وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَا كَسَبَتْ وَهُمْ لَا يُظْلَمُونَ
നിങ്ങള്‍ അല്ലാഹുവിലേക്ക് മടക്കപ്പെടുന്ന ഒരു ദിനത്തെ സൂക്ഷിക്കുകയും ചെയ്യുക, പിന്നെ എല്ലാ ഓരോ ആത്മാവിനും അത് സമ്പാദിച്ചതിന് പരിപൂര്‍ണ്ണമായി പ്രതിഫലം നല്കപ്പെടുന്നതാണ്, അവര്‍ അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല.
അവസാനമായി അവതരിച്ച പൂര്‍ണ്ണ സൂക്തമായ ഈ സൂക്തം പ്രവാചകന് മരിക്കുന്നതിന്റെ ഒമ്പത് ദിവസം മുമ്പാണ് അവതരിച്ചത്. ജീവിതലക്ഷ്യം മനസ്സിലാക്കി ഇവിടെ വെച്ച് സ്വര്‍ഗം സമ്പാദിച്ച് സമ്പാദിച്ച സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകലാണ് വിശ്വാസിയുടെ മരണം. യഥാര്‍ത്ഥ ജീവിതം ശാശ്വതമായ സ്വര്‍ഗത്തിലാണെന്നും തിരിച്ചുപോകുന്ന ആ ദിനത്തെ എപ്പോഴും ഓര്‍ക്കണമെന്നും അല്ലാഹു മനുഷ്യരെ ഉണര്‍ത്തുകയാണ്. 'ഞങ്ങള്‍ അല്ലാഹുവില്‍ നിന്ന് വന്നവരും അവനിലേക്കുതന്നെ തിരിച്ചുപോകേണ്ടവരുമാണ്' എന്ന് 2: 156 ല്‍ പറഞ്ഞത് മനസാ-വാചാ-കര്‍മ്മണാ പ്രഖ്യാപിക്കുന്ന വിശ്വാസികള്‍ മാത്രമേ ഈ സത്യം ഓര്‍മ്മിക്കുകയും പാലിക്കുകയുമുള്ളൂ. സ്വര്‍ഗം അല്ലെങ്കില്‍ നരകം അവരവര്‍ തന്നെയാണ് സമ്പാദിക്കുന്നതെന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. 3: 25, 161; 6: 160; 10: 47, 54; 16: 111; 23: 62; 39: 69; 45: 22; 46: 19 തുടങ്ങിയ സൂക്തങ്ങളും അവസാനിക്കുന്നത്, 'അവര്‍ അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല' എന്ന ആശയത്തിലാണ്. 2: 286 ല്‍ ഓരോ ആത്മാവിനും അവള് സമ്പാദിച്ചതുണ്ട്, അവള് സമ്പാദിക്കാത്തതുമുണ്ട് എന്ന് പറഞ്ഞതിന്റെ വിവക്ഷ ഗ്രന്ഥം വായിക്കുന്നവരില്‍ ആരാണോ നാലാം ഘട്ടമായ ഇവിടെവെച്ച് സ്വര്‍ഗം സമ്പാദിച്ചത്, അവര്‍ക്ക് സ്വര്‍ഗം ലഭിക്കുന്നതാണ് എന്നും; ജീവിതലക്ഷ്യം നഷ്ടപ്പെട്ട കപടവിശ്വാസികളും അവരുടെ പ്രജ്ഞയറ്റ അനുയായികളും സ്വര്‍ഗം സമ്പാദിക്കാത്തതിനാല് അവര്‍ക്ക് നരകക്കുണ്ഠമാണ് ലഭിക്കുക, അത് അവര്‍ ഇവിടെ ബോധപൂര്‍വം സമ്പാദിക്കുന്നതല്ലെങ്കിലും ശരി എന്നാണ്. 'ദിക്രീ' എന്ന ഗ്രന്ഥം കാണാന്‍ കാഴ്ച ഉപയോഗപ്പെടുത്താത്തവരും കേള്‍ക്കാന്‍ കേള്‍വി ഉപയോഗപ്പെടുത്താത്തവരുമാണ് നരകക്കുണ്ഠത്തിലേക്കുള്ള കാഫിറുകള്‍ എന്ന് 18: 100-101 സൂക്തങ്ങളിലും; അവര്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഏറ്റവും തിന്മയേറിയ ജീവികളാണെന്ന് 8: 22 ലും പറഞ്ഞിട്ടുണ്ട്. 3: 135-136, 185; 9: 67-68, 71-72; 10: 108; 98: 6-7 വിശദീകരണം നോക്കുക.