( അല്‍ ബഖറ ) 2 : 269

يُؤْتِي الْحِكْمَةَ مَنْ يَشَاءُ ۚ وَمَنْ يُؤْتَ الْحِكْمَةَ فَقَدْ أُوتِيَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ

അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഹിക്മത്ത് നല്‍കുന്നു, ആര്‍ക്കാണോ ഹിക്മത്ത് നല്‍കപ്പെട്ടത് അപ്പോള്‍ നിശ്ചയം അവന് ധാരാളം നന്മ നല്‍കപ്പെട്ടു കഴിഞ്ഞു, ബുദ്ധിമാന്മാരല്ലാതെ ഹൃദയംകൊണ്ട് സ്മരിക്കുകയുമില്ല.

പ്രവാചകത്വം, ദീര്‍ഘവീക്ഷണം, തത്വജ്ഞാനം, ഉരക്കല്ലായ അദ്ദിക്ര്‍ കൊണ്ട് നന്മയും തിന്മയും വേര്‍തിരിച്ചറിയാനുള്ള കഴിവ്, ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഉറപ്പുവരുത്താനുള്ള കഴിവ് എന്നതെല്ലാമാണ് 'ഹിക്മത്ത്' കൊണ്ട് ഉദ്ദേശിക്കുന്നത്. 8: 29 ല്‍ വിശ്വാസികളെ വിളിച്ച് അല്ലാഹു പറയുന്നു: നിങ്ങള്‍ അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുകയാണെങ്കില്‍ സത്യവും അസത്യവും വേര്‍തിരിച്ചറിയാനുള്ള ഉരക്കല്ല് നിങ്ങള്‍ക്ക് അവന്‍ നല്‍കുകയും അവന്‍ നിങ്ങളുടെ തിന്മകള്‍ മായ്ച്ചുകളയുകയും, നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. 39: 18 ല്‍, ആരാണോ ഗ്രന്ഥത്തിലെ വചനങ്ങള്‍ ശ്രദ്ധിച്ചുകേള്‍ക്കുകയും അത് ഏറ്റവും നല്ല നിലയില്‍ പിന്‍പറ്റുകയും ചെയ്യുന്നത്, അവര്‍ തന്നെയാണ് ബുദ്ധിമാന്മാര്‍ എന്നും; 36: 11 ല്‍ നിശ്ചയം നിന്‍റെ ഉണര്‍ത്തല്‍ ഉപകാരപ്പെടുക അദ്ദിക്ര്‍ പിന്‍പറ്റുകയും നിഷ്പക്ഷവാനെ കാണാതെകണ്ട് (അദ്ദിക്റില്‍ നിന്ന് കണ്ട്) ഭയപ്പെടുകയും ചെയ്യുന്നവര്‍ക്കാണ്, അപ്പോള്‍ അവന് പാപമോചനവും മാന്യമായ പ്രതിഫലവുമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുക എന്നും പറഞ്ഞിട്ടുണ്ട്. 3: 7; 16: 125 വിശദീകരണം നോക്കുക.

ഇബ്റാഹീം നബി ഹിക്മത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു എന്ന് 26: 83 ലും; അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കുന്നവനാകുന്നതിന് വേണ്ടി ലുഖ്മാന് ഹിക്മത്ത് നല്‍കിയിട്ടുണ്ട് എന്ന് 31: 12 ലും പറഞ്ഞിട്ടുണ്ട്. ഇന്ന് 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ തന്നെയാണ് ഹിക്മത്ത്. അതുകൊണ്ട് മാത്രമേ മൊത്തം ജീവിതം അല്ലാഹുവിന് വേണ്ടിയുള്ളതാക്കാനും നടത്തങ്ങളിലും ഇരുത്തങ്ങളിലും കിടത്തങ്ങളിലുമെല്ലാം അല്ലാഹുവിനെ സ്മരിച്ച് അവന്‍റെ പ്രതിനിധിയായി നിലകൊള്ളാനും സാധിക്കുകയുള്ളൂ. അതിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുന്ന സൂക്ഷ്മാലുക്കള്‍ക്ക് മാത്രമേ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാന്‍ സാധിക്കുകയുമുള്ളൂ. ഹിക്മത്ത് കിട്ടിയവര്‍ക്ക് ധാരാളം നന്മ നല്‍കപ്പെട്ടു എന്ന് ഈ സൂക്തത്തില്‍ പറഞ്ഞതിന്‍റെയും; നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഗ്രന്ഥം -അദ്ദിക്ര്‍- പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ് എന്നും; ഗ്രന്ഥമാണ് ഐശ്വര്യം, അതിനുശേഷം ദാരിദ്ര്യമില്ല, അതുകൂടാതെ ഐശ്വര്യവുമില്ല എന്നും പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്‍റെയും പൊരുള്‍ ഒന്നുതന്നെയാണ്. 17: 23-38 സൂക്തങ്ങളില്‍ ജീവിതത്തില്‍ പാലിക്കേണ്ട വിധിവിലക്കുകള്‍ വിശദീകരിച്ചതിന് ശേഷം 17: 39 ല്‍ 'അതെല്ലാമാണ് നിന്‍റെ നാഥനില്‍ നിന്ന് നിനക്ക് ദിവ്യസന്ദേശമായി നല്‍കിയിട്ടുള്ള തത്വജ്ഞാനങ്ങളില്‍ ചിലത്' എന്ന് പറഞ്ഞിട്ടുണ്ട്. 3: 58; 15: 87; 25: 33 വിശദീകരണം നോക്കുക.