أُولَٰئِكَ جَزَاؤُهُمْ مَغْفِرَةٌ مِنْ رَبِّهِمْ وَجَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ وَنِعْمَ أَجْرُ الْعَامِلِينَ
അക്കൂട്ടര്‍ക്ക് പ്രതിഫലമായി തങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനവും താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്ഗപ്പൂന്തോപ്പുകളുമുണ്ട്, അവര്‍ അതില്‍ ശാശ്വതരുമായിരിക്കും, പ്രവര്‍ത്തിക്കുന്നവര്‍ക്ക് കിട്ടുന്ന പ്രതിഫലം എത്രമാത്രം അനുഗ്രഹീതമായിരിക്കുന്നു!
സ്വര്‍ഗം നാലാം ഘട്ടമായ ഇഹലോകത്തുവെച്ച് പ്രകാശമായ ഗ്രന്ഥത്തിന്റെ വെളിച്ചത്തില്‍ പ്രവര്‍ത്തിച്ച് വാങ്ങേണ്ടതാണെന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. 29: 58; 39: 74 സൂക്തങ്ങളും അവസാനിക്കുന്നത്, 'അപ്പോള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര അനുഗ്രഹസമ്പൂര്‍ണ്ണം' എന്ന് പറഞ്ഞുകൊണ്ടാണ്. 32: 19 ല്‍, അപ്പോള്‍ വിശ്വസിക്കുകയും വിശ്വാസം രൂപപ്പെടുത്താന്‍ ആവശ്യമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നവര്‍ക്ക് അഭയകേന്ദ്രമായി സ്വര്‍ഗപ്പൂന്തോപ്പുകളുണ്ട് -അത് അവര്‍ ഇഹലോകത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് വിരുന്നായിക്കൊണ്ടാണ് എന്നും പറഞ്ഞിട്ടുണ്ട്. സ്വര്‍ഗവാസികളോട്: നിങ്ങള്‍ ഐഹികലോകത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലമായിക്കൊണ്ട് ആ സ്വര്‍ഗം അനന്തരാവകാശമായി സ്വീകരിച്ചുകൊള്ളുവീന്‍ എന്ന് വിളിച്ചുപറയപ്പെടുന്നതാണ് എന്ന് 7: 43 ല്‍ പറഞ്ഞിട്ടുണ്ട്. 43: 68-71 സൂക്തങ്ങളില്‍, നമ്മുടെ സൂക്തങ്ങള്‍ കൊണ്ട് വിശ്വസിക്കുകയും സര്‍വ്വസ്വം നമുക്ക് സമര്‍പ്പിച്ച് ജീവിക്കുകയും ചെയ്തിരുന്ന എന്റെ അടിമകളേ! ഇന്നേദിനം നിങ്ങളുടെ മേല്‍ ഭയപ്പെടാനോ നിങ്ങള്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല, നിങ്ങളും നിങ്ങളുടെ ഇണകളും ആ സ്വര്‍ഗത്തില്‍ പ്രവേശിച്ച് ആഹ്ലാദിച്ച് ഉല്ലസിച്ചുകൊള്ളുക, അവര്‍ക്കായി ആ സ്വര്‍ഗത്തില്‍ സ്വര്‍ണ്ണത്താലുള്ള താലങ്ങളും കോപ്പകളും ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. അതില്‍ ഓരോ ആത്മാവും ആഗ്രഹിക്കുന്ന കണ്‍കുളിര്‍മയുള്ള എല്ലാ സുഖസൗകര്യങ്ങളും ഒരുക്കിവെച്ചിട്ടുമുണ്ടായിരിക്കും, നിങ്ങള്‍ അതില്‍ നിത്യവാസികളുമായിരിക്കും എന്ന് പറഞ്ഞതിനുശേഷം; 43: 72 ല്‍, ആ സ്വര്‍ഗം നിങ്ങള്‍ ഇഹത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് അനന്തരാവകാശമായി ലഭിക്കുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്. 46: 13-14 സൂക്തങ്ങളില്‍, നിശ്ചയമായും ഞങ്ങളുടെ ഉടമ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ ആ പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നവരുണ്ടല്ലോ, അപ്പോള്‍ അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല, അക്കൂട്ടര്‍ സ്വര്ഗവാസികളും അതില്‍ നിത്യവാസികളുമായിരിക്കും -അത് അവര്‍ക്ക് ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലമായിട്ടാണ് ലഭിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. 56: 12-23 സൂക്തങ്ങളില്‍, വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന സാബിഖീങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന അനുഗ്രഹങ്ങള്‍ എടുത്തുദ്ധരിച്ചതിന് ശേഷം 56: 24 ല്‍, അത് അവര്‍ ഇഹലോകത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള പ്രതിഫലമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 2: 25; 9: 71-72; 18: 107; 76: 22 വിശദീകരണം നോക്കുക.