഴിക്കുവാന്‍ നിങ്ങള്‍ ഉദ്ദേശിക്കരുത്, മനമില്ലാമനസ്സോടെയല്ലാതെ നിങ്ങളത് സ്വീകരിക്കുന്നവരാകുകയില്ലല്ലോ, നിങ്ങളറിയുക-നിശ്ചയം അല്ലാഹു ഐശ്വര്യവാനായ സ്വയം സ്തുത്യര്‍ഹനാകുന്നു.
സമ്പാദിക്കുന്നതും ചെലവഴിക്കുന്നതും അല്ലാഹു അനുവദിച്ച മാര്‍ഗത്തിലൂടെ അഥവാ ത്രാസ്സായ അദ്ദിക്റിന്റെ വെളിച്ചത്തിലായിരിക്കണം. പലിശ, ചൂതാട്ടം, കള്ളക്കടത്ത്, കുഴല്‍പ്പണം, കൈക്കൂലി, സ്ത്രീധനം, കവര്‍ച്ച, കൊള്ള, പിടിച്ചുപറി, മായം ചേര്‍ക്കല്‍, പൂഴ്ത്തിവെക്കല്‍, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍ തുടങ്ങിയ നിഷിദ്ധമായ ചൂഷണമാര്ഗങ്ങളിലൂടെ സമ്പാദിച്ചത് ചെലവഴിച്ചിട്ട് കാര്യമില്ല എന്നാണ്, പരിശുദ്ധമായ വഴിയില്‍ സമ്പാദിച്ചത് ചെലവഴിക്കുക എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് ഉത്പാദിപ്പിച്ച് തന്നതില്‍ നിന്ന് ചെലവഴിക്കുക എന്ന് പറഞ്ഞതിനാല്‍ ധാന്യങ്ങള്‍ക്കും പഴവര്ഗങ്ങള്ക്കുമെല്ലാം സകാത്തുണ്ട്. 6: 141 വിശദീകരണം നോക്കുക. നിഷിദ്ധമായ നിലയില്‍ നേടിയ ധനമോ മോശപ്പെട്ട സാധനമോ മറ്റുള്ളവര്‍ക്ക് നല്കാന് ഉദ്ദേശിക്കരുത്. കാരണം അത് നമുക്കാണ് ലഭിക്കുന്നതെങ്കില്‍ നാം അത് ഇഷ്ടപ്പെടുകയില്ലല്ലോ. ചുരുക്കത്തില്‍ ഏതെങ്കിലും രൂപത്തില്‍ പണം സമ്പാദിച്ച് അത് ചെലവഴിച്ച് പുണ്യം നേടാമെന്ന് വിചാരിക്കുന്നത് വിഡ്ഢിത്തമാണ്. അവരവര്‍ പ്രവര്‍ത്തിക്കുന്നതും സമ്പാദിക്കുന്നതുമെല്ലാം അവരവര്‍ക്കുവേണ്ടിത്തന്നെയാണ്, അല്ലാഹുവാകട്ടെ ആരുടെയും ആവശ്യമില്ലാത്തവനും സ്വയം സ്തുത്യര്‍ഹനുമാണ്.
വിശ്വാസികളേ, നിശ്ചയം പണ്ഡിതപുരോഹിതന്മാരില്‍ അധികപേരും ജനങ്ങളുടെ ധനം അവിഹിതമായി തിന്നുകയും അവര്‍ ഗ്രന്ഥത്തില്‍ നിന്ന് ജനങ്ങളെ തടയുകയും ചെയ്യുമെന്ന് 9: 34 ല്‍ പറഞ്ഞിട്ടുണ്ട്. പൂര്‍വ്വിക വേദക്കാരില്‍ (പ്രത്യേകിച്ച് ജൂതന്മാരില്) അധികപേരെയും കുറ്റകൃത്യങ്ങളും ശത്രുതയും പരത്തുന്നതിനുവേണ്ടി ഓടിനടക്കുന്നവരും മ്ലേഛത തിന്നുന്നവരുമായി നീ കാണുന്നതാണ് എന്ന് 5: 62 ലും; പണ്ഡിതപുരോഹിതന്മാര് എന്തുകൊണ്ട് അവരെ കുറ്റകരമായ വാക്കുകള്‍ പറയുന്നതില്‍ നിന്നും മ്ലേഛത തിന്നുന്നതില്‍ നിന്നും തടഞ്ഞില്ല, എത്ര മോശപ്പെട്ട ഉല്പാദനമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് 5: 63 ലും പറഞ്ഞിട്ടുണ്ട്. മ്ലേഛമായതും പരിശുദ്ധമായതും സ മമാവുകയില്ല, മ്ലേഛതയുടെ ആധിക്യം നിന്നെ എത്ര തന്നെ ആശ്ചര്യപ്പെടുത്തിയാലും ശരി, അതുകൊണ്ട് ബുദ്ധിമാന്മാരേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക -നിങ്ങള്‍ വിജയം വരിക്കുന്നവര്‍ തന്നെയാകണമെന്നതിന് വേണ്ടി എന്ന് 5: 100 ലും പറഞ്ഞിട്ടുണ്ട്. 2: 168, 172; 16: 114 വിശദീകരണം നോക്കുക.