( 3 ) ആലിഇംറാന്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(3) ആലിഇംറാന്‍

'ഇംറാന്‍റെ കുടുംബം' എന്നാണ് ആലിഇംറാന്‍ എന്നതിന്‍റെ അര്‍ത്ഥം. 33-ാം സൂക്തത്തില്‍ ഇംറാന്‍ കുടുംബത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനാലാണ് ഇതിന് ആലിഇംറാന്‍ എന്ന് നാമകരണം ചെയ്തിട്ടുള്ളത്. ഹിജ്റ 2-ാം വര്‍ഷം വിശ്വാസികളും അവിശ്വാസികളും തമ്മില്‍ നടന്ന ബദ്ര്‍യുദ്ധത്തെക്കുറിച്ചും 3-ാം വര്‍ഷം നടന്ന ഉഹ്ദ് യുദ്ധത്തെക്കുറിച്ചും വിശദീകരിക്കുന്ന സൂക്തങ്ങള്‍ ഈ സൂറത്തില്‍ അടങ്ങിയിട്ടുണ്ട്. ഹിജ്റ 9-ാം വര്‍ഷത്തില്‍ പ്രവാചകന്‍റെ അടുത്ത് നജ്റാനില്‍നിന്നുള്ള ഒരു ക്രൈസ്തവസംഘം വന്ന് സംസാരിച്ചതോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട ചിലസൂക്തങ്ങളും ഇതിലുണ്ട്. മര്‍യം, മര്‍യമിന്‍റെ പുത്രന്‍ ഈസാ, സകരിയ്യ, യഹ്യ തുടങ്ങിയവരുടെ ജീവിതചരിത്രം വിവരിച്ച ശേഷം വേദക്കാരായ ഇസ്റാഈല്‍ സന്തതികളെയും ക്രൈസ്തവരെയും യഥാര്‍ത്ഥ വിശ്വാസത്തിലേക്കും അവരുടെ പൂര്‍വ്വപിതാക്കളുടെ ജീവിതചര്യയിലേക്കും ക്ഷണിക്കുകയാണ്. വേദക്കാരെക്കുറിച്ച് പരാമര്‍ശിക്കുന്ന സൂക്തങ്ങളെല്ലാം ഇന്ന് ബാധകമാകുന്നത് ഗ്രന്ഥത്തിന്‍റെ വാഹകരും എന്നാല്‍ അതിനെ മൂടിവെക്കുന്നവരുമായ ഫുജ്ജാറുകളിലെ കപടവിശ്വാസികള്‍ക്കും അദ്ദിക്ര്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികള്‍ക്കുമാണ്. കാരണം ഇന്ന് ഗ്രന്ഥം അദ്ദിക്ര്‍ മാത്രമാണ്. വിശ്വാസികളുടെ സ്വഭാവങ്ങള്‍ വിശദീകരിക്കുന്ന ധാരാളം സൂക്തങ്ങള്‍ ഈ സൂറത്തില്‍ അടങ്ങിയിട്ടുണ്ട്. ഉഹ്ദ് യുദ്ധം സംഭവിപ്പിച്ചത് പ്രവാചനോടൊപ്പമുണ്ടായിരുന്ന വിശ്വാസികളെയും കപടവിശ്വാസികളെയും വേര്‍തിരിക്കാനാണ് എന്ന് ഈ സൂറത്ത് പഠിപ്പിക്കുന്നു. സര്‍വ്വസ്രഷ്ടാവ് അവന്‍റെ സൃഷ്ടികള്‍ക്ക് തൃപ്തിപ്പെട്ട ജീവിത വ്യവസ്ഥയാണ് ഇസ്ലാം. അതിലേക്ക് ഒരാളെ ചേര്‍ക്കാനോ ചേര്‍ക്കാതിരിക്കാനോ പ്രവാചകനോ സൃഷ്ടികളില്‍ പെട്ട മറ്റാര്‍ക്കെങ്കിലുമോ സാധ്യമല്ല എന്ന് ഈ സൂറത്ത് പഠിപ്പിക്കുന്നു. ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ ആശയത്തോടെ വിശദീകരിച്ച് കൊടുത്താല്‍ ഇതിനുമുമ്പ് ഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ചിലര്‍ അതുകേട്ട് കണ്ണീര്‍ വാര്‍ക്കുകയും അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്തുകൊണ്ട് വിശ്വാസം പ്രഖ്യാപിക്കുന്നതാണ്. വിശ്വാസികള്‍ അദ്ദിക്ര്‍ മുറുകെപ്പിടിച്ചുകൊണ്ട് ഒറ്റസംഘമായി നിലകൊള്ളണമെന്ന് ഈ സൂറത്ത് കല്‍പിക്കുന്നു. രണ്ട് പൂവാടികളില്‍ ഒന്നായ ഈ സൂറത്തും ബഖറയെപ്പോലെത്തന്നെ 'അലിഫ്-ലാം-മീം' എന്ന സൂക്തം കൊണ്ട് ആരംഭിക്കുന്നു. 200 സൂക്തങ്ങളുള്ള ഈ സൂറത്തിലെ 18, 26, 27 സൂക്തങ്ങള്‍ പ്രവാചകന്‍ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും 'വിര്‍ദാ'യി പ്രാര്‍ത്ഥിച്ചിരുന്നു. ഈ സൂറത്തിലെ 190 മുതല്‍ 200 വരെയുള്ള സൂക്തങ്ങള്‍ പ്രവാചകന്‍ പ്രഭാതത്തില്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റയുടനെ തിലാവത്ത് ചെയ്തിരുന്നു.