( അല്‍ ബഖറ ) 2 : 33

قَالَ يَا آدَمُ أَنْبِئْهُمْ بِأَسْمَائِهِمْ ۖ فَلَمَّا أَنْبَأَهُمْ بِأَسْمَائِهِمْ قَالَ أَلَمْ أَقُلْ لَكُمْ إِنِّي أَعْلَمُ غَيْبَ السَّمَاوَاتِ وَالْأَرْضِ وَأَعْلَمُ مَا تُبْدُونَ وَمَا كُنْتُمْ تَكْتُمُونَ

അവന്‍ പറഞ്ഞു: ഓ ആദം! അവയുടെ പേരുകള്‍ നീ അവര്‍ക്ക് പറഞ്ഞുകൊടുക്കുക, അങ്ങനെ ആ പേരുകളെല്ലാം അവരെ ഉണര്‍ത്തിയപ്പോള്‍ അവന്‍ ചോദിച്ചു: നിശ്ചയം ഞാന്‍ ആകാശങ്ങളിലെയും ഭൂമിയിലെയും മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവനും നിങ്ങള്‍ വെളിവാക്കുന്നതും നിങ്ങള്‍ മൂടിവെച്ചുകൊണ്ടിരിക്കുന്നതും അറിയുന്നവനുമാണെന്ന് നിങ്ങളോട് പറഞ്ഞിട്ടില്ലെയോ?

ആദമിന് എല്ലാ വസ്തുക്കളുടെയും പേരുകള്‍ പഠിപ്പിച്ചു എന്നുപറഞ്ഞതിന്‍റെ വിവക്ഷ എല്ലാ കാര്യങ്ങളും അടങ്ങിയ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ പഠിപ്പിച്ചു എന്നാണ്. പ്രപഞ്ചത്തിന്‍റെ 'സോഫ്റ്റ്വെയറാ'യ അദ്ദിക്ര്‍ പഠിപ്പിക്കപ്പെട്ടതുവഴിയാണ് മനുഷ്യന് മലക്കുകളെക്കാളും ഉന്നതമായ പദവി ലഭിച്ചതും അങ്ങനെ മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിന്‍റെ കാര്യത്തില്‍ അല്ലാഹു അവനെ സന്മാര്‍ഗത്തിലേക്കോ ദുര്‍മാര്‍ഗത്തിലേക്കോ നയിക്കാത്ത നിഷ്പക്ഷവാനായതും. 45: 13; 55: 1-4 വിശദീകരണം നോക്കുക. മനുഷ്യനെ ഏറ്റവും നല്ല കലണ്ടറില്‍ അഥവാ രൂപത്തില്‍ (അല്ലാഹുവിന്‍റെ ഛായയില്‍) ആണ് സൃഷ്ടിച്ചിട്ടുള്ളത്, പിന്നെ അവനെ അധമരില്‍ അധമനാക്കി, നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളാവുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരൊഴികെ എന്ന് 95: 4-6 സൂക്തങ്ങളിലും; നിശ്ചയം നാം ആദംസന്തതികളെ ആദരിച്ചിട്ടുണ്ട്, അവരെ നാം കരയിലും കടലിലും വഹിപ്പിക്കുകയും പരിശുദ്ധമായ ഭക്ഷണവിഭവങ്ങളില്‍ നിന്ന് അവര്‍ക്ക് നല്‍കുകയും നാം സൃഷ്ടിച്ച അധിക സൃഷ്ടികളേക്കാളും അവര്‍ക്ക് നാം ശ്രേഷ്ഠത നല്‍കുകയും ചെയ്തിട്ടുണ്ട് എന്ന് 17: 70 ലും പറഞ്ഞിട്ടുണ്ട്. 64: 2-3 സൂക്തങ്ങളില്‍, അവനാണ് നിങ്ങളെ സൃഷ്ടിച്ചത്, അപ്പോള്‍ നിങ്ങളില്‍ കാഫിറുണ്ട്, നിങ്ങളില്‍ വിശ്വാസിയുമുണ്ട്, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്.

മലക്കുകളിലെ ഓരോ വിഭാഗത്തിനും അല്ലാഹു അവരവര്‍ക്ക് അറിയിച്ച് കൊടുക്കുന്ന അറിവ് മാത്രമേയുള്ളൂ. ജിന്നുകള്‍ മുഴുവന്‍ നാശകാരികളായി മാറുകയും മലക്കുകളാല്‍ അവര്‍ ഒന്നടങ്കം നശിപ്പിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് അവര്‍ 'കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കാന്‍ പോകുന്നത്' എന്ന് ചോദിച്ചത്. ഒളിഞ്ഞതും തെളിഞ്ഞതുമായ കാര്യങ്ങള്‍ അറിയുന്നവന്‍ ത്രികാലജ്ഞാനിയായ അല്ലാഹു മാത്രമാണ്. അതാണ് അവന്‍റെ 'ത്രികാലജ്ഞാനി', 'എല്ലാം വലയം ചെയ്തവന്‍' എന്നീ ഗുണനാമങ്ങള്‍ പഠിപ്പിക്കുന്നത്. അവനെക്കുറിച്ച് അജയ്യഗ്രന്ഥമായ അദ്ദിക്റിന്‍റെ രചയിതാവായ ത്രികാലജ്ഞാനിയോട് ചോദിക്കാനാണ് 25: 59 ലൂടെ പ്രവാചകനോടും അതുവഴി വിശ്വാസിയോടും കല്‍പിച്ചിട്ടുള്ളത്. 2: 24-25, 38-39, 62 വിശദീകരണം നോക്കുക.