( അല്‍ ബഖറ ) 2 : 279

فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِنَ اللَّهِ وَرَسُولِهِ ۖ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ

അപ്പോള്‍ നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവില്‍ നിന്നും അവന്‍റെ ദൂതനില്‍ നിന്നുമുള്ള യുദ്ധപ്രഖ്യാപനം കേട്ടുകൊള്ളുവിന്‍, ഇനി നിങ്ങള്‍ ഖേദിച്ചുമടങ്ങുകയാണെങ്കില്‍ നിങ്ങള്‍ അക്രമം പ്രവര്‍ത്തിക്കാതെയും അക്രമിക്കപ്പെടാതെയും നിങ്ങള്‍ക്ക് നിങ്ങളുടെ മൂലധനമുണ്ട്.

വിടവാങ്ങല്‍ ഹജ്ജ് നാളിലാണ് ഈ സൂക്തം അവതരിപ്പിച്ചുകൊണ്ട് പലിശ പൂര്‍ണ്ണമായി നിരോധിച്ചത്. പ്രവാചകന്‍ മുഹമ്മദ് തന്‍റെ പിതൃവ്യനായ അബ്ബാസിന് കിട്ടാനുള്ള പലിശയാണ് ആദ്യം നിരോധിച്ചുകൊണ്ട് വിളംബരം ചെയ്തത്. 3: 130 ല്‍, ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ പലിശ ഇരട്ടിപ്പിച്ച് തിന്നരുത്, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക -നിങ്ങള്‍ വിജയം വരിക്കുന്നവരാകണം എന്നതിന് വേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്. ജൂതര്‍ അവരോട് വിരോധിക്കപ്പെട്ടിരുന്ന പലിശ വാങ്ങുകയും ജനങ്ങളുടെ ധനം അവിഹിതമായി തിന്നുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് ജനങ്ങളെ ധാരാളമായി തടയുകയും ചെയ്ത് അക്രമികളായതുകൊണ്ട് അവര്‍ക്ക് അനുവദനീയമായിരുന്ന പരിശുദ്ധമായ പല ഭക്ഷണങ്ങളും അവരുടെ കരങ്ങളാല്‍ തന്നെ അല്ലാഹു നിഷിദ്ധമാക്കുകയുണ്ടായി എന്നും, ഇത്തരം കാഫിറുകള്‍ക്ക് വേദനാജനകമായ ശിക്ഷയാണ് ഒരുക്കിവെച്ചിട്ടുള്ളത് എന്നും 4: 160-161 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

ഇന്ന് എല്ലാ തിന്മകളിലും മുന്നേറിക്കൊണ്ടിരിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പലിശ ഇടപാടുകളിലും മുന്‍പന്തിയിലുണ്ട്. ഇതര ജനവിഭാഗങ്ങള്‍ മിതമായ ബാങ്ക് പലിശ വാങ്ങുന്നവരാണെങ്കില്‍ ഇക്കൂട്ടര്‍ ബ്ലേഡ് പലിശ വാങ്ങുന്നവരും കൊടുക്കുന്നവരുമായി അധഃപതിച്ചിരിക്കുന്നു. ഇന്ന് ജനങ്ങളെ കൊന്നുതിന്നുന്ന മയക്കുമരുന്ന് കച്ചവടം, കള്ളക്കടത്ത്, പൂഴ്ത്തിവെപ്പ്, കുഴല്‍പ്പണം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളിലും ജനങ്ങളുടെ ധനം അവിഹിതമായി തിന്നുന്ന അന്ധവിശ്വാസാചാരങ്ങളിലുമെല്ലാം ഏറ്റവും കൂടുതല്‍ മുഴുകിയിരിക്കുന്നത് ഇക്കൂട്ടര്‍ തന്നെയാണ്. പ്രകാശമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതെ ഇരുട്ടില്‍ കഴിയുന്നവരായതിനാല്‍ സിദ്ധന്മാരുടെയും പുരോഹിതന്മാരുടെയും ചൂഷണത്തിന് ഏറ്റവും കൂടുതല്‍ വിധേയരാകുന്നതും ഈ കെട്ടജനത തന്നെയാണ്. 'നിങ്ങള്‍ അക്രമിക്കാതെയും അക്രമിക്കപ്പെടാതെയും' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് നഷ്ടപ്പെടാത്ത വിധം, എന്നാല്‍ തരാനുള്ളവനെ ബുദ്ധിമുട്ടിക്കാതെ നല്ല നിലക്ക് ക്രമേണ അവനില്‍ നിന്ന് വാങ്ങാവുന്നതാണ് എന്നും മുന്‍കാലങ്ങളില്‍ പലിശ വാങ്ങിയതിന് അല്ലാഹുവിനോട് പൊറുക്കലിനെ തേടണമെന്നുമാണ്. 2: 188; 9: 23-24, 34 വിശദീകരണം നോക്കുക.