( ആലിഇംറാന്‍ ) 3 : 137

قَدْ خَلَتْ مِنْ قَبْلِكُمْ سُنَنٌ فَسِيرُوا فِي الْأَرْضِ فَانْظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ

നിശ്ചയം നിങ്ങള്‍ക്കുമുമ്പ് ഏറെ ചര്യകള്‍ കഴിഞ്ഞുപോയിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിച്ച് സത്യത്തെ കളവാക്കിക്കൊണ്ടിരുന്നവരുടെ പ ര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കിക്കാണുക.

നശിപ്പിക്കപ്പെടാനായ ഒരു ജനതയിലേക്കാണ് അല്ലാഹു ഗ്രന്ഥവും കൊണ്ട് പ്രവാചകന്മാരെ നിയോഗിച്ചിട്ടുള്ളത്. ഗ്രന്ഥത്തെക്കുറിച്ച് അറിവുള്ള അവരിലെ കപടവിശ്വാസികള്‍ പ്രവാചകനെ എതിര്‍ക്കുന്നതില്‍ മുന്‍പന്തിയിലായിരിക്കും. 11: 27 ല്‍ വിവരിച്ച പ്രകാരം സാധുക്കളും ദുര്‍ബലരുമായ ജനങ്ങളില്‍ നിന്നുള്ളവരാണ് ആദ്യമായി വിശ്വാസം സ്വീകരിക്കാന്‍ മുന്നോട്ട് വരിക. സമൂഹത്തിലെ പ്രമാണിമാരും മുഖ്യന്മാരും മറുചേരിയില്‍ നിന്ന് വിശ്വാസികളുടെ സംഘത്തെ എതിര്‍ക്കുകയാണ് ചെയ്യുക. അവസാനം പ്രവാചകനെയും വിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തുകയും കാഫിറുകളെ മുഴുവനും അവരുടെ പ്രവൃത്തികളാല്‍ തന്നെ നശിപ്പിക്കുകയും ചെയ്യുന്നു. പിന്നെ അല്ലാഹു രക്ഷപ്പെടുത്തിയ വിശ്വാസികളുടെ പിന്മുറക്കാര്‍ 6: 131-133 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം കാലക്രമേണ വഴികേടിലാവുകയും ഭിന്നിക്കുകയും പ്രവാചകനെ കളവാക്കുകയും ചെയ്യുന്ന ഘട്ടമെത്തുമ്പോള്‍ അല്ലാഹു പുതിയ പ്രവാചകനെ നിയോഗിക്കുകയായി. മുന്‍ പ്രവാചകന്‍റെ അനുയായികളെന്ന് ദുരഭിമാനിക്കുന്ന കാഫിറുകളാണ് പുതിയ പ്രവാചകനെ എതിര്‍ക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുക. 

നൂഹ് നബിയുടെ കപ്പലില്‍ രക്ഷപ്പെട്ട വിശ്വാസികള്‍ കാലക്രമേണ വഴിപിഴച്ച് വിഗ്രഹാരാധന തുടങ്ങുകയും ശിര്‍ക്കിലകപ്പെടുകയും അക്രമികളും തെമ്മാടികളുമായി നശിപ്പിക്കപ്പെടേണ്ട ഘട്ടത്തിലെത്തുകയും ചെയ്തപ്പോഴാണ് അല്ലാഹു ഇബ്റാഹീം നബിയെ നിയോഗിക്കുന്നത്. ഏക ഇലാഹിലേക്ക് വിളിച്ച ഇബ്റാഹീം നബിയെ അദ്ദേഹത്തിന്‍റെ പിതാവും ജനതയും 21: 67-69 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം തീക്കുണ്ഠമുണ്ടാക്കി കരിച്ചുകൊല്ലാന്‍ നിശ്ചയിക്കുകയാണുണ്ടായത്. അവിടെ നിന്ന് രക്ഷപ്പെട്ട ഇബ്റാഹീം നബി മകന്‍ ഇസ്മാഈലിനെയും പത്നി ഹാജറയെയും ആരോരുമില്ലാത്ത വെള്ളം പോലുമില്ലാത്ത മക്കയില്‍ കൊണ്ടുപോയി താമസിപ്പിക്കുന്നു. ഏകഇലാഹിനുള്ള സേവനത്തിനുവേണ്ടി നാഥന്‍റെ കല്‍പനയനുസരിച്ച് ഇബ്റാഹീമും മകന്‍ ഇസ്മാഈലും ചേര്‍ന്ന് പുതുക്കിപ്പണിത കഅ്ബയില്‍ കാലക്രമേണ ഇസ്മാഈലിന്‍റെ വഴിപിഴച്ച പിന്‍ഗാമികള്‍ തങ്ങളുടെ പിതാമഹന്മാരായ ഇബ്റാഹീമിന്‍റേതും ഇസ്മാഈലിന്‍റേതുമടക്കം മുന്നൂറ്റിയറുപതോളം വിഗ്രഹങ്ങള്‍ നാട്ടുകയുണ്ടായി. പ്രവാചകന്‍ മുഹമ്മദ് വന്ന് അവരെ ഏകഇലാഹിലേക്ക് വിളിച്ചപ്പോള്‍ ഇബ്റാഹീമിന്‍റെയും ഇസ്മാഈലിന്‍റെയും മാര്‍ഗത്തിലാണെന്ന് ഊറ്റം കൊണ്ടിരുന്ന അവര്‍ തന്നെയാണ് അദ്ദേഹത്തെ എതിര്‍ത്തത്. ഇസ്ഹാഖ് പരമ്പരയില്‍ യഅ്ഖൂബ് നബിയുടെ പുത്രന്മാരായ ഇസ്റാഈല്‍ സന്തതികളിലാണ് സബൂറും തൗറാത്തും ഇഞ്ചീലുമെല്ലാം വന്നത്. ദൃഢചിത്തരായ മൂസാ, ഈസാ എന്നീ പ്രവാചകന്മാരും അവരിലാണ് വന്നിട്ടുള്ളത്. എന്നാല്‍ ജൂതന്മാര്‍ ഈസാ നബിയെ വധിക്കാന്‍ ഉദ്യമിക്കുകയും ക്രൈസ്തവര്‍ ഈസാനബിയെ ദൈവപുത്രനായി സങ്കല്‍പിച്ച് വഴിപിഴക്കുകയും ചെയ്തു. 13 കൊല്ലം മക്കയില്‍ പ്രബോധനം ചെയ്ത പ്രവാചകന്‍ മുഹമ്മദിനെ അവസാനം മക്കാമുശ്രിക്കുകള്‍ വധിക്കാന്‍ തന്നെ നിശ്ചയിച്ചപ്പോള്‍ നാഥന്‍റെ കല്‍പനയനുസരിച്ച് അദ്ദേഹത്തിന് മദീനയിലേക്ക് പാലായനം ചെയ്യേണ്ടി വന്നു. അവിടെയുണ്ടായിരുന്ന വേദക്കാരായ ജൂതരും ക്രൈസ്തവരും അവരുടെ വേദത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രവാചകനെ അറിഞ്ഞുകൊണ്ട് എതിര്‍ക്കുകയും മക്കാമുശ്രിക്കുകളെ പ്രവാചകനുമായി യുദ്ധത്തിന് പ്രേരിപ്പിക്കുകയുമാണുണ്ടായത്. 

പര്യവസാനം എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധം പ്രവര്‍ത്തിച്ചാലുള്ള അനന്തരഫലം എന്നാണ്. 91: 15 ല്‍, അതിന്‍റെ പരിണിതി (സ്വാലിഹ് നബിയെ കളവാക്കി അല്ലാഹു ദൃഷ്ടാന്തമായി നല്‍കിയ ഒട്ടകത്തെ കൊന്നുകളഞ്ഞതിന്‍റെ പരിണിതി) അവര്‍ ഭയപ്പെട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഏറ്റവും വലിയ ദൃഷ്ടാന്തമായ അദ്ദിക്റിനെ ഇന്ന് കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുക വഴി പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം അവര്‍ ഓരോരുത്തരും അമാനത്തായ അദ്ദിക്റിനോടുള്ള അവരുടെ എതിര്‍പ്പിന്‍റെയും അകല്‍ച്ചയുടെയും തോതനുസരിച്ച് വഹിക്കേണ്ടി വരും. നിങ്ങള്‍/അവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചു നോക്കിയിട്ടില്ലേ, സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ ഭ്രാന്തന്മാരുടെയും കുറ്റവാളികളുടെയും നാശകാരികളുടെയും ധിക്കാരികളുടെയും പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കിക്കാണകയും ചെയ്തിട്ടില്ലേ എന്ന ആശയത്തിലുള്ളവയാണ് 6: 11; 12: 109; 16: 36; 27: 69; 30: 9; 35: 44; 40: 21, 82; 47: 10 തുടങ്ങിയ സൂക്തങ്ങളെല്ലാം. 

ഇനി ഒരു പ്രവാചകന്‍ വരാനില്ല എന്നിരിക്കെ അദ്ദിക്റില്‍ നിന്ന് അകലുക വഴി മുന്‍കഴിഞ്ഞ എല്ലാ ജനതയിലുമുണ്ടായിരുന്ന കുറ്റകൃത്യങ്ങള്‍ അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിത്തീര്‍ന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ സമ്മേളിച്ചിരിക്കുകയാണ്. അദ്ദിക്റിനെ ലോകര്‍ക്ക് പ്രചരിപ്പിക്കുന്ന ഒരു വിശ്വാസി ലോകത്തെവിടെയും ഇല്ലാതെ വരുമ്പോള്‍ പിശാച് മസീഹുദ്ദജ്ജാലായി പുറപ്പെടുന്നതും ഇസ്ലാമിനെ മക്കാ-മദീനയടങ്ങിയ ഇജാസ് ഒഴിച്ച് മറ്റെല്ലായിടങ്ങളില്‍ നിന്നും മായ്ച്ചുകളഞ്ഞ് 9: 67-68 സൂക്തങ്ങളില്‍ പറഞ്ഞ കപടവിശ്വാസികള്‍ക്കും കുഫ്ഫാറുകള്‍ക്കും വേണ്ട സ്വര്‍ഗം ഒരുക്കിക്കൊടുക്കുന്നതുമാണ്. കെടാന്‍ പോകുന്ന ഇസ്ലാമിനെ മൊത്തം ലോകത്ത് തെളിയിച്ച് കാണിക്കുന്നതിനുവേണ്ടി ഈസായെ അല്ലാഹു രണ്ടാമതും കൊണ്ടുവരുന്നതും അന്ന് ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളെല്ലാം യഥാര്‍ത്ഥ ഇസ്ലാം അംഗീകരിക്കുന്നതുമാണ്. കാഫിറായ മസീഹുദ്ദജ്ജാലിനെ നബിയായും ശേഷം റബ്ബായിത്തന്നെയും സ്വീകരിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന മുശ്രിക്കുകളും വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 61 തുടങ്ങിയ സൂക്തങ്ങളുടെ കല്‍പന നടപ്പിലാകുന്നതുമാണ്. 2: 253; 6: 25-26; 34: 18-20 വിശദീകരണം നോക്കുക.