( ആലിഇംറാന്‍ ) 3 : 141

وَلِيُمَحِّصَ اللَّهُ الَّذِينَ آمَنُوا وَيَمْحَقَ الْكَافِرِينَ

വിശ്വാസികളായിട്ടുള്ളവരെ അല്ലാഹു കറകളഞ്ഞ് കടഞ്ഞെടുക്കുന്നതിനുവേ ണ്ടിയും കാഫിറുകളെ കൊമ്പുകുത്തി നശിപ്പിക്കുന്നതിനുവേണ്ടിയും.

ഉഹ്ദ് യുദ്ധത്തില്‍ പ്രത്യക്ഷത്തില്‍ പ്രവാചകനും അനുയായികള്‍ക്കും പരാജയമാണ് സംഭവിച്ചത്. ഉഹ്ദ് യുദ്ധം പ്രവാചകന്‍റെ കൂടെയുള്ളവരില്‍ നിന്നുള്ള വിശ്വാസികളെയും കപടവിശ്വാസികളെയും വേര്‍തിരിച്ചറിയാന്‍ വേണ്ടിയാണ് നടപ്പിലാക്കിയത് എന്ന് 3: 166-167 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ പ്രവാചകനും സംഘവും സത്യത്തില്‍ നിലകൊള്ളുന്നവരും അല്ലാഹുവിന്‍റെ ആളുകളുമാണെങ്കില്‍ എന്തുകൊണ്ട് ഇങ്ങനെ പരാജയം സംഭവിച്ചു എന്നുള്ള കപടവിശ്വാസികളുടെ മനസ്സിലിരിപ്പിന് മറുപടി പറയുകയാണ് ഈ സൂക്തങ്ങളിലൂടെ. ഇപ്പോള്‍ നിങ്ങള്‍ക്ക് മുറിവും നഷ്ടവും സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇതിനുമുമ്പ് ബദ്റില്‍ ശത്രുജനതക്കും അതുപോലുള്ള മുറിവും നഷ്ടവും സംഭവിച്ചിട്ടുണ്ടല്ലോ. അപ്പോള്‍ യുദ്ധനാളുകള്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ളത് മനുഷ്യരില്‍ ആരാണ് സത്യത്തിലെന്നും ആരാണ് അസത്യത്തിലെന്നും തിരിച്ചറിയാനും വിശ്വാസികള്‍ക്ക് അല്ലാഹുവിനെ കണ്ടുകൊണ്ടും സ്വന്തത്തെ അവന് സമര്‍പ്പിച്ചുകൊണ്ടും സന്മാര്‍ഗസാക്ഷ്യം അല്ലെങ്കില്‍ രക്തസാക്ഷ്യം വരിക്കുന്നതിനുമുള്ള അവസരമായിക്കൊണ്ടുകൂടിയായിരുന്നു. അല്ലാഹുവിന്‍റെ മാര്‍ഗത്തിലും തൃപ്തിയിലുമല്ലാതെ വധിക്കപ്പെട്ടവര്‍ അക്രമികളും അവര്‍ അല്ലാഹുവിന്‍റെ കോപത്തിന് വിധേയമായവരുമാകുന്നു.

കാഫിറുകളെ കൊമ്പുകുത്തി നശിപ്പിക്കുന്നതിന് എന്ന് പറഞ്ഞതിലെ കാഫിര്‍ പ്രവാചകനോടൊപ്പമുണ്ടായിരുന്നവരില്‍ പെട്ട കപടവിശ്വാസികള്‍ തന്നെയാണ്. 9: 125 ല്‍, ഹൃദയങ്ങളില്‍ സംശയമാകുന്ന രോഗമുള്ള ഇത്തരം കപടവിശ്വാസികള്‍ക്ക് അദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമാണ് വര്‍ദ്ധിപ്പിക്കുക എന്നും അവര്‍ കാഫിറായിക്കൊണ്ട് മരണം വരിക്കുകയും ചെയ്തിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. ബദ്ര്‍ യുദ്ധത്തിന് ശേഷം അവതരിച്ച 8: 19 ല്‍ അല്ലാഹു കാഫിറുകളായ മക്കാമുശ്രിക്കുകളോട് ചോദിക്കുന്നു: നിങ്ങള്‍ ഫത്വ ചോദിച്ചെങ്കില്‍ നിങ്ങളില്‍ ആരാണ് സത്യത്തിലെന്നും വിജയം വരിച്ചതെന്നും ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായി, അതുകൊണ്ട് ഇനി നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം; അതല്ല, നിങ്ങള്‍ വീണ്ടും പ്രതികരിക്കുകയാണെങ്കില്‍ നാമും പ്രതികരിക്കുക തന്നെ ചെയ്യും, നിങ്ങളുടെ സംഘബലം എത്ര വലുതാണെങ്കിലും നിങ്ങള്‍ക്ക് അത് ഒരു തരത്തിലും ഉപകാരപ്പെടുകയില്ല; നിശ്ചയം, അല്ലാഹു വിശ്വാസികളുടെ കൂടെത്തന്നെയാണ്. എന്നാല്‍ ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്‍റെ കൂടെയുണ്ടായിരുന്ന കപടവിശ്വാസികള്‍ കാരണം അല്ലാഹു മക്കാമുശ്രിക്കുകള്‍ക്ക് പ്രത്യക്ഷത്തില്‍ വിജയം കൊടുക്കുകയാണുണ്ടായത്. ബദ്ര്‍ യുദ്ധത്തിന് ശേഷം മക്കയിലുള്ളവര്‍ക്ക് ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ ലഭിച്ചിട്ടില്ല, എന്നാല്‍ സൂക്തങ്ങള്‍ തുടര്‍ന്ന് ലഭിച്ച മദീനയിലുള്ള കപടവിശ്വാസികളാണ് അത് ലഭിച്ചിട്ടും നിഷേധസ്വഭാവം പ്രകടിപ്പിച്ചതും അല്ലാഹുവിന്‍റെ ശിക്ഷക്ക് ഇഹത്തില്‍ തന്നെ വിധേയമായതും. അദ്ദിക്റിനെ മൂടിവെക്കുന്നവരും തള്ളിപ്പറയുന്നവരും തന്നെയാണ് പരത്തിലും അതികഠിനമായി ശിക്ഷിക്കപ്പെടുക. 4: 123 ല്‍, വിശ്വാസികളുടെയോ വേദക്കാരുടെയോ വ്യാമോഹങ്ങളോ നിഗമനങ്ങളോ അല്ല നടപ്പിലാവുക, ആര് ഒരു തിന്മ ചെയ്താലും തക്കതായ പ്രതിഫലം ലഭിക്കും, അവര്‍ അല്ലാഹുവിനെക്കൂടാതെ യാതൊരു സഹായിയെയും സംരക്ഷകനെയും കണ്ടെത്തുകയുമില്ല എന്നും; 4: 124 ല്‍, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പുരുഷനോ സ്ത്രീയോ ആകട്ടെ, അവന്‍ വിശ്വാസിയുമാണെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടും, അപ്പോള്‍ അവര്‍ തരിമ്പും അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല എന്നും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഇന്ന് ഒരാള്‍ക്കും വിശ്വാസിയാകാനോ അല്ലാഹുവിന്‍റെ വീടായ സ്വര്‍ഗത്തില്‍ പ്രവേശിക്കാനോ സാധ്യമല്ല. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഇന്ന് അദ്ദിക്റിനെ ലോകരില്‍ നിന്ന് മൂടിവെക്കുകയാണെങ്കില്‍ അതിനെ മൂടിവെക്കാത്ത പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെ അത് ഏല്‍പിക്കുമെന്ന് 6: 89-90 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 6: 115-116 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന, ഊഹങ്ങള്‍ പിന്‍പറ്റുകയും നിഗമനങ്ങള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന കുഫ്ഫാറുകള്‍ നരകക്കുണ്ഠത്തിലാണെന്ന നാഥന്‍റെ വിധി നീതിയായും സത്യമായും പുലര്‍ന്നിരിക്കുകയാണ്. 2: 39, 85; 3: 112 വിശദീകരണം നോക്കുക.