لَيْسَ عَلَيْكَ هُدَاهُمْ وَلَٰكِنَّ اللَّهَ يَهْدِي مَنْ يَشَاءُ ۗ وَمَا تُنْفِقُوا مِنْ خَيْرٍ فَلِأَنْفُسِكُمْ ۚ وَمَا تُنْفِقُونَ إِلَّا ابْتِغَاءَ وَجْهِ اللَّهِ ۚ وَمَا تُنْفِقُوا مِنْ خَيْرٍ يُوَفَّ إِلَيْكُمْ وَأَنْتُمْ لَا تُظْلَمُونَ
അവരുടെ സന്മാര്‍ഗം നിന്‍റെ പക്കലല്ല, എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിച്ചവരെ സന്മാര്‍ഗത്തിലാക്കുന്നു, നന്മയില്‍ നിന്ന് നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അത് നിങ്ങള്‍ക്കു വേണ്ടിത്തന്നെയാണ്, നിങ്ങള്‍ അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ടല്ലാതെ അത് ചെലവഴിക്കുന്നില്ലല്ലോ, നന്മയില്‍ നിന്ന് നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും നിങ്ങള്‍ക്ക് പരിപൂര്‍ണ്ണമായി (പ്രതിഫലം) തിരിച്ചു നല്‍കപ്പെടുന്നതാകുന്നു, നിങ്ങളോ അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല.
ദാനധര്‍മ്മങ്ങള്‍ (സകാത്തും സ്വദഖഃയും) പ്രവാചകന്‍റെ കൂടെയുള്ളവര്‍ക്കല്ലാതെ നല്‍കാന്‍ പാടുണ്ടോ എന്ന വിശ്വാസികള്‍ക്കുണ്ടായിരുന്ന സംശയം ഈ സൂക്തത്തിലൂടെ ദൂരീകരിക്കുകയാണ്. ഒരാളുടെ സന്മാര്‍ഗം നബിയുടെ എന്നല്ല, ആരുടെ പക്കലും നല്‍കിയിട്ടില്ല. സന്മാര്‍ഗവും ദുര്‍മാര്‍ഗവും വേര്‍തിരിച്ച് കാണിച്ചുതരുന്ന അദ്ദിക്ര്‍ സ്വര്‍ഗത്തില്‍ വെച്ച് സൃഷ്ടിച്ചപ്പോള്‍ തന്നെ അല്ലാഹു ഓരോരുത്തരെയും പഠിപ്പിച്ചിട്ടുണ്ടെന്നും മനുഷ്യരുടെ സന്മാര്‍ഗത്തിന്‍റെ കാര്യത്തില്‍ അല്ലാഹു നിഷ്പക്ഷവാനാണെന്നും, 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ക്രോഡീകരിക്കപ്പെട്ട ശേഷം അത് ഉപയോഗപ്പെടുത്തി സന്മാര്‍ഗം ഓരോരുത്തരും സ്വയം നേടേണ്ടതാണെന്നും മനസ്സിലാക്കി അത് പിന്‍പറ്റുന്നവര്‍ മാത്രമേ ഇന്ന് സന്മാര്‍ഗത്തിലാവുകയുള്ളൂ. അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് അര്‍ഹരായ അവന്‍റെ സൃഷ്ടികള്‍ക്ക് (അവര്‍ ഏത് ജാതി മതസ്ഥരായാലും ശരി) സകാത്തും സ്വദഖഃയും മറ്റു സഹായങ്ങളും നല്‍കണമെന്ന് വിശ്വാസികളോട് പ്രത്യേകം കല്‍പിക്കുകയാണ് ഈ സൂക്തത്തില്‍. അല്ലാഹുവിന്‍റെ സൃഷ്ടികളുടെ ജീവിതഭാരം ഇറക്കിവെക്കുക എന്ന ലക്ഷ്യത്തോടും അല്ലാഹു വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന ബോധത്തോടും കൂടി അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം മോഹിച്ചുകൊണ്ട് ആര്‍ക്ക് എന്ത് നല്‍കുകയാണെങ്കിലും അവര്‍ക്ക് അത് പൂര്‍ണ്ണമായി തിരിച്ചുകൊടുക്കുകയും ഉദ്ദേശ്യമനുസരിച്ച് ഇരട്ടിപ്പിച്ച് കൊടുക്കുകയും ചെയ്യുമെന്ന് 2: 261 ല്‍ പറഞ്ഞിട്ടുണ്ട്.
നിശ്ചയം നീ ഇഷ്ടപ്പെടുന്നവരെ നീ സന്മാര്‍ഗത്തിലേക്കാക്കുന്നില്ല; എന്നാല്‍ അല്ലാ ഹു അവന്‍ ഉദ്ദേശിക്കുന്നവരെ സന്മാര്‍ഗത്തിലേക്കാക്കുന്നു, സന്മാര്‍ഗത്തിലാരാണെന്ന് ഏറ്റവും അറിയുന്നവന്‍ അല്ലാഹു തന്നെയാണ് എന്ന് 28: 56 ല്‍ പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദ് തന്‍റെ വളര്‍ത്തുപിതാവ് അബൂത്വാലിബിന്‍റെ മരണസമയത്ത് അവിടെ ഹാജരാകുകയും മൂന്ന് പ്രാവശ്യം സത്യസാക്ഷ്യം വഹിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ മൂന്നാമത്തെ പ്രാവശ്യം അബൂത്വാലിബ് ചോദിച്ചു: പിതാമഹന്‍ അബ്ദുല്‍ മുത്തലിബിന്‍റെ മതത്തില്‍ വിശ്വസിക്കുന്നുണ്ടോ? പ്രവാചകന്‍ 'ഇല്ല' എന്ന് മറുപടി നല്‍കി. അപ്പോഴാണ് ഈ സൂക്തം അവതരിക്കുന്നത്. അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ക്ക് -അവര്‍ കുടുംബത്തില്‍ നിന്ന് എത്ര അടുത്തവരാണെങ്കിലും (മാതാവ്, പിതാവ് ആരാണെങ്കിലും)ശരി- അവര്‍ നരകത്തിന്‍റെ സഹവാസികളാണെന്ന് വ്യക്തമായതിനുശേഷം അവര്‍ക്കുവേണ്ടി പൊറുക്കലിനെത്തേടാന്‍ പ്രവാചകനോ വിശ്വാസിക്കോ പാടില്ല എന്ന് 9: 113 ല്‍ പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍റെ ജീവിതാവസാനകാലത്ത് (ഹിജ്റ 9-ാം വര്‍ഷം) പ്രവാചകനെ സ്വന്തം മാതാവിന് പൊറുക്കലിനെത്തേടുന്നത് വിലക്കിക്കൊണ്ടാണ് പ്രസ്തുത സൂക്തം അവതരിച്ചിട്ടുള്ളത്. 'മൂസവീ ശരീഅത്ത്' പിന്‍പറ്റി വിശ്വാസിയാവാത്തതിനാല്‍ മാതാവിനുവേണ്ടി പൊറുക്കലിനെത്തേടാന്‍ പാടില്ല എന്ന് സാരം.
പൂര്‍വ്വിക സമുദായത്തില്‍ വേശ്യാവൃത്തി ചെയ്തിരുന്ന ഒരു സ്ത്രീ ദാഹിച്ച് വിശന്ന് മണ്ണുകപ്പുന്ന നായയെ കണ്ടിട്ട് അതിന്‍റെ കാര്യത്തില്‍ അലിവുതോന്നി തന്‍റെ വസ്ത്രം കീറി ഷൂ ഉപയോഗപ്പെടുത്തി കിണറ്റില്‍ നിന്ന് വെള്ളം കോരിക്കൊടുത്ത് അതിനെ കുടിപ്പിച്ചതിനാല്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു എന്നും, ഭക്തി നടിച്ച് നമസ്കരിച്ച് നോമ്പനുഷ്ഠിച്ച് ജീവിച്ചിരുന്ന മറ്റൊരു സ്ത്രീ തന്‍റെ അധീനതയിലുള്ള പൂച്ചക്ക് ഭക്ഷണം നല്‍കാതെയും അല്ലാഹുവിന്‍റെ ഭൂമിയില്‍ ഭക്ഷണം തേടാന്‍ അതിനെ അനുവദിക്കാതെയും കെട്ടിയിട്ട് കൊന്നതിന്‍റെ പേരില്‍ അവള്‍ നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു എന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ലോകര്‍ക്കുമൊത്തം അനുഗ്രഹമായി അയക്കപ്പെട്ട പ്രവാചകന്‍ മുഹമ്മദിന്‍റെ പേരുവെച്ച് പ്രവാചകനെ ജനമധ്യത്തില്‍ ക്രൂരനും കൊള്ളരുതാത്തവനും രക്തം ചിന്തുന്നവനുമായി അവതരിപ്പിക്കുക വഴി ഫുജ്ജാറുകള്‍ അല്ലാഹുവിനെയും പ്രവാചകനെയും ഗ്രന്ഥത്തില്‍ മൂടിവെച്ച് പിശാചിനെ ജീവിപ്പിക്കുന്ന യഥാര്‍ത്ഥ കാഫിറുകളായി മാറിയിരിക്കുകയാണ്. സ്വര്‍ഗം അല്ലെങ്കില്‍ നരകം ഐഹികലോകത്തുവെച്ച് ഓരോ ആത്മാവും സമ്പാദിക്കേണ്ടതാണെന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. 4: 64; 47: 19; 71: 28 സൂക്തങ്ങള്‍ പ്രകാരം സ്വന്തം കുറ്റങ്ങള്‍ക്കും വിശ്വാസികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുറ്റങ്ങള്‍ക്കും പൊറുക്കലിനെത്തേടാന്‍ മാത്രമേ പ്രവാചകനും വിശ്വാസികള്‍ക്കും അനുവാദമുള്ളൂ. 2: 2-5, 119; 5: 48; 64: 16 വിശദീകരണം നോക്കുക.