( ആലിഇംറാന്‍ ) 3 : 133

وَسَارِعُوا إِلَىٰ مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ

നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്ക് നിങ്ങള്‍ കുതിച്ച് മുന്നേറുകയും ചെയ്യുവീന്‍-ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും, അത് സൂക്ഷ്മാലുക്കള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു.

നിങ്ങള്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും മുന്‍കടക്കുവീന്‍, അത് അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകന്മാരെക്കൊണ്ടും വിശ്വസിച്ചവര്‍ക്കുവേണ്ടി ഒരുക്കിവെച്ചിരിക്കുന്നു, അത് അല്ലാഹുവിന്‍റെ ഔദാര്യമാണ്, അത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നു, അല്ലാഹു മഹത്തായ ഔദാര്യമുടയവനാകുന്നു എന്ന് 57: 21 ല്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കാഫിറുകള്‍ക്ക് നരകവും, സത്യമായ അദ്ദിക്ര്‍ പിന്‍പറ്റേണ്ട വിധം പിന്‍പറ്റുന്ന സൂക്ഷ്മാലുക്കള്‍ക്ക് സ്വര്‍ഗവും ഒരുക്കിവെച്ചിട്ടുണ്ട് എന്ന് ഗ്രന്ഥത്തിലുടനീളം പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ വിശ്വാസിയാകാനുള്ള അവന്‍റെ സമ്മതപത്രവും കാരുണ്യവുമായ ഗ്രന്ഥം 55: 1-4 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം സ്വര്‍ഗത്തില്‍ വെച്ച് തന്നെ എല്ലാവര്‍ക്കും പഠിപ്പിച്ചിട്ടുള്ളതിനാല്‍ ഓരോരുത്തര്‍ക്കും ഏഴാം ഘട്ടത്തിലേക്കുവേണ്ട സ്വര്‍ഗം അവരുടെ നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് ഓരോരുത്തരും സമ്പാദിക്കുന്നതാണ്. വിശ്വാസികള്‍ എല്ലാ അനുഗ്രഹങ്ങളും ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗം ഇവിടെ പണിയുന്നതും മറ്റുള്ളവ രെ പ്രസ്തുത ലക്ഷ്യം ഓര്‍മ്മിപ്പിക്കുന്നതിനുവേണ്ടി അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ടിരിക്കുന്നതുമാണ്. 50: 31-35 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സൂക്ഷ്മാലുക്കള്‍ക്ക് വിദൂരമല്ലാതെ സ്വര്‍ഗം അടുപ്പിക്കുന്നതുമാണ്. നരകത്തിനോട് അന്നേദിനം നിനക്ക് മതിയായോ എന്ന് അല്ലാഹു ചോദിക്കുമ്പോള്‍ ഇനി ആരെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വണ്ണം 'ഇനിയുമുണ്ടോ' എന്ന് ചോദിക്കുന്നതാണെന്ന് 50: 30 ല്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ഗം പ്രപഞ്ചത്തോളം വിശാലമാണെങ്കില്‍ നരകം സൂചി കുത്താന്‍ പോലും ഇടമില്ലാത്ത വിധം വളരെ ഇടുങ്ങിയതാണ്. 7: 16-18; 11: 118-119; 15: 43-44; 17: 63; 32: 13; 38: 84-85; 46: 18 തുടങ്ങിയ സൂക്തങ്ങളെല്ലാം ജിന്നുകളെക്കൊണ്ടും മനുഷ്യരെക്കൊണ്ടും മുഴുവനും നരകക്കുണ്ഠം കുത്തിനിറക്കപ്പെടുന്നതാണെന്ന് പറഞ്ഞിട്ടുള്ളവയാണ്. എല്ലാ ഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് മനുഷ്യരും അവരുടെ ജിന്നുകൂട്ടുകാരും നരകത്തിലേക്കും ഒന്ന് സ്വര്‍ഗത്തിലേക്കുമാണെന്ന് 4: 118 ന്‍റെ വിശദീകരണത്തില്‍ പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തി സ്വര്‍ഗത്തിലേക്കുള്ള ഒന്നാണെന്ന് ഉറപ്പുവരുത്താന്‍ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്. 83: 22-27 സൂക്തങ്ങളില്‍, നിശ്ചയം പുണ്യാത്മാക്കള്‍ അനുഗ്രഹങ്ങളില്‍ തന്നെയാണ്, അവര്‍ സ്വര്‍ഗത്തില്‍ ചാരുമഞ്ചങ്ങളില്‍ പരസ്പരം നോക്കിയിരിക്കുന്നവരാണ്, അനുഗ്രഹങ്ങളാല്‍ അവരുടെ മുഖങ്ങള്‍ പ്രസന്നമാകുന്നത് നിനക്ക് കാണാം, അവര്‍ മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്നും തേനില്‍ നിന്നും കുടിപ്പിക്കപ്പെടുന്നതാണ്, അതിന്‍റെ മേമ്പൊടി കസ്തൂരിയായിരിക്കും, അപ്പോള്‍ മത്സരിക്കുന്നവര്‍ മത്സരിക്കേണ്ടത് സ്വര്‍ഗത്തിലെ അനുഭൂതികള്‍ക്ക് വേണ്ടിയാണ് എന്ന് പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ക്ക് ദിക്റാ ഉപകാരപ്പെടുമെന്ന് 51: 55 ലും; ദിക്റായെ വെടിഞ്ഞ ഹതഭാഗ്യവാന്‍ വമ്പിച്ച തീയില്‍ വേവിക്കപ്പെടുമെന്ന് 87: 9-12 സൂക്തങ്ങളിലും പറഞ്ഞത് ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. 2: 5, 254, 286 വിശദീകരണം നോക്കുക.