وَإِنْ كُنْتُمْ عَلَىٰ سَفَرٍ وَلَمْ تَجِدُوا كَاتِبًا فَرِهَانٌ مَقْبُوضَةٌ ۖ فَإِنْ أَمِنَ بَعْضُكُمْ بَعْضًا فَلْيُؤَدِّ الَّذِي اؤْتُمِنَ أَمَانَتَهُ وَلْيَتَّقِ اللَّهَ رَبَّهُ ۗ وَلَا تَكْتُمُوا الشَّهَادَةَ ۚ وَمَنْ يَكْتُمْهَا فَإِنَّهُ آثِمٌ قَلْبُهُ ۗ وَاللَّهُ بِمَا تَعْمَلُونَ عَلِيمٌ
നിങ്ങള്‍ യാത്രയിലായിരിക്കുകയും കടപ്പത്രമെഴുതാന് എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കില്‍ അപ്പോള്‍ ഒരു പണയം സ്വീകരിച്ച് ഇടപാട് നടത്തുക, അങ്ങനെ നിങ്ങള്‍ പരസ്പരം വിശ്വസിച്ച് എന്തെങ്കിലും അമാനത്ത് ഏല്‍പ്പിച്ചാല്‍ അപ്പോള്‍ ആ അമാനത്ത് ഏറ്റെടുത്തവന് അത് ഏല്പ്പിച്ചവന് തിരിച്ചു നല്‍കേണ്ടതാകുന്നു, അവന് തന്റെ ഉടമയായ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ, സാക്ഷ്യത്തെ നിങ്ങള്‍ മറച്ചു വെക്കുകയുമരുത്, നിങ്ങളില്‍ ആരെങ്കിലും ആ സാക്ഷ്യത്തെ മറച്ചു വെക്കുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം അവന്റെ ഹൃദയത്തില്‍ പാപമാണുള്ളത്, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് ഏറ്റവും അറിയുന്നവന് തന്നെയുമാകുന്നു.
വിജയം വരിക്കുന്ന വിശ്വാസികള്‍ അവരുടെ അമാനത്തുകളും അവരുടെ കരാറുകളും ഉടമ്പടികളുമെല്ലാം മുറുകെപ്പിടിക്കുന്നവരും പാലിക്കുന്നവരുമാണെന്ന് 23: 8; 70: 32 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 4: 58 ല്‍ വിശ്വാസികളെ വിളിച്ച്: അമാനത്ത് അതിന്റെ അവകാശികള്‍ക്ക് തിരിച്ചുനല്‍കണമെന്നും ജനങ്ങള്‍ക്കിടയില്‍ വിധി കല്പിക്കുകയാണെങ്കില് നീതിപൂര്‍വ്വം വിധിക്കണമെന്നും അല്ലാഹു കല്പിച്ചിട്ടുണ്ട്. വിശ്വാസികളേ, നിങ്ങള്‍ അറിവുള്ളവരായിരിക്കെ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും നിങ്ങളുടെ അമാനത്തുകളെയും വഞ്ചിക്കരുത് എന്ന് 8: 27 ലും; നിശ്ചയം അമാനത്ത് അല്ലാഹു ആകാശഭൂമികളുടെയും പര്‍വ്വതങ്ങളുടെയും നേരെ നീട്ടിയെന്നും അവ അത് സ്വീകരിക്കാന്‍ വിസമ്മതിക്കുകയും അതിന്റെ കാര്യത്തില്‍ കിടിലം കൊള്ളുകയും ചെയ്തു, എന്നാല്‍ അക്രമിയും വിഡ്ഢിയുമായ മനുഷ്യന് അത് സ്വീകരിച്ചു എന്ന് 33: 72 ലും പറഞ്ഞിട്ടുണ്ട്. വിശ്വാസം, ഉത്തരവാദിത്തബോധം, നിര്‍ഭയത്വം എന്നെല്ലാമാണ് അമാനത്തുകൊണ്ട് ഉദ്ദേശിക്കുന്നത്. 33: 72 ല്‍ പറഞ്ഞ അമാനത്ത് അദ്ദിക്റാണ്. അത് ആകാശഭൂമികളും പര്‍വ്വ തങ്ങളുമെല്ലാം അതിന്റെ സന്തുലനത്തില്‍ നിലനില്ക്കാനുള്ളതും മൊത്തം മനുഷ്യര്‍ക്കുള്ള അല്ലാഹുവില്‍ നിന്നുള്ള സന്മാര്‍ഗവുമാണ്. ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ ഭേദമന്യേ മനുഷ്യരിലേക്ക് അത് എത്തിച്ചുകൊടുത്ത് ഭൂമിയില്‍ പരസ്പരം രക്തം ചിന്താതെ യും പോരടിക്കാതെയും ഐക്യത്തോടെ നിലകൊണ്ടുകൊണ്ട് അവരവര്‍ക്ക് നിശ്ചയിച്ചി ട്ടുള്ള ജീവിതാവധി പൂര്‍ത്തിയാക്കാന്‍ മനുഷ്യരെ ഉണര്‍ത്തല്‍ വിശ്വാസികളുടെ ബാധ്യതയാണ്. എന്നാല്‍ അമാനത്തായ അദ്ദിക്ര്‍ മൂടിവെച്ച കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന പുരുഷ ന്മാരും സ്ത്രീകളും മനുഷ്യരില്‍ വെച്ച് വിശ്വസിക്കാന്‍ കൊള്ളാത്തവരും അമാനത്തുകള്‍ ഏല്‍പ്പിച്ചാല്‍ മാറ്റങ്ങള്‍ വരുത്താതെ തിരിച്ചുനല്കാത്തവരുമാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇക്കൂട്ടര്‍ തന്നെയാണ് ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും ദുഷിച്ച വരെന്ന് 8: 22; 98: 6 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവരെ ശിക്ഷിക്കാന്‍ വേണ്ടിയും വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ മനസ്സിലാക്കി കഴിഞ്ഞുപോയ കാലങ്ങളില്‍ വന്ന തെറ്റുകുറ്റങ്ങള്‍ നാഥനോട് ഹൃദയം കൊണ്ട് ഏറ്റുപറഞ്ഞ് നാഥനി ലേക്ക് മടങ്ങാന്‍ വേണ്ടിയുമാണ് അല്ലാഹു അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 33: 73 ലും പറഞ്ഞിട്ടുണ്ട്. 3: 75 ല്‍ പ്രവാചകന്റെ കാലത്തുള്ള വേദവാഹകരായ ജൂതന്മാരുടെ സ്വഭാവം ഇപ്രകാരം വിവരിക്കുന്നു: അവരെ വിശ്വസിച്ച് സമ്പത്തിന്റെ ഒരു കൂമ്പാരം ഏല്‍പ്പിച്ചാല്‍ നിനക്ക് അത് തിരിച്ചുതരുന്നവര്‍ അവരിലുണ്ട്, എന്നാല്‍ വിശ്വ സിച്ച് ഒരു ദീനാര്‍ ഏല്‍പ്പിച്ചാല്‍ അത് തുടര്‍ച്ചയായി ചോദിച്ചിട്ടല്ലാതെ തിരിച്ചുതരാത്തവ രും അവരിലുണ്ട്, ആ സ്വഭാവം അവരിലുണ്ടാകാന്‍ കാരണം നിരക്ഷരരുടെ (വേദം അറിയാത്തവരുടെ) കാര്യത്തില്‍ തങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയില്ല എന്ന അവരുടെ ജല്പനം കൊണ്ടും അല്ലാഹുവിനെക്കുറിച്ച് മനഃപൂര്‍വ്വം കളവ് പറഞ്ഞതുകൊണ്ടുമാണ്. ഇന്ന് ഇതര ജനവിഭാഗങ്ങളോട് ഫാജിറുകള്‍ വെച്ചുപുലര്‍ത്തുന്ന നിലപാടും അദ്ദിക്ര്‍ പിന്‍പറ്റുന്നവരോട് തെമ്മാടികളായ കപടവിശ്വാസികള്‍ വെച്ചുപുലര്‍ത്തുന്ന നിലപാടും ഇതുതന്നെയാണ്. 2: 140; 25: 17-18, 29-30; 48: 6 വിശദീകരണം നോക്കുക.