( അല്‍ ബഖറ ) 2 : 268

الشَّيْطَانُ يَعِدُكُمُ الْفَقْرَ وَيَأْمُرُكُمْ بِالْفَحْشَاءِ ۖ وَاللَّهُ يَعِدُكُمْ مَغْفِرَةً مِنْهُ وَفَضْلًا ۗ وَاللَّهُ وَاسِعٌ عَلِيمٌ

പിശാച് നിങ്ങളോട് ദാരിദ്ര്യമാണ് വാഗ്ദാനം ചെയ്യുന്നത്, നീചവൃത്തികള്‍ കൊണ്ട് അവന്‍ നിങ്ങളോട് കല്‍പിക്കുകയും ചെയ്യുന്നു, അല്ലാഹു അവനില്‍ നിന്നുള്ള പാപമോചനവും ഔദാര്യവുമാണ് നിങ്ങളോട് വാഗ്ദാനം ചെയ്യുന്നത്, അല്ലാഹു സര്‍വ്വവ്യാപിയായ സര്‍വ്വജ്ഞനുമാകുന്നു.

25: 67 ല്‍, നിഷ്പക്ഷവാന്‍റെ ഇഷ്ടദാസന്മാരുടെ സ്വഭാവം പറഞ്ഞിടത്ത് അവര്‍ ചെലവഴിക്കുമ്പോള്‍ ധൂര്‍ത്തടിക്കുകയോ പിശുക്ക് കാണിക്കുകയോ ചെയ്യുകയില്ല, അതിന് രണ്ടിനുമിടയിലുള്ള ഒരു മധ്യമനിലപാടാണ് സ്വീകരിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. പരലോകത്തിനുവേണ്ടി ചെലവഴിക്കുന്നതില്‍ പിശുക്ക് കാണിച്ചില്ലെങ്കില്‍ ദാരിദ്ര്യം വരുമെന്ന് പിശാച് ഭീഷണിപ്പെടുത്തുകയും അതേസമയം ഐഹികലോകത്തിന്‍റെ കാര്യത്തില്‍ ധൂര്‍ത്തിനുവേണ്ടി പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ്. കളവ്, വ്യഭിചാരം, സ്വവര്‍ഗസംഭോഗം, കള്ള്, പ്രതിഷ്ഠ, നേര്‍ച്ച, വഴിപാട്, ലോട്ടറി, പൂഴ്ത്തിവെപ്പ്, മായം ചേര്‍ക്കല്‍ തുടങ്ങി മ്ലേഛവും നീചവുമായ എല്ലാപ്രവൃത്തികളും പിശാച് കല്‍പിക്കും. എന്നാല്‍ അല്ലാഹു അവന്‍റെ പാപമോചനവും സ്വര്‍ഗത്തില്‍ സുഖസമ്പൂര്‍ണ്ണമായ ജീവിതവിഭവങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. പിശാച് അദ്ദിക്റില്‍ നിന്ന് മനുഷ്യരെ തടയുക വഴി അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തടഞ്ഞ് അവരെ അവനോടൊപ്പം നരകക്കുണ്ഠത്തിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയാണ്. പരലോകത്തുവെച്ച് പിശാച് കയ്യൊഴിയുന്ന രംഗം 14: 22 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവരോട് അവന്‍ വാഗ്ദത്തം ചെയ്യുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും, എന്നാല്‍ പിശാചിന്‍റെ വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല എന്ന് 4: 120 ലും; പിശുക്ക് കാണിക്കുന്നവന്‍ കാഫിറാണെന്ന് 4: 37 ലും പറഞ്ഞിട്ടുണ്ട്. 2: 168-171; 4: 79; 9: 67-68 വിശദീകരണം നോക്കുക.