يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَنِّي فَضَّلْتُكُمْ عَلَى الْعَالَمِينَ
ഓ ഇസ്റാഈല്‍ സന്തതികളേ! ഞാന്‍ നിങ്ങളുടെമേല്‍ വര്‍ഷിച്ചിട്ടുള്ളതായ എന്‍റെ അനുഗ്രഹങ്ങളും, നിശ്ചയം നിങ്ങളെ ഞാന്‍ സര്‍വ്വലോകരുടെമേല്‍ ശ്രേഷ്ഠരാക്കിയതും നിങ്ങള്‍ സ്മരിക്കുവീന്‍!
ഈ സൂക്തം 2: 122 ല്‍ ആവര്‍ത്തിച്ചിട്ടുണ്ട്. അല്ലാഹു ഇസ്റാഈല്‍ സന്തതികള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ തുടര്‍ന്നുള്ള സൂക്തങ്ങളില്‍ വിവരിക്കുന്നുണ്ട്. ഗ്രന്ഥത്തില്‍ പേരെടുത്തുപറഞ്ഞ ഇരുപത്തിയഞ്ച് നബിമാരില്‍ പകുതിയിലധികവും ഉലുല്‍ അസ്മുകളില്‍ (സ്ഥൈര്യചിത്തരില്‍) പെട്ട അഞ്ച് പ്രവാചകന്മാരായ മുഹമ്മദ്, ഇബ്റാഹീം, നൂഹ്, മൂസാ, ഈസാ എന്നിവരില്‍ മൂസാ, ഈസാ എന്നീ രണ്ടുപ്രവാചകന്മാരും ഇസ്റാഈല്‍ സന്തതികളിലാണ് വന്നിട്ടുള്ളത്. ലോകത്ത് മറ്റാര്‍ക്കും നല്‍കപ്പെടാത്ത പ്രഭാവവും പ്രൗഢിയും രാജാധിപത്യവും നല്‍കപ്പെട്ട ദാവൂദും സുലൈമാനും ഇസ്റാഈല്‍ സന്തതികളില്‍ പെട്ടവരാണ്. മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെടുന്നതിനുമുമ്പ് ലോകത്തിന്‍റെ തന്നെ നേതൃത്വം ഇസ്റാഈല്‍ സന്തതികളുടെ കൈകളിലായിരുന്നു. ഇതെല്ലാം അവര്‍ക്ക് മറ്റുള്ളവരെക്കാളുള്ള ശ്രേഷ്ഠതകളാണ്.