( അല്‍ ബഖറ ) 2 : 87

وَلَقَدْ آتَيْنَا مُوسَى الْكِتَابَ وَقَفَّيْنَا مِنْ بَعْدِهِ بِالرُّسُلِ ۖ وَآتَيْنَا عِيسَى ابْنَ مَرْيَمَ الْبَيِّنَاتِ وَأَيَّدْنَاهُ بِرُوحِ الْقُدُسِ ۗ أَفَكُلَّمَا جَاءَكُمْ رَسُولٌ بِمَا لَا تَهْوَىٰ أَنْفُسُكُمُ اسْتَكْبَرْتُمْ فَفَرِيقًا كَذَّبْتُمْ وَفَرِيقًا تَقْتُلُونَ

നിശ്ചയം മൂസാക്ക് നാം ഗ്രന്ഥം നല്‍കിയിട്ടുണ്ട്, അവനുശേഷം പ്രവാചകന്മാരെ നാം പിന്തുടര്‍ന്ന് അയക്കുകയും ചെയ്തിട്ടുണ്ട്, മര്‍യമിന്‍റെ പുത്രന്‍ ഈസാക്ക് നാം വ്യക്തമായ തെളിവുകള്‍ നല്‍കുകയും പരിശുദ്ധാത്മാവുകൊണ്ട് അവനെ നാം ശക്തിപ്പെടുത്തുകയും ചെയ്തു, നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിരുദ്ധമായിക്കൊണ്ടുള്ള ഏതൊരു പ്രവാചകന്‍ നിങ്ങളിലേക്ക് വന്നപ്പോഴും നിങ്ങള്‍ അഹങ്കരിച്ചു, അങ്ങനെ ചിലരെ നിങ്ങള്‍ തള്ളിപ്പറഞ്ഞു, മറ്റു ചിലരെ നിങ്ങള്‍ കൊന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഈ സൂക്തം അഭിസംബോധനം ചെയ്യുന്നത് പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന ജൂതരെയും ക്രൈസ്തവരെയുമാണ്. 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിക്കപ്പെട്ടത് 16: 43-44; 21: 24; 41: 43 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം സത്യവും തെളിവുമായ അദ്ദിക്ര്‍ തന്നെയാണ്. എന്നാല്‍ മൂസാക്ക് ശേഷം ഗ്രന്ഥത്തില്‍ ഭിന്നിച്ച് ജൂതര്‍ വിവിധ വിഭാഗങ്ങളായി പിരിഞ്ഞു. അപ്പോള്‍ ഗ്രന്ഥവും തെളിവുകളും കൊണ്ട് ഈസായെ അവരിലേക്ക് നിയോഗിച്ചു. എന്നാല്‍ ഈസാ കൊണ്ടുവന്ന ഗ്രന്ഥം അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഈസായെയും ഈസാ കൊണ്ടുവന്ന സന്ദേശത്തെയും തള്ളിപ്പറയുകയും അവര്‍ ഈസായെ ക്രൂശിച്ച് കൊന്നുവെന്ന് ഘോഷിക്കുകയുമാണുണ്ടായത്. എന്നാല്‍ 4: 157-158 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ക്ക് ഈസായെ ക്രൂശിക്കാനോ വധിക്കാനോ സാധിച്ചിട്ടില്ല, അല്ലാഹു ഈസായെ അവനിലേക്ക് ഉയര്‍ത്തുകയാണുണ്ടായത്. 5: 11 ല്‍ വിവരിച്ച പ്രകാരം മദീനയിലെ ഒരുവിഭാഗം ജൂതന്മാര്‍ പ്രവാചകന്‍ മുഹമ്മദിനെ വധിക്കാന്‍ ഉദ്യമിക്കുകയുണ്ടായി. അപ്രകാരം മുന്‍കാലത്ത് ജൂതന്മാര്‍ നബിമാരില്‍ പലരെയും വധിക്കുകയും പ്രവാചകന്മാരില്‍ ചിലരെ വധിക്കാന്‍ ഉദ്യമിക്കുകയും ചെയ്തിട്ടുണ്ട്. 

ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് ത്രികാലജ്ഞാനമായ അദ്ദിക്റിന്‍റെ 40 പേരുകളും മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകളാണ്. എല്ലാ പ്രവാചകന്മാരുടെയും നബിമാരുടെയും ജീവിതചര്യ അദ്ദിക്ര്‍ ആയിരിക്കെ ഫുജ്ജാറുകള്‍ അതിനെ തള്ളിപ്പറയുക വഴി അല്ലാഹുവിനെക്കൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ നബിമാരെക്കൊണ്ടോ ഒന്നും വിശ്വസിക്കുന്നവരല്ല. ആത്മാവിനെയും പരലോ കത്തെയും പരിഗണിക്കാതെ ജഡത്തിനും ഐഹികലോകത്തിനും പ്രാധാന്യം നല്‍കുന്ന ഫുജ്ജാറുകള്‍ പ്രവാചകന്മാരുടെയും നബിമാരുടെയും പേരുകള്‍ വെച്ചും വേഷഭൂഷാദികള്‍ ധരിച്ചും സമൂഹത്തില്‍ അവരെ കൊല്ലാതെ കൊല്ലുന്നവരാണ്. 3: 21-22 സൂക്തങ്ങളില്‍, നിശ്ചയം അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ മൂടിവെച്ചുകൊണ്ടിരിക്കുന്നവരായവരും നബിമാരെ അന്യായമായി വധിച്ചുകൊണ്ടിരിക്കുന്നവരായവരും മനുഷ്യരില്‍ നിന്ന് നീതി കല്‍പിച്ചുകൊണ്ടിരിക്കുന്നവരെ വധിച്ചുകൊണ്ടിരിക്കുന്നവരുമുണ്ടല്ലോ -അപ്പോള്‍ അവരെ വേദനാജനകമായ ശിക്ഷ കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുക, അക്കൂട്ടരാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇഹത്തിലും പരത്തിലും പാഴാക്കിയവര്‍, അവര്‍ക്ക് സഹായികളില്‍ നിന്ന് ആരും തന്നെ ഉണ്ടാവുകയുമില്ല എന്ന് പറഞ്ഞിട്ടുണ്ട്.

ഈ സൂക്തത്തില്‍ 'പരിശുദ്ധാത്മാവ്' എന്ന് പറഞ്ഞത് മലക്കുകളില്‍ നിന്നുള്ള പ്രവാചകനായ ജിബ്രീലിനെയാണ്. ജിബ്രീലിനെക്കുറിച്ച് 'പരിശുദ്ധനായ റൂഹ്' എന്ന് 16: 102 ലും 'വിശ്വസ്തനായ റൂഹ്' എന്ന് 26: 193 ലും 'മാന്യനായ ദൂതന്‍' എന്ന് 81: 19 ലും പറഞ്ഞിട്ടുണ്ട്. 78: 38; 97: 4 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞ റൂഹ് ജിബ്രീല്‍ തന്നെയാണ്. ഈസായോടൊപ്പം പരിശുദ്ധാത്മാവായ ജിബ്രീല്‍ എപ്പോഴും ഉള്ളതിനാല്‍ പിശാച് ഈസായെ സമീപിക്കുകയില്ല. ഈസായെ ശക്തിപ്പെടുത്തുന്നത് 'പരിശുദ്ധാത്മാവായ' ജിബ്രീലിനെക്കൊണ്ടാണെങ്കില്‍ അദ്ദിക്ര്‍ പഠിപ്പിക്കപ്പെടുന്നതുപോലെയും പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെയും 'നിങ്ങള്‍ റബ്ബാനിയ്യീങ്ങളായിത്തീരുക' എന്നാണ് ഈസാ വിശ്വാസികളെ പഠിപ്പിക്കുക എന്ന് 3: 79 ല്‍ പറഞ്ഞിട്ടുണ്ട്. 5: 109, 116; 7: 6 എന്നീ സൂക്തങ്ങള്‍ പ്രകാരം എല്ലാ പ്രവാചകന്മാരും ചോദ്യം ചെയ്യപ്പെടുന്നവരും വിചാരണക്കുശേഷം സ്വര്‍ഗത്തിലേക്ക് പോകുന്നവരുമാണെങ്കില്‍ അദ്ദിക്റിന്‍റെ 40 പേരുകളും സത്യപ്പെടുത്തി ജീവിക്കുന്ന മുന്‍കടക്കുന്നവര്‍ക്ക് വിചാരണയില്ലാതെത്തന്നെ സ്വര്‍ഗത്തിലേക്ക് പോകാവുന്നതാണ്. 2: 62; 4: 150-151, 171-172; 10: 103 വിശദീകരണം നോക്കുക.