( അല്‍ ബഖറ ) 2 : 80

وَقَالُوا لَنْ تَمَسَّنَا النَّارُ إِلَّا أَيَّامًا مَعْدُودَةً ۚ قُلْ أَتَّخَذْتُمْ عِنْدَ اللَّهِ عَهْدًا فَلَنْ يُخْلِفَ اللَّهُ عَهْدَهُ ۖ أَمْ تَقُولُونَ عَلَى اللَّهِ مَا لَا تَعْلَمُونَ

അവര്‍ പറയുകയും ചെയ്യുന്നു: എണ്ണപ്പെട്ട നാളുകളല്ലാതെ നരകം ഒരിക്കലും ഞങ്ങളെ സ്പര്‍ശിക്കുകയില്ല തന്നെ; നീ ചോദിക്കുക: നിങ്ങള്‍ അല്ലാഹുവിന്‍റെ പക്കല്‍ നിന്ന് വല്ല ഉടമ്പടിയും വാങ്ങിയിട്ടുണ്ടോ, അപ്പോള്‍ അല്ലാഹു അവന്‍റെ ഉടമ്പടി ഒരിക്കലും ലംഘിക്കുകയില്ല, അതോ നിങ്ങള്‍ അല്ലാഹുവിന്‍റെ മേല്‍ നിങ്ങള്‍ക്ക് അറിയാത്തത് പറഞ്ഞുകൊണ്ടിരിക്കുകയാണോ?

പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന ജൂതന്മാര്‍ അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാരും സ്വര്‍ഗത്തിലേക്കുള്ളവരുമാണെന്ന് അഭിമാനം കൊണ്ടിരുന്നു. അഥവാ നരകത്തില്‍ പ്രവേശിച്ചാല്‍ തന്നെ പശുവിനെ ആരാധിച്ച നാല്‍പത് നാളുകളല്ലാതെ നരകത്തില്‍ കിടക്കേണ്ടി വരികയില്ലെന്ന് ഊറ്റം കൊള്ളുകയും ചെയ്തിരുന്നു. ഈ സൂക്തത്തില്‍ പറഞ്ഞ 'എണ്ണപ്പെട്ട നാളുകള്‍' കൊണ്ട് ഉദ്ദേശിക്കുന്നത് നാല്‍പത് നാളുകളും; 2: 184 ല്‍ പറഞ്ഞ 'എണ്ണപ്പെട്ട നാളുകള്‍' കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു മാസവും; 2: 203 ല്‍ പറഞ്ഞ 'എണ്ണപ്പെട്ട നാളുകള്‍' കൊണ്ട് ഉദ്ദേശിക്കുന്നത് രണ്ടോ അല്ലെങ്കില്‍ മൂന്നോ ദിവസവുമാണ്. യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ ഒരു വിഭാഗം എണ്ണപ്പെട്ട നാളുകള്‍ കൊണ്ട് ഉദ്ദേശിച്ചത് രണ്ടോ മൂന്നോ ദിവസങ്ങളാണെന്ന് പറഞ്ഞുകൊണ്ട് 2: 183-185 സൂക്തങ്ങളിലൂടെ വിശ്വാസികളോട് കല്‍പിച്ചിട്ടുള്ള റമളാനിലെ ഒരു മാസത്തിലെ വ്രതം രണ്ടോ മൂന്നോ ദിവസങ്ങളില്‍ അനുഷ്ഠിച്ചാല്‍ മതി എന്നാക്കി 15: 90 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥത്തെ ഭാഗം വെച്ചവരായിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിനെക്കുറിച്ച് യഥാര്‍ത്ഥ ജ്ഞാനമില്ലാതെ സംസാരിച്ചിരുന്നതുകൊണ്ടും സൂക്തങ്ങളെത്തൊട്ട് എല്ലാം തികഞ്ഞവരാണെന്ന് അഹങ്കരിച്ചിരുന്നതുകൊണ്ടും നിങ്ങള്‍ ശിക്ഷ ആസ്വദിച്ചുകൊള്ളുക എന്നുപറഞ്ഞ് മരണസമയത്ത് അക്രമികളായ കപടവിശ്വാസികളെയും പ്രജ്ഞയറ്റ അനുയായികളെയും നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ് എന്ന് 6: 93-94 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

അറിവില്ലാത്ത ഏതൊരു കാര്യവും ചോദിക്കേണ്ടത് എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അജയ്യഗ്രന്ഥമായ അദ്ദിക്റിന്‍റെ രചയിതാവായ ത്രികാലജ്ഞാനിയോടാണ് എന്ന് ഫുജ്ജാറുകള്‍ 16: 44; 21: 7; 25: 59 സൂക്തങ്ങളില്‍ വായിക്കുന്നവരാണ്. എന്നാല്‍ 7: 26 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയ അവര്‍ അതിനെ സ്വയം ഉപയോഗപ്പെടുത്തുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയും ചെയ്യാതെ അവരെത്തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവരോട് 'ഓ ഭ്രാന്തന്മാരേ! നിങ്ങള്‍ വിശ്വാസികളുടെ ഭാഗത്തുനിന്ന് മാറി നില്‍ക്കുക. 'നിങ്ങള്‍ പിശാചിനെ സേവിക്കരുത്; നിങ്ങള്‍ എന്നെ മാത്രം സേവിക്കുക, അതാണ് നേരെച്ചൊവ്വെയുള്ള പാത' എന്ന് നിങ്ങളില്‍ നിന്ന് ഉടമ്പടി വാങ്ങിയിരുന്നില്ലേ എന്ന് വിധിദിവസം ചോദിക്കുന്ന രംഗം 36: 59-62 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 7: 172 ല്‍ പറഞ്ഞ സ്വര്‍ഗത്തില്‍ വെച്ച് എല്ലാവരും ചെയ്ത പ്രസ്തുത ഉടമ്പടി പാലിച്ച് ഇവിടെ ജീവിക്കാത്ത ഇക്കൂട്ടരെ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ബധിരരും ഊമകളുമായ ദുഷ്ടജീവികള്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. മാലിന്യമായ അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് 9: 28, 95, 125 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 2: 8-9, 26-27, 94-95; 9: 32-33 വിശദീകരണം നോക്കുക.