( അല്‍ ബഖറ ) 2 : 27

الَّذِينَ يَنْقُضُونَ عَهْدَ اللَّهِ مِنْ بَعْدِ مِيثَاقِهِ وَيَقْطَعُونَ مَا أَمَرَ اللَّهُ بِهِ أَنْ يُوصَلَ وَيُفْسِدُونَ فِي الْأَرْضِ ۚ أُولَٰئِكَ هُمُ الْخَاسِرُونَ

അല്ലാഹുവുമായി ചെയ്ത ഉടമ്പടി അത് കണ്ടുമുട്ടിയതിനുശേഷം ലംഘിച്ചു കൊണ്ടിരിക്കുന്നവരും അല്ലാഹു ചേര്‍ക്കാന്‍ കല്‍പ്പിച്ച ബന്ധങ്ങള്‍ മുറിച്ച് കളഞ്ഞുകൊണ്ടിരിക്കുന്നവരും ഭൂമിയില്‍ നാശമുണ്ടാക്കിക്കൊണ്ടിരിക്കുന്നവരുമാണവര്‍, അക്കൂട്ടര്‍ തന്നെയാണ് നഷ്ടപ്പെട്ടവര്‍.

16: 68 ല്‍ തേനീച്ച, 22: 73 ല്‍ ഈച്ച, 27: 18 ല്‍ ഉറുമ്പ്, 29: 41 ല്‍ എട്ടുകാലി തുടങ്ങിയ പ്രാണികളെ ഉദാഹരണമായി ഉപമിച്ചിരിക്കുന്നതിനെ വിലകുറച്ച് കാണുന്ന എക്കാലത്തുമുള്ള കാഫിറുകള്‍ക്കുള്ള മറുപടിയാണിത്. അദ്ദിക്ര്‍ വിവരിക്കുമ്പോള്‍ എന്ത് ഉപമോദാഹരണങ്ങള്‍ പറഞ്ഞാലും അത് അല്ലാഹുവില്‍ നിന്നുള്ളതാണെന്ന ബോധത്തില്‍ അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. അല്ലാഹു ആവര്‍ത്തിച്ച് വരുന്ന ഉപമാലങ്കാരങ്ങളടങ്ങിയ ഏറ്റവും നല്ല വര്‍ത്തമാനമായ ഗ്രന്ഥമിറക്കി, തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ തൊലികളും ഹൃദയങ്ങളും 'അതുകൊണ്ട്' രോമാഞ്ചം കൊള്ളുകയും 'അല്ലാഹ്' എന്ന സ്മരണയില്‍ ലയിച്ച് മയപ്പെടുകയും ചെയ്യുന്നു, അതാകുന്നു അല്ലാഹുവിന്‍റെ സന്മാര്‍ഗം, അല്ലാഹു ഉദ്ദേശിക്കുന്നവരെ 'അതുകൊണ്ട്' സന്മാര്‍ഗത്തിലേക്കാക്കുന്നു, ആരെയാണോ അല്ലാഹു വഴികേടിലാകാന്‍ അനുവദിച്ചത്, അപ്പോള്‍ അവനെ സന്മാര്‍ഗത്തിലാക്കുന്ന ഒരാളുമില്ലതന്നെ എന്ന് 39: 23 ലും, തെമ്മാടികളല്ലാതെ അദ്ദിക്ര്‍ മൂടിവെക്കുകയില്ല എന്ന് 2: 99 ലും പറഞ്ഞിട്ടുണ്ട്.

ആരാണോ അല്ലാഹുവുമായി ചെയ്ത ഉടമ്പടി കണ്ടുമുട്ടിയതിനുശേഷം ലംഘിച്ചു കൊണ്ടിരിക്കുകയും അല്ലാഹു കല്‍പിച്ച ബന്ധങ്ങള്‍ മുറിച്ചുകളഞ്ഞുകൊണ്ടിരിക്കുകയും ഭൂമിയില്‍ നാശമുണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്, അവരുടെമേലാണ് അല്ലാഹുവിന്‍റെ ശാപമുള്ളത്, അവര്‍ക്ക് ഏറ്റവും ദുഷിച്ച ഭവനവുമാണുള്ളത് എന്ന് 13: 25-ലും പറഞ്ഞിട്ടുണ്ട്. ഈ രണ്ടു സൂക്തങ്ങളിലും 'ഉടമ്പടി കണ്ടുമുട്ടിയശേഷം അത് ലംഘിക്കുക' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ 7: 172-173 ല്‍ വിവരിച്ച പ്രകാരം എല്ലാവരും അല്ലാഹുവുമായി ഉടമ്പടി ചെയ്തിട്ടുണ്ടെങ്കിലും അക്കാര്യം വിശദീകരിക്കുന്ന ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ വന്നുകിട്ടിയതിനുശേഷം അതിനെ അവഗണിച്ച് ജീവിക്കുക എന്നതാണ്. സ്വര്‍ഗത്തില്‍ വെച്ച് അല്ലാഹുവുമായി ചെയ്ത ഉടമ്പടി ഗ്രന്ഥത്തിലൂടെ ഉണര്‍ത്തിയിട്ട് അത് പാലിക്കാത്തവര്‍ തന്നെയാണ് തെമ്മാടികള്‍. മുമ്പ് നശിപ്പിക്കപ്പെട്ട നാട്ടുകാരില്‍ അധികപേരെയും ഉടമ്പടി പാലിക്കുന്നവരായി നാം കണ്ടെത്തിയില്ല, അവരില്‍ അധികപേരെയും ഉടമ്പടി ലംഘിക്കുന്ന തെമ്മാടികളായിട്ട് തന്നെയാണ് നാം കണ്ടെത്തിയതെന്ന് 7: 102 ലും പറഞ്ഞിട്ടുണ്ട്. 5: 47, 49, 59; 9: 53, 67; 10: 33; 24: 55; 32: 18; 57: 16, 26-27; 59: 19; 61: 5; 63: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം കപടവിശ്വാസികളായ തെമ്മാടികളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

'അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ല, മുഹമ്മദ് അവന്‍റെ പ്രവാചകനുമാണ്' എന്ന സാക്ഷ്യവാക്യങ്ങളിലൂടെ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികള്‍ അല്ലാഹുവുമായി ചെയ്ത ഉടമ്പടി പുതുക്കുകയാണ് ചെയ്യുന്നത്. അവര്‍ പകലിന്‍റെ തുട ക്കത്തിലും രാത്രിയുടെ തുടക്കത്തിലും: അല്ലാഹുവേ, നീയാണ് എന്‍റെ ഉടമയായ നാഥന്‍, നീയല്ലാതെ ഒരു ഇലാഹുമില്ല, നീയാണ് എന്നെ സൃഷ്ടിച്ചത്, ഞാന്‍ നിന്‍റെ അടിമയാണ്, ഞാന്‍ ആ ഒരു ഉടമ്പടിയിലും വാഗ്ദത്തത്തിലുമാണ് കഴിയുന്നത്ര നിലകൊള്ളുന്നത്, ഞാന്‍ ഉത്പാദിപ്പിക്കുന്ന തിന്മയെത്തൊട്ട് ഞാന്‍ നിന്നോട് തന്നെ അഭയംതേടുന്നു. നിന്‍റെ അനുഗ്രഹങ്ങള്‍ എന്‍റെമേല്‍ ചൊരിഞ്ഞത് നിന്‍റെ മുമ്പില്‍ ഞാനിതാ തുറന്ന് വെക്കുന്നു (ആത്മാവുകൊണ്ട് സ്മരിക്കുക), എന്‍റെ പാപങ്ങളും ഞാന്‍ ഇതാ നിന്‍റെ മുമ്പില്‍ തുറന്ന് വെക്കുന്നു. അതുകൊണ്ട് എന്‍റെ പാപങ്ങള്‍ നീ പൊറുത്തുതന്നാലും, നിശ്ചയം നീയല്ലാതെ പാപങ്ങള്‍ പൊറുക്കുന്നവനില്ലതന്നെ എന്ന സയ്യിദുല്‍ ഇസ്തിഗ്ഫാര്‍-പൊറുക്കലിനെത്തേടാനുള്ള ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥന-പ്രാര്‍ത്ഥിച്ചുകൊണ്ട് പ്രസ്തുത ഉടമ്പടി പാലിക്കുന്നതാണ്. അവര്‍ എപ്പോള്‍ മരിച്ചാലും സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഈ ഉടമ്പടിയെക്കുറിച്ച് അന്ത്യനാളില്‍ എല്ലാവരെയും ഒരുമിച്ചുകൂട്ടി വിചാരണചെയ്യുമ്പോള്‍ അല്ലാഹു വീണ്ടും ചോദിക്കുന്നതാണ്. ഈ വാഗ്ദത്തമാണ് വഅ്ദ്. സ്വര്‍ഗം സൂക്ഷ്മാലുക്കള്‍ക്ക് വളരെ വിദൂരമല്ലാതെ അടുപ്പിക്കുന്നതാണെന്ന് 50: 31 ലും, ഇതാണ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഖേദിച്ചുമടങ്ങുകയും സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ സൂക്ഷിക്കുകയും ചെയ്തിരുന്ന എല്ലാവരോടും വാഗ്ദത്തം ചെയ്തിരുന്നത് എന്ന് 50: 32 ലും പറഞ്ഞിട്ടുണ്ട്.

39: 63 ല്‍, ആരാണോ അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ മൂടിവെച്ചത്, അക്കൂട്ടര്‍ തന്നെയാണ് നഷ്ടപ്പെട്ടവര്‍ എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അക്കൂട്ടര്‍ തന്നെയാണ് നഷ്ടപ്പെട്ടവര്‍ എന്ന ആശയത്തിലാണ് 2: 121; 7: 178; 63: 9 എന്നീ സൂക്തങ്ങളും അവസാനിക്കുന്നത്. 4: 150-151 ല്‍ വിവരിച്ച പ്രകാരം വിവിധ സംഘടനകളായി പിരിഞ്ഞ് കാഫിറുകളും മുശ്രിക്കുകളുമായിത്തീര്‍ന്ന ഫുജ്ജാറുകള്‍ 7: 26 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരായതിനാല്‍ അവരുടെ പ്രാര്‍ത്ഥന വഴികേടല്ലാതെ വര്‍ധിപ്പിക്കുകയില്ല എന്ന് 13: 14 ലും 40: 50 ലും പറഞ്ഞിട്ടുണ്ട്.