( ആലിഇംറാന്‍ ) 3 : 138

هَٰذَا بَيَانٌ لِلنَّاسِ وَهُدًى وَمَوْعِظَةٌ لِلْمُتَّقِينَ

ഇത് മനുഷ്യര്‍ക്കുവേണ്ടിയുള്ള ഒരു വെളിപ്പെടുത്തലാണ്, സൂക്ഷ്മാലുക്കള്‍ക്ക് വേണ്ടിയുള്ള സന്‍മാര്‍ഗവും സദുപദേശവുമാണ്.

24: 34 ല്‍, നിശ്ചയം നിങ്ങള്‍ക്ക് നാം നിങ്ങളുടെ മുമ്പുള്ളവരുടെ ഉപമ ഉദാഹരണങ്ങളും സൂക്ഷ്മാലുക്കള്‍ക്ക് മൗഇളത്തുമായ (സദുപദേശം) നമ്മുടെ വ്യക്തമായ സൂക്തങ്ങള്‍ അവതരിപ്പിച്ച് തന്നിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. 2: 185 പ്രകാരം ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്കുള്ള സന്മാര്‍ഗവും ഉരക്കല്ലുമാണ്. എന്നാല്‍ അതിനെ പിന്‍പറ്റുന്ന സൂക്ഷ്മാലുക്കള്‍ മാത്രമേ അതിനെ സന്മാര്‍ഗമായും ഉരക്കല്ലായും ഉപയോഗപ്പെടുത്തുകയുള്ളൂ. മൗഇളത്ത് എന്നുപറഞ്ഞാല്‍ ആശയം സ്പഷ്ടമായ ഗ്രന്ഥത്തിലെ സൂക്തങ്ങളുടെ സമാനമായ കല്‍പനകളും വിരോധങ്ങളുമാണ്. 25: 33 ല്‍ പറഞ്ഞ 'സത്യം' 16: 125 ല്‍ പറഞ്ഞ ഹിക്മത്ത് (തത്വജ്ഞാനം) ആണെങ്കില്‍ അതേ സൂക്തത്തില്‍ പറഞ്ഞ അഹ്സനു തഫ്സീര്‍ (ഏറ്റവും നല്ല വിശദീകരണം) 16: 125 ല്‍ തന്നെ പറഞ്ഞ മൗഇളത്തുല്‍ ഹസനത്ത് (ഏറ്റവും നല്ല ഉപദേശം) ആണ്. 10: 57 ല്‍, മനുഷ്യരെ വിളിച്ച് 'നിങ്ങളുടെ നാഥനില്‍ നിന്നുള്ള മൗഇളത്ത് നിങ്ങള്‍ക്ക് വന്ന് കിട്ടിക്കഴിഞ്ഞു' എന്ന് പറഞ്ഞിടത്ത് മൗഇളത്തിന് സദുപദേശം, മുന്നറിയിപ്പ്, താക്കീത് എന്നെല്ലാം ആശയമുണ്ട്. മനുഷ്യര്‍ക്ക് മൊത്തമുള്ള സദുപദേശമാണ് അദ്ദിക്റെങ്കിലും സൂക്ഷ്മാലുക്കള്‍ മാത്രമേ അതിനെ സദുപദേശമായി പരിഗണിക്കുകയുള്ളൂ. 2: 2-3, 16: 125 വിശദീകരണം നോക്കുക.