أَيَوَدُّ أَحَدُكُمْ أَنْ تَكُونَ لَهُ جَنَّةٌ مِنْ نَخِيلٍ وَأَعْنَابٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ لَهُ فِيهَا مِنْ كُلِّ الثَّمَرَاتِ وَأَصَابَهُ الْكِبَرُ وَلَهُ ذُرِّيَّةٌ ضُعَفَاءُ فَأَصَابَهَا إِعْصَارٌ فِيهِ نَارٌ فَاحْتَرَقَتْ ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ لَعَلَّكُمْ تَتَفَكَّرُونَ
നിങ്ങളില്‍ ഒരുവന് ഈത്തപ്പനകളാലും മുന്തിരികളാലുമുള്ള ഒരു തോട്ടമുണ്ട്, അതിന്റെ താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നുമുണ്ട്, അതില്‍ അവന് എല്ലാവിധ ഫലങ്ങളുമുണ്ട്, അവനെയാണെങ്കില്‍ വാര്‍ദ്ധക്യം ബാധി ച്ചിട്ടുമുണ്ട്, അവനുള്ളത് ബലഹീനന്മാരായ കുട്ടികളുമാണ്, അങ്ങനെ തീയോടുകൂടിയ ഒരു ചുഴലിക്കാറ്റ് ആ തോട്ടത്തെ പിടികൂടുകയും അതിനെ കരിച്ചു കളയുകയും ചെയ്തു, അങ്ങനെയുള്ള ഒരുവനെപ്പോലെയാകാന് നിങ്ങളിലാരെങ്കിലും ഇഷ്ടപ്പെടുമോ? അപ്രകാരം അല്ലാഹു അവന്റെ സൂക്തങ്ങള്‍ നിങ്ങള്‍ക്ക് വ്യക്തമായി വിശദീകരിച്ചുതരുന്നു-നിങ്ങള്‍ ആലോചിച്ച് പ്രതിഫലിപ്പിക്കുന്നവര് തന്നെയാകണം എന്നതിനുവേണ്ടി.
പ്രവര്‍ത്തനങ്ങള്‍ മുഴുവനും പാഴായിപ്പോയി ജീവിതം നഷ്ടപ്പെട്ട ഒരുവന്റെ ഉദാഹരണം എടുത്തുദ്ധരിച്ച് മനുഷ്യരെ ആലോചിക്കുന്നവരും പാഠം പഠിക്കുന്നവരുമാക്കുകയാണ് ഈ സൂക്തത്തിലൂടെ അല്ലാഹു ചെയ്യുന്നത്. ഒരാള്‍ക്ക് ഒരു തോട്ടമുണ്ട്, ആ തോട്ടത്തില്‍ അവനും അവന്റെ കുടുംബത്തിനും ജീവിക്കാന്‍ വേണ്ട ധാന്യങ്ങളും പഴവര്‍ഗങ്ങളും മറ്റെല്ലാ വിഭവങ്ങളുമുണ്ട്. അവ നനയ്ക്കാന്‍ ചുറ്റുഭാഗത്തും പുഴകളുമുണ്ട്. വാര്‍ദ്ധക്യം ബാധിച്ച അവന് താന്‍ സമ്പാദിച്ചുണ്ടാക്കിയ ആ തോട്ടം മുഖേന സുഭിക്ഷമായി കഴിഞ്ഞുകൂടുമ്പോള്‍ ഒരുനാളില്‍ തീക്കാറ്റ് മുഖേന അവന്റെ തോട്ടം കരിയിക്കപ്പെടുകയാണ്. അവന്റെ മക്കളാകട്ടെ ബലഹീനന്മാരും അധ്വാനിക്കാന്‍ ശേഷിയില്ലാത്തവരുമായ കുട്ടികളാണ്. അങ്ങനെ അവന് ഇഹലോകത്തുതന്നെ എല്ലാം നഷ്ടപ്പെട്ടവനായി ഖേദിക്കുന്നവനായി മാറുന്നു. പരലോകത്തേക്കാകട്ടെ അവന് ഒന്നും തന്നെ സമ്പാദിച്ചിട്ടുമുണ്ടായിരുന്നില്ല. പരലോകത്ത് ലഭിക്കണമെന്ന ഉദ്ദേശ്യമില്ലാതെ ഇഹലോകമുദ്ദേശിച്ച് പ്രവര്‍ത്തിക്കുന്ന, ഗ്രന്ഥത്തില്‍ നിന്ന് വ്യതിചലിച്ച് ജീവിക്കുന്ന കപടവിശ്വാസികളുടെയും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുടെയും ജീവിതം നഷ്ടപ്പെടുന്നത് ഇങ്ങനെയാണ്. 18: 32-44 സൂക്തങ്ങളില്‍ പറഞ്ഞ തോട്ടക്കാരന്റെ അവസ്ഥയും 68: 20-31 സൂക്തങ്ങളില്‍ പറഞ്ഞ തോട്ടക്കാരുടെ അവസ്ഥയും വിലയിരുത്തുക. 2: 121, 219-220; 39: 63 വിശദീകരണം നോക്കുക.