( അല്‍ ബഖറ ) 2 : 284

لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَإِنْ تُبْدُوا مَا فِي أَنْفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُمْ بِهِ اللَّهُ ۖ فَيَغْفِرُ لِمَنْ يَشَاءُ وَيُعَذِّبُ مَنْ يَشَاءُ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ

ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അല്ലാഹുവിനുള്ളതാകുന്നു, നിങ്ങള്‍ നിങ്ങളുടെ സ്വന്തം കാര്യത്തില്‍ എന്തൊന്ന് വെളിപ്പെടുത്തിയാലും അല്ലെങ്കില്‍ മറച്ചു വെച്ചാലും അത് അല്ലാഹു വിചാരണക്ക് കൊണ്ടുവരികതന്നെ ചെയ്യും, അപ്പോള്‍ അവന്‍ ഉദ്ദേശിച്ചവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നു, അവന്‍ ഉദ്ദേശിച്ചവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യുന്നു, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ള സര്‍വ്വശക്തനുമാകുന്നു.

ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ള സര്‍വ്വവസ്തുക്കളുടെയും ആധിപത്യം അല്ലാഹുവിനാകുന്നു, അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാണ് എന്ന് 5: 120 ല്‍ പറഞ്ഞിട്ടുണ്ട്. 31: 16 ല്‍, തത്വജ്ഞാനിയായ ലുഖ്മാന്‍ തന്‍റെ മകനെ ഉപദേശിച്ചുകൊണ്ട് പറയുകയാണ്: എന്‍റെ മകനേ, നിശ്ചയം നീയുമായി ബന്ധപ്പെട്ട ഒരു കാര്യം, അത് കടുകുമണിയോളം ചെറുതാണെങ്കിലും അത് പാറക്കെട്ടുകളുടെ അടുക്കുകള്‍ക്ക് ഇടയിലാണെങ്കിലും അല്ലെങ്കില്‍ ആകാശങ്ങളിലോ ഭൂമിയിലോ എവിടെയാണെങ്കിലും ശരി, അല്ലാഹു അത് വിചാരണക്ക് കൊണ്ടുവരുന്നതാണ്, നിശ്ചയം അല്ലാഹു അതിസൂക്ഷ്മജ്ഞാനിയും എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയുമാകുന്നു. 14: 38 ല്‍, ഞങ്ങളുടെ നാഥാ, നിശ്ചയം നീ ഞങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയുന്നവന്‍ തന്നെയാണ്, അല്ലാഹുവില്‍ നിന്ന് ഭൂമിയിലോ ആകാശങ്ങളിലോ ഒന്നും തന്നെ മറഞ്ഞു നില്‍ക്കുന്നില്ല എന്നും; 3: 5 ല്‍, നിശ്ചയം അല്ലാഹു, അവനില്‍ നിന്ന് ഭൂമിയിലോ ആകാശങ്ങളിലോ ഉള്ള ഒന്നും മറഞ്ഞിരിക്കുന്നില്ല എന്നും പറഞ്ഞിട്ടുണ്ട്. 6: 103 ല്‍, അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: ദൃഷ്ടികള്‍ അവനെ കാണുകയില്ല, എന്നാല്‍ ദൃഷ്ടികളെ അവന്‍ കണ്ടുകൊണ്ടിരിക്കുന്നു, അവന്‍ അതിസൂക്ഷ്മജ്ഞാനിയും എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയുമാകുന്നു. ചുരുക്കത്തില്‍ അല്ലാഹു കാണുന്നില്ല എന്ന ബോധത്തില്‍ ഗ്രന്ഥത്തിലെ ഒരു പദം ന്യായീകരിക്കാത്ത ഏത് പ്രവൃത്തി എവിടെ വെച്ച് എപ്പോള്‍ ചെയ്താലും അത് വിചാരണക്ക് കൊണ്ടുവരുന്നതാണ്. ആ അന്ത്യമണിക്കൂര്‍ ഞങ്ങള്‍ക്ക് വരിക തന്നെയില്ല എന്ന് കാഫിറുകളായിട്ടുള്ളവര്‍ പറയുകയും ചെയ്യുന്നു; പറയുക: അദൃശ്യകാര്യങ്ങള്‍ അറിയുന്ന എന്‍റെ നാഥന്‍ തന്നെയാണ് സത്യം, നിങ്ങള്‍ക്ക് അത് വന്നെത്തുക തന്നെ ചെയ്യും! ആകാശങ്ങളിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുമണി തൂക്കം അവനെത്തൊട്ട് മറഞ്ഞുനില്‍ക്കുന്നില്ല, അതിനേക്കാള്‍ ചെറുതോ വലുതോ ആയ ഒന്നുമില്ല -ഒരു വ്യക്തമായ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടല്ലാതെ എന്ന് 34: 3 ലും; വിധിദിവസം അവരവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖ പ്രകാശിക്കുന്ന ഗ്രന്ഥമായി പുറത്തെടുത്ത് കൊടുത്ത് ഓരോരുത്തരും വായിച്ചാണ് ഓരോരുത്തരുടെയും വിചാരണ നടത്തുക എന്ന് 17: 13-14 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. ഓരോരുത്തരുടെയും വിധി നിശ്ചയിച്ച് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവര്‍ക്ക് തിന്മകളൊന്നും ബാധിക്കുകയില്ല. അവര്‍ കഴിഞ്ഞുപോയ തെറ്റുകുറ്റങ്ങള്‍ പൊറുത്ത് കിട്ടുന്നതിനുവേണ്ടി ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകര്‍ക്ക് പ്രത്യേകിച്ച് അത് കിട്ടാത്ത പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിച്ചുകൊണ്ടിരിക്കുന്നതാണ്. കൂടാതെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങളുടെ ക്ഷേമം ലക്ഷ്യം വെച്ചുകൊണ്ട് ജൈവകൃഷി ചെയ്യുകയും മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതാണ്. അതുവഴി ജീവജാലങ്ങള്‍ നാഥനെ വാഴ്ത്തുകയും പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ പുണ്യം അവര്‍ക്ക് ലഭിക്കുന്നതാണ്. 2: 255, 272; 6: 59; 9: 51; 35: 31 വിശദീകരണം നോക്കുക.