فَبَدَّلَ الَّذِينَ ظَلَمُوا قَوْلًا غَيْرَ الَّذِي قِيلَ لَهُمْ فَأَنْزَلْنَا عَلَى الَّذِينَ ظَلَمُوا رِجْزًا مِنَ السَّمَاءِ بِمَا كَانُوا يَفْسُقُونَ
അപ്പോള്‍ അക്രമികളായ അവര്‍ വാക്കിനെ അവരോട് പറയപ്പെട്ടിട്ടില്ലാത്ത ഒന്നാക്കി മാറ്റിമറിച്ചു, അപ്പോള്‍ നാം ആ അക്രമികളായവരുടെമേല്‍ ആകാശത്തുനിന്നും ദണ്ഡനമിറക്കി -അവര്‍ തെമ്മാടികളായിരുന്നതുകൊണ്ട്.
ഇസ്റാഈല്‍ സന്തതികളുടെ വാഗ്ദത്തഭൂമിയായ ഫലസ്തീനില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായി അവരില്‍ നിന്നുള്ള പന്ത്രണ്ട് പ്രമുഖരെ ആ പ്രദേശം നിരീക്ഷിക്കാന്‍ വേണ്ടി പറഞ്ഞയക്കുകയുണ്ടായി. തിരിച്ചുവന്ന അവരില്‍ നിന്നുള്ള രണ്ടുപേരൊഴിച്ച് ബാക്കിയുള്ളവര്‍ പറഞ്ഞത്: 'നിശ്ചയം ആ നാട്ടിലുള്ളത് മല്ലന്മാരായ ഒരു ജനതയാണ്, അവര്‍ അവിടെയുള്ള കാലത്തോളം ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല, അവര്‍ അവിടെ നിന്ന് പോവുകയാണെങ്കില്‍ ഞങ്ങള്‍ അവിടെ പ്രവേശിച്ചുകൊള്ളാം' എന്നാണ്. അപ്പോള്‍ അവരില്‍ നിന്നുള്ള അല്ലാഹുവിനെ ഭയപ്പെടുന്ന രണ്ടുപേര്‍ പറഞ്ഞു: 'നിങ്ങള്‍ അവിടെ പ്രവേശിക്കുകയാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് അതിജയിക്കുക, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവിന്‍റെ മേലാണ് നിങ്ങള്‍ ഭരമേല്‍പ്പിക്കേണ്ടത്'. അപ്പോള്‍ അവര്‍ പറഞ്ഞു: 'അവര്‍ അവിടെയുള്ള കാലത്തോളം ഞങ്ങള്‍ ഒരിക്കലും അവിടെ പ്രവേശിക്കുകയില്ല, മൂസാ! നീയും നിന്‍റെ നാഥനും പോയി യുദ്ധം ചെയ്യുക, ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്'. അപ്പോള്‍ മൂസാ പറഞ്ഞു: 'എന്‍റെ നാഥാ! എനിക്ക് എന്‍റെയും സഹോദരന്റെയും കാര്യത്തില്‍ മാത്രമേ സ്വാധീനമുള്ളൂ, അപ്പോള്‍ ഞങ്ങള്‍ക്കും തെമ്മാടികളായ ഈ ജനതക്കുമിടയില്‍ നീ വേര്‍തിരിവുണ്ടാക്കിയാലും' അല്ലാഹു പറഞ്ഞു: 'ആ നാട് നാല്‍പത് വര്‍ഷത്തേക്ക് അവര്‍ക്ക് നിഷിദ്ധമാണ്, അവര്‍ ഭൂമിയില്‍ അലഞ്ഞുതിരിഞ്ഞ് പിടിവള്ളിയില്ലാതെ (ആസ്ഥാനമില്ലാതെ) നടക്കുന്നതാണ്, അതുകൊണ്ട് തെമ്മാടികളായ ഈ ജനതയുടെമേല്‍ നീ ദുഃഖിക്കേണ്ടതില്ല' എന്ന് 5: 20-26 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
വാക്കിനെ അവരോട് പറയപ്പെട്ടിട്ടില്ലാത്ത ഒന്നാക്കി മാറ്റിമറിച്ചു എന്ന് പറഞ്ഞതിന്റെ വിവക്ഷ, അവര്‍ ആ നാട്ടില്‍ പ്രവേശിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്നും ലഭിച്ച സന്മാര്‍ഗം ഉപയോഗപ്പെടുത്തി സമാധാനത്തോടും സഹവര്‍ത്തിത്വത്തോടും കൂടി അല്ലാഹു നിശ്ചയിച്ച കാലം നമുക്ക് ഇവിടെ കഴിച്ചുകൂട്ടാം എന്ന് പറയുന്നതിനുപകരം, അതികായകന്മാരായ അമാലിക്കുകളെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ സ്വയം നിസ്സാരന്മാരായി കാണുകയും ആത്മാവിനെ പരിഗണിക്കാതെ ഭീരുത്വം പ്രകടിപ്പിച്ചുകൊണ്ട് നീയും നിന്‍റെ നാഥനും പോയി യുദ്ധം ചെയ്യുക എന്ന് മൂസായോട് പറയുകയുമാണുണ്ടായത്. അപ്പോള്‍ ആകാശത്തുനിന്നും അല്ലാഹു പ്ലേഗ് പോലുള്ള പകര്‍ച്ചവ്യാധികള്‍ ഇറക്കി അവരെ ശിക്ഷിച്ചു.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ 3: 96-97; 5: 97 സൂക്തങ്ങളുടെ കല്‍പന ധിക്കരിച്ചുകൊണ്ട് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളെ കാഫിറുകളെന്ന് മുദ്രകുത്തി മക്കയിലുള്ള കഅ്ബയിലേക്ക് പ്രവേശനം വിലക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇത്തരം ഫുജ്ജാറുകളാണ് 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍. മക്ക-മദീന പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഇജാസില്‍ നീതിമാനായ മഹ്ദി വരുന്നതോടുകൂടി അവിടെയുള്ള കാഫിറുകളെല്ലാം പുറത്താക്കപ്പെടുന്നതും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ലൈംഗിക ബന്ധമില്ലാതെ ദൈവസ്മരണയില്‍ നിലകൊള്ളുന്ന സന്യാസി-സന്യാസിനികളെയെല്ലാം അവിടേക്ക് വേര്‍തിരിക്കുന്നതുമാണ്. ശേഷം 9: 67-68 സൂക്തങ്ങളില്‍ പറഞ്ഞ തെമ്മാടികളായ കപടവിശ്വാസികള്‍ക്കും കുഫ്ഫാറുകള്‍ക്കും അവിടേക്ക് പ്രവേശനം വിലക്കപ്പെടുന്നതുമാണ്. 5: 44, 45, 47; 9: 28; 10: 33 വിശദീകരണം നോക്കുക.