( ആലിഇംറാന്‍ ) 3 : 127

لِيَقْطَعَ طَرَفًا مِنَ الَّذِينَ كَفَرُوا أَوْ يَكْبِتَهُمْ فَيَنْقَلِبُوا خَائِبِينَ

നിഷേധികളായവരില്‍ നിന്നുള്ളവരുടെ ചിറക് ഒടിച്ചുകളയുന്നതിന്, അല്ലെങ്കി ല്‍ അവരെ ഒതുക്കുന്നതിനുവേണ്ടി, അങ്ങനെ അവര്‍ ആശയറ്റ് പിന്തിരിഞ്ഞു പോവുകയുണ്ടായി.

അബൂസുഫ്യാന്‍റെ നേതൃത്വത്തിലുള്ള മക്കയില്‍ നിന്നുളള കാഫിറുകള്‍ മുവ്വായിരമുണ്ടെങ്കില്‍ അവരെ നേരിടാന്‍ ബദ്റില്‍ മലക്കുകളെ ഇറക്കി സഹായിച്ചതുപോലെ മുവ്വായിരം മലക്കുകളെയിറക്കി അല്ലാഹു സഹായിക്കുമെന്ന് പ്രവാചകന്‍ വിശ്വാസികളെ ഉണര്‍ത്തിയിരുന്നു. അപ്പോള്‍ അല്ലാഹു പറയുന്നത്, നിങ്ങള്‍ ക്ഷമിക്കുന്നവരും അല്ലാഹുവിനെ സൂക്ഷിക്കുന്നവരുമാണെങ്കില്‍ അടയാളമുള്ള അയ്യായിരം മലക്കുകളെത്തന്നെ ഇറക്കി സഹായിക്കുമെന്നാണ്. എന്നാല്‍, അതെല്ലാം വിശ്വാസികളുടെ ഹൃദയത്തിന് ഉറപ്പും ശാന്തിയും ലഭിക്കാന്‍ വേണ്ടിയായിരുന്നു. ഉഹ്ദ് യുദ്ധം നടത്താതെത്തന്നെ വിശ്വാസികള്‍ക്ക് വിജയം നല്‍കാനും അവന് സാധിക്കുമായിരുന്നല്ലോ. ഈ യുദ്ധം പ്രവാചകന്‍റെ കൂടെയുണ്ടായിരുന്ന വിശ്വാസികളെയും കപടവിശ്വാസികളെയും വേര്‍തിരിച്ചറിയാനാണെന്ന് 3: 166-167 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതാണ് സൂക്തത്തില്‍ കാഫിറുകളായവരില്‍ നിന്നുള്ളവരുടെ ചിറക് ഒടിച്ചുകളയുന്നതിനുവേണ്ടി എന്നുപറഞ്ഞത്. ഉഹ്ദ് യുദ്ധാനന്തരം മക്കാമുശ്രിക്കുകള്‍ ഒന്നും നേടാനാവാതെ ആശയറ്റവരായി പിന്തിരിഞ്ഞ് പോകുകയാണുണ്ടായത്. 

വിശ്വാസി തന്‍റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ 'ഞാന്‍ ധാരാളമായി പ്രാര്‍ ത്ഥിച്ചിട്ടും യാതൊരു ഫലവും കാണുന്നില്ലല്ലോ' എന്ന് വേവലാതിപ്പെടാതെ, അല്ലാഹു വ്യക്തികളെ നന്മ കൊണ്ടും തിന്മ കൊണ്ടും പരീക്ഷിക്കാന്‍ വേണ്ടിയാണ് യുദ്ധം മാത്രമല്ല, എല്ലാവിധ സംഭവങ്ങളും സാഹചര്യങ്ങളും ഉണ്ടാക്കുന്നത് എന്ന ബോധത്തോടുകൂടി ക്ഷമാലുക്കളും സൂക്ഷ്മതയുള്ളവരുമായി നിലകൊള്ളണമെന്നാണ് സൂക്തം പഠിപ്പിക്കുന്നത്. അങ്ങനെ ഏത് പ്രതിസന്ധിഘട്ടങ്ങളിലും അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് സ്ഥൈര്യത്തോടുകൂടി അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുന്നവരാണ് 7: 196 ല്‍ പ റഞ്ഞ പ്രകാരം അവന്‍റെ വീടായ സ്വര്‍ഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍. അറിഞ്ഞിരിക്കുക, അദ്ദിക്ര്‍ കൊണ്ടാണ് ഹൃദയങ്ങള്‍ക്ക് ശാന്തിയും സമാധാനവും ലഭിക്കുക എന്ന് 13: 28 ല്‍ പറഞ്ഞിട്ടുണ്ട്. 2: 154-157, 213-214; 3: 200; 17: 53; 28: 57 വിശദീകരണം നോക്കുക.