( അല്‍ ബഖറ ) 2 : 282

يَا أَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنْتُمْ بِدَيْنٍ إِلَىٰ أَجَلٍ مُسَمًّى فَاكْتُبُوهُ ۚ وَلْيَكْتُبْ بَيْنَكُمْ كَاتِبٌ بِالْعَدْلِ ۚ وَلَا يَأْبَ كَاتِبٌ أَنْ يَكْتُبَ كَمَا عَلَّمَهُ اللَّهُ ۚ فَلْيَكْتُبْ وَلْيُمْلِلِ الَّذِي عَلَيْهِ الْحَقُّ وَلْيَتَّقِ اللَّهَ رَبَّهُ وَلَا يَبْخَسْ مِنْهُ شَيْئًا ۚ فَإِنْ كَانَ الَّذِي عَلَيْهِ الْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَنْ يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُ بِالْعَدْلِ ۚ وَاسْتَشْهِدُوا شَهِيدَيْنِ مِنْ رِجَالِكُمْ ۖ فَإِنْ لَمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّنْ تَرْضَوْنَ مِنَ الشُّهَدَاءِ أَنْ تَضِلَّ إِحْدَاهُمَا فَتُذَكِّرَ إِحْدَاهُمَا الْأُخْرَىٰ ۚ وَلَا يَأْبَ الشُّهَدَاءُ إِذَا مَا دُعُوا ۚ وَلَا تَسْأَمُوا أَنْ تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰ أَجَلِهِ ۚ ذَٰلِكُمْ أَقْسَطُ عِنْدَ اللَّهِ وَأَقْوَمُ لِلشَّهَادَةِ وَأَدْنَىٰ أَلَّا تَرْتَابُوا ۖ إِلَّا أَنْ تَكُونَ تِجَارَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا ۗ وَأَشْهِدُوا إِذَا تَبَايَعْتُمْ ۚ وَلَا يُضَارَّ كَاتِبٌ وَلَا شَهِيدٌ ۚ وَإِنْ تَفْعَلُوا فَإِنَّهُ فُسُوقٌ بِكُمْ ۗ وَاتَّقُوا اللَّهَ ۖ وَيُعَلِّمُكُمُ اللَّهُ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ

ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ നിശ്ചിതമായ അവധി വെച്ച് കടമിടപാട് നടത്തുകയാണെങ്കില്‍ നിങ്ങള്‍ അത് എഴുതിവെക്കുക, നീതിപൂര്‍വ്വം ഒരു എഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ അത് എഴുതട്ടെ, ഒരു എഴുത്തുകാരനും അല്ലാഹു അവനെ പഠിപ്പിച്ചതുപോലെ എഴുതാന്‍ വിസമ്മതിക്കരുത്, അപ്പോള്‍ അവന്‍ എഴുതട്ടെ, ആരുടെ മേലിലാണോ ബാധ്യത (കടം വാങ്ങുന്നവന്‍), അവന്‍ വ്യവസ്ഥകള്‍ പറഞ്ഞു കൊടുക്കുകയും ചെയ്യട്ടെ, അവന്‍ തന്‍റെ ഉടമയായ അല്ലാഹുവിനെ സൂക്ഷിക്കുകയും അതില്‍ നിന്ന് ഒന്നും കുറവുവരുത്താതിരിക്കുകയും ചെയ്യട്ടെ, ഇനി കടം വാങ്ങുന്നവന്‍ അവിവേകിയോ ദുര്‍ബ്ബലനോ അല്ലെങ്കില്‍ വ്യവസ്ഥകള്‍ പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അപ്പോള്‍ അവന്‍റെ രക്ഷാധികാരി നീതിപൂര്‍വ്വം പറഞ്ഞുകൊടുക്കട്ടെ, നിങ്ങളില്‍ പെട്ട പുരുഷന്മാരില്‍ നിന്നുള്ള രണ്ട് സാക്ഷികളെ സാക്ഷ്യം വഹിപ്പിക്കുകയും ചെയ്യുക, അപ്പോള്‍ ഇനി സാക്ഷികളായി രണ്ട് പുരുഷന്മാര്‍ ഇല്ലെങ്കില്‍ ഒരു പുരുഷനും സാക്ഷികളായി നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ട് സ്ത്രീകളും സാക്ഷ്യം വഹിക്കട്ടെ -അവരില്‍ രണ്ടിലൊരുവള്‍ തെറ്റിപ്പിക്കപ്പെടുകയാണെങ്കില്‍ മറ്റവളാല്‍ ഓര്‍മ്മിപ്പിക്കപ്പെടുന്നതിന് വേണ്ടിയാണിത്, സാക്ഷികളായി വിളിക്കപ്പെട്ടാല്‍ വിസമ്മതം പ്രകടിപ്പിക്കരുത്, ചെറിയതാണെങ്കിലും വലിയതാണെങ്കിലും അതിന്‍റെ അവധി വരെ അത് രേഖപ്പെടുത്താന്‍ നിങ്ങള്‍ മടിക്കുകയുമരുത്, അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായതും സാക്ഷ്യം നിലനിര്‍ത്തുന്നതിനും നിങ്ങള്‍ സംശയിക്കാതിരിക്കുന്നതിനും നിങ്ങള്‍ക്ക് ഏറ്റവും നല്ലത്, നിങ്ങള്‍ക്കിടയില്‍ റൊക്കമായി സാധാരണ നടക്കുന്ന കച്ചവടമൊഴിച്ച്, അപ്പോള്‍ അത് എഴുതി വെക്കാതിരിക്കുന്നതില്‍ നിങ്ങളുടെമേല്‍ വിരോധമില്ല, എന്നാല്‍ നിങ്ങള്‍ കച്ചവടമിടപാടുകള്‍ നടത്തുമ്പോള്‍ സാക്ഷികളെ നിര്‍ത്തണം, ഒരു സാക്ഷിയോ ഒരു എഴുത്തുകാരനോ ഉപദ്രവിക്കപ്പെടാവുന്നതുമല്ല, നിങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം നിങ്ങളില്‍ കാപട്യമുണ്ട്, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍, അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചു തരികയാ കുന്നു, അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്ന സര്‍വ്വജ്ഞാനിയുമാകുന്നു.

ഈ സൂക്തമാണ് 'ആയത്തുദ്ദൈന്‍' (കടമിടപാടിനെക്കുറിച്ച് പ്രതിപാദിക്കുന്ന സൂക്തം) എന്ന പേരിലറിയപ്പെടുന്ന ഗ്രന്ഥത്തിലെ ഏറ്റവും വലിയ സൂക്തം. അല്ലാഹു പഠിപ്പിച്ചതുപോലെ നീതിപൂര്‍വ്വം എഴുതണം എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, എല്ലാ അറിവുകളും അല്ലാഹുവില്‍ നിന്നുള്ളതാണ് എന്നും അല്ലാഹു എല്ലാം വീക്ഷിക്കുന്നുണ്ട് എന്നും ഒരു ദിവസം അവന്‍റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരുമെന്നുമുള്ള ബോധത്തില്‍ അവന്‍ പഠിപ്പിച്ച ആ അറിവ് അവനെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് മറ്റുള്ള സൃഷ്ടികള്‍ക്ക് ഗുണപ്രദമായ രീതിയില്‍ നീതിപൂര്‍വ്വം ഉപയോഗപ്പെടുത്തണമെന്നാണ്. പണം സ്വീകരിക്കുന്ന ആള്‍ നല്‍കുന്ന ആള്‍ക്ക് അതില്‍ യാതൊരു നഷ്ടവും മനപ്രയാസവും വരാത്ത വിധം പണം തിരിച്ചുകിട്ടാനുള്ള എല്ലാ വ്യവസ്ഥകളും എഴുത്തില്‍ എഴുതാന്‍ പറഞ്ഞുകൊടുക്കണമെന്നാണ് 'അവന്‍ തന്‍റെ ഉടമയായ അല്ലാഹുവിനെ സൂക്ഷിക്കുകയും അതില്‍ നിന്ന് ഒന്നും കുറവ് വരുത്താതിരിക്കുകയും ചെയ്യട്ടെ' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ.

വിശ്വാസികളായ രണ്ട് പുരുഷന്മാരെ സാക്ഷികളായി കിട്ടിയില്ലെങ്കില്‍ ഒരു പുരുഷനെയും നിങ്ങള്‍ തൃപ്തിപ്പെടുന്ന രണ്ട് സ്ത്രീകളെയും സാക്ഷികളാക്കുക എന്ന് പറഞ്ഞതുകൊണ്ട് സാക്ഷി നില്‍ക്കാന്‍ സ്ത്രീകള്‍ വിശ്വാസിനികളാകണമെന്ന ഉപാധിയില്ലെന്നുവരുന്നു. ഒരു പുരുഷന്‍റെ സ്ഥാനത്ത് രണ്ട് സ്ത്രീകളെ സാക്ഷിയായി നിര്‍ത്താന്‍ പറഞ്ഞത് ഒരുവള്‍ തെറ്റിക്കപ്പെടുകയാണെങ്കില്‍ മറ്റവളാല്‍ ഓര്‍മ്മപ്പെടുത്താന്‍ വേണ്ടിയാണ്. പൊതുവെ സ്ത്രീകള്‍ ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും മറ്റുപ്രേരണകള്‍ക്കും വിധേയമായി വശീകരിക്കപ്പെട്ട് സാക്ഷ്യം പറയാതിരിക്കാനോ അല്ലെങ്കില്‍ സാക്ഷ്യം മാറ്റിപ്പറയാനോ ഇടവരാതിരിക്കാന്‍ വേണ്ടിയാണിത്. വിശ്വാസിനികളായ സ്ത്രീകള്‍ ഒരിക്കലും തെറ്റിക്കപ്പെടുകയില്ല തന്നെ. 16: 97 ല്‍, ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ നിങ്ങളില്‍ ആരാണോ വിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നത്, അവരെ നാം ഈ ലോകത്തുതന്നെ പരിശുദ്ധമായ ഒരുജീവിതം നയിപ്പിക്കുകയും പരത്തില്‍ അവരുടെ ഏറ്റവും നല്ല പ്രവര്‍ത്തനം നോക്കി പ്രതിഫലം നല്‍കുകയും ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. 3: 195; 4: 124; 40: 40 തുടങ്ങിയ സൂക്തങ്ങളില്‍ നിന്നെല്ലാം വിശ്വാസിനികളായ സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നും വിശ്വാസിനികളായ സ്ത്രീകള്‍ ഒരിക്കലും വ്യതിചലിപ്പിക്കപ്പെടുകയില്ല എന്നും മനസ്സിലാക്കാം. എന്നാല്‍ 4: 34; 24: 31; 33: 59 എന്നീ സൂക്തങ്ങളുടെ കല്‍പന മാനിച്ച് വിശ്വാസിനികളായ സ്ത്രീകളെ സാക്ഷി നിര്‍ത്തുന്നതിനും മറ്റും പൊതുരംഗത്ത് കൊണ്ടുവരാന്‍ വിശ്വാസിക്ക് പാടില്ല. അതുകൊണ്ടാണ് നിങ്ങള്‍ തൃപ്തിപ്പെടുന്ന രണ്ട് സ്ത്രീകളെ സാക്ഷി നിര്‍ത്തുക എന്ന് പറഞ്ഞത്. 33: 35 വിശദീകരണം നോക്കുക.

ചെറുതോ വലുതോ ആയ കാര്യങ്ങളെല്ലാം തന്നെ എഴുതിവെക്കലാണ് ഭാവിയില്‍ സംശയങ്ങളുണ്ടാകാതിരിക്കാനും സാക്ഷ്യം നിലനിര്‍ത്താനും ഏറ്റവും ന്യായവും നീതിപൂര്‍വ്വകവുമായ മാര്‍ഗം. റൊക്കമായി നടക്കുന്ന സാധാരണ ഇടപാടുകള്‍ എഴുതിവെക്കണമെന്നില്ല, എന്നാല്‍ വിറ്റയാള്‍ അല്ലാഹുവിനെ ഭയപ്പെടാതെ വിറ്റത് നിഷേധിക്കാതിരിക്കാനും വാങ്ങിയ ആള്‍ക്ക് അതില്‍ നഷ്ടം സംഭവിക്കാതിരിക്കാനും, വാങ്ങിയ ആള്‍ പിന്നീട് സാധനം മോശമായിരുന്നു എന്ന് പറയാതിരിക്കാനും മറ്റുകടകളില്‍ നിന്ന് വാങ്ങിയ മോശപ്പെട്ട സാധനങ്ങള്‍ വാങ്ങാത്ത കടയില്‍ കൊണ്ടുപോയി കൊടുത്ത് പണം വാങ്ങുക വഴി പണം കൊടുക്കുന്ന കച്ചവടക്കാരന്‍ കബളിപ്പിക്കപ്പെടാതിരിക്കാനുമെല്ലാം വേണ്ടിയാണ് സാക്ഷ്യം വഹിപ്പിക്കണമെന്ന് പറഞ്ഞത്. സാക്ഷികളെയും എഴുത്തുകാരെയും ബുദ്ധിമുട്ടിക്കുന്ന വിധത്തില്‍ ഇടപാടുകളില്‍ വ്യവസ്ഥകള്‍ പാലിക്കാത്തവര്‍ കപടവിശ്വാസികളും ജീവിതം നഷ്ടപ്പെട്ടവരുമായിത്തീരുമെന്ന് സൂക്തം മുന്നറിയിപ്പ് നല്‍കുന്നു. ഇക്കാലത്ത് സാധനങ്ങളുടെ വിശദവിവരങ്ങളടങ്ങുന്ന ബില്‍, റസീപ്റ്റ്, ചെക്ക് തുടങ്ങിയവ ഈ സാക്ഷികളുടെ സ്ഥാനത്ത് പരിഗണിക്കാവുന്നതാണ്. 

മൂന്നുപേരുടെ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുകയില്ലെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്: 1) ദുസ്വഭാവിയായ ഭാര്യയെ വിവാഹമോചനം ചെയ്യാതെ നിലനിര്‍ത്തുന്നവന്‍. 2) ഈ സൂക്തത്തെ അവഗണിച്ചുകൊണ്ട് കടമിടപാടുകള്‍ എഴുതി വെക്കാത്തവന്‍. 3) പ്രായപൂര്‍ത്തിയായി പക്വത പ്രാപിക്കുന്നതിനുമുമ്പ് അനാഥകള്‍ക്ക് അവരുടെ സ്വത്ത് തിരിച്ചുനല്‍കി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാകുന്നവന്‍. ഈ സൂക്തം പരിഗണിച്ച് കടം വാങ്ങലും കൊടുക്കലും ഇസ്ലാമില്‍ ഇബാദത്താണ്. കടക്കാരനായ അവസ്ഥയില്‍ മരിക്കുകയാണെങ്കില്‍ അവരുടെ അനന്തരാവകാശം ഭാഗിക്കുന്നതിനുമുമ്പ് അവന്‍റെ കടവും വസ്വിയ്യത്തും വീട്ടണമെന്ന് 4: 12 ല്‍ വിവരിച്ചിട്ടുണ്ട്. 2: 234, 239 വിശദീകരണം നോക്കുക.