( ആലിഇംറാന്‍ ) 3 : 129

وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ يَغْفِرُ لِمَنْ يَشَاءُ وَيُعَذِّبُ مَنْ يَشَاءُ ۚ وَاللَّهُ غَفُورٌ رَحِيمٌ

ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അല്ലാഹുവിനുള്ളതാകുന്നു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നു, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യുന്നു, അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനുമാകുന്നു.

3: 152 ല്‍ വിവരിച്ച പ്രകാരം ഉഹ്ദ് യുദ്ധത്തിന്‍റെ ആരംഭത്തില്‍ പ്രവാചകനും അനുയായികള്‍ക്കും വിജയം ലഭിക്കുകയും ശത്രുക്കള്‍ പിന്തിരിഞ്ഞ് പോവുകയുമുണ്ടായി. പ്രവാചകന്‍റെ കൂടെയുള്ളവര്‍ യുദ്ധമുതല്‍ വാരിക്കൂട്ടുന്നതില്‍ ശ്രദ്ധ പതിപ്പിക്കുകയും, ഉഹ്ദ് പര്‍വ്വതനിരകളില്‍ നിശ്ചയിച്ചിരുന്ന അമ്പെയ്ത്തുകാര്‍ യുദ്ധമുതല്‍ വാരിക്കൂട്ടുന്നതിനുവേണ്ടി ഇറങ്ങിവരികയും ചെയ്തപ്പോള്‍ ശത്രുക്കളില്‍ കുതിരസേനയുടെ നേതൃത്വം വഹിച്ചിരുന്ന ഖാലിദുബ്നു വലീദിന്‍റെ കുതിരസൈന്യം മലമുകളില്‍ ബാക്കിയുണ്ടായിരുന്ന അമ്പെയ്ത്തുകാരെ വീഴ്ത്തുകയും അതിലൂടെ യുദ്ധമൈതാനിയിലേക്ക് ഇറങ്ങിവരികയുമുണ്ടായി. അബൂസുഫ്യാന്‍റെ നേതൃത്വത്തിലുള്ള ശത്രുസൈന്യം മറുഭാഗത്തിലൂടെയും അവരെ വളഞ്ഞു. 3: 144 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍ ഒരു ചതിക്കുഴിയില്‍ വീഴുകയും പ്രവാചകന് വെട്ടേല്‍ക്കുകയും പല്ല് നഷ്ടപ്പെടുകയും തലക്ക് മുറിവേല്‍ക്കുകയും ചെയ്തു. 'മുഹമ്മദ് വധിക്കപ്പെട്ടു' എന്ന കിംവദന്തി വരെ പ്രചരിക്കുകയുമുണ്ടായി. പ്രവാചകന്‍റെ കൂടെയുണ്ടായിരുന്നവര്‍ യുദ്ധമുഖത്തുനിന്ന് ചിന്നിച്ചിതറി 3: 153 പ്രകാരം ആരെയും നോക്കാതെയും പ്രവാചകന്‍ അവരെ വിളിക്കുന്നത് ശ്രദ്ധിക്കാതെയും പിന്തിരിഞ്ഞോടുകയുമുണ്ടായി. ആ സമയത്ത് ശത്രുക്കള്‍ക്കെതിരായി പ്രവാചകന്‍: തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ജനത എങ്ങനെ സന്മാര്‍ഗത്തിലാകാനാണ് എന്ന് ആത്മഗതം ചെയ്തുപോയി. അപ്പോഴാണ് ഈ രണ്ട് സൂക്തങ്ങള്‍ അവതരിച്ചത്. 

സൂക്തത്തില്‍ പറഞ്ഞതുപോലെത്തന്നെ ഹിജ്റ 6-ാം വര്‍ഷം ഹുദൈബിയ സന്ധിയോടനുബന്ധിച്ച് ഖാലിദുബ്നു വലീദിനെയും, ഹിജ്റ 8-ാം വര്‍ഷം അബൂസുഫ്യാന്‍, ഭാര്യ ഹിന്ദ്, ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്‍റെ പിതൃവ്യന്‍ ഹംസയെ വധിച്ച ഹിന്ദിന്‍റെ അടിമയായ ആഫ്രിക്കന്‍ നീഗ്രോ വഹ്ശി തുടങ്ങിയവരെയും മറ്റും അല്ലാഹു ഇസ്ലാമിലേക്ക് കൊണ്ടുവരികയുണ്ടായി. ചുരുക്കത്തില്‍ ഇസ്ലാം ആരുടെയും കുത്തകയല്ല, അത് അല്ലാഹു അവന്‍റെ മൊത്തം സൃഷ്ടികള്‍ക്ക് തൃപ്തിപ്പെട്ട ജീവിത വ്യവസ്ഥയാണ്. 28: 56 പ്രകാരം പ്രവാചകന്‍ മുഹമ്മദിന് പിതൃവ്യന്‍ അബൂത്വാലിബിനെയോ, 9: 113 പ്രകാരം പ്രവാചകന്‍ മുഹമ്മദിന് സ്വന്തം മാതാവിനെയോ, 9: 114 പ്രകാരം ഇബ്റാഹീം നബിക്ക് സ്വന്തം പിതാവിനെയോ, 11: 45-46 പ്രകാരം നൂഹ് നബിക്ക് സ്വന്തം മകനെയോ ഭാര്യയെയോ, 66: 10 പ്രകാരം ലൂത്ത് നബിക്ക് സ്വന്തം ഭാര്യയെയോ അതിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ അജയ്യവും മിഥ്യകലരാത്ത ഗ്രന്ഥവുമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ നിഷ്പക്ഷവാനും ത്രികാലജ്ഞാനിയുമായ അല്ലാഹുവിനുതന്നെയും ഒരാളേയും സന്മാര്‍ഗത്തിലാക്കാന്‍ സാധ്യമല്ല. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണ് അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തിയത്, അത് അവനുവേണ്ടിത്തന്നെയാണ്, ആരാണോ അതുകൊള്ളെ അന്ധത നടിച്ചത്, അതിന്‍റെ വഴികേടും ആ ആത്മാവിന്‍റെമേല്‍ തന്നെയാണ്. അതായത് അല്ലാഹുവിലേക്ക് എത്തിപ്പെടാനുള്ള ടിക്കറ്റും അവന്‍റെ സമ്മതപത്രവുമായ അദ്ദിക്ര്‍ ആരാണോ ഉപയോഗപ്പെടുത്തുന്നത്, അപ്പോള്‍ അവന്‍ സന്മാര്‍ഗത്തിലായി. 2: 272; 3: 7-10; 4: 131-133; 8: 19 വിശദീകരണം നോക്കുക.