أَوَلَمَّا أَصَابَتْكُمْ مُصِيبَةٌ قَدْ أَصَبْتُمْ مِثْلَيْهَا قُلْتُمْ أَنَّىٰ هَٰذَا ۖ قُلْ هُوَ مِنْ عِنْدِ أَنْفُسِكُمْ ۗ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
നിങ്ങള്‍ക്ക് ഒരു വിപത്ത് ബാധിച്ചപ്പോഴേക്കും ഇത് എങ്ങനെ സംഭവിച്ചുവെന്ന് നിങ്ങള്‍ ചോദിക്കുന്നു, അതിന്‍റെ രണ്ടിരട്ടി നാശം നിശ്ചയം നിങ്ങള്‍ അവര്‍ക്ക് (ബദ്റില്‍) ബാധിപ്പിച്ചിട്ടുള്ളതാണല്ലോ, നീ പറയുക: ഈ വിപത്ത് നിങ്ങളില്‍ നിന്ന് തന്നെയാകുന്നു, നിശ്ചയം അല്ലാഹു എല്ലാ ഓരോ കാര്യത്തിനും കഴിവുള്ള സര്‍വ്വശക്തനാകുന്നു.
ബദ്ര്‍ യുദ്ധത്തില്‍ ശത്രുപക്ഷത്തുനിന്നുള്ള എഴുപത് പേരെ വധിക്കുകയും എഴുപത് പേരെ ബന്ദികളായി പിടികൂടുകയുമുണ്ടായി. എന്നാല്‍ ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്‍റെ കൂടെയുള്ളവരില്‍ നിന്നുള്ള എഴുപത് പേര്‍ വധിക്കപ്പെടുകയാണുണ്ടായത്. അപ്പോള്‍ പ്രവാചകനോടൊപ്പമുള്ളവരായാല്‍ നഷ്ടമോ പരാജയമോ ഉണ്ടാവാന്‍ പാടില്ല എന്ന നിഗമനത്തില്‍ കപടവിശ്വാസികള്‍ അവര്‍ക്ക് സംഭവിച്ച വിപത്തില്‍ വേവലാതിപ്പെടുകയുണ്ടായി. 4: 78 ല്‍, അവര്‍ക്ക് ഒരു നന്മ ലഭിച്ചാല്‍ അത് അല്ലാഹുവില്‍ നിന്നാണ് എന്ന് അവര്‍ പറയും, അവര്‍ക്ക് ഒരു തിന്മ ബാധിച്ചാല്‍ അത് പ്രവാചകനില്‍ നിന്നാണ് എന്നാണ് അവര്‍ പറയുക; നീ പറയുക: എല്ലാം അല്ലാഹുവില്‍ നിന്നാണ്, ഈ ജനതക്ക് എന്തുപറ്റി? അവര്‍ക്ക് അല്ലാഹുവിന്‍റെ ഈ വര്‍ത്തമാനം ഗ്രഹിക്കാന്‍ സാധിക്കുന്നില്ലല്ലോ എന്ന് കപടവിശ്വാസികളുടെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞ ശേഷം 4: 79 ല്‍, അപ്പോള്‍ നിനക്ക് ഒരു നന്മ ലഭിക്കുന്നത് അല്ലാഹുവില്‍ നിന്നാണ്, എന്നാല്‍ നിന്നെ ഒരു തിന്മ പിടിപെടുന്നുവെങ്കില്‍ അത് നിന്നില്‍ നിന്ന് തന്നെയാണ് എന്നും പറഞ്ഞിട്ടുണ്ട്. അഥവാ 'അല്ലാഹ്' എന്ന സ്മരണയോടുകൂടി നിലനിന്നാല്‍ ഒരു ആപത്തും ബാധിക്കുകയില്ല, അല്ലാഹുവിനെ മറന്ന അവസ്ഥയില്‍ പിശാചിനാലാണ് തിന്മ ബാധിക്കുന്നത്. 59: 19 ല്‍, അല്ലാഹുവിനെ മറന്നാല്‍ അവര്‍ അവരവരെത്തന്നെ മറന്ന കപടവിശ്വാസികളായ തെമ്മാടികളായിത്തീരുമെന്ന് പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍റെ കല്‍പന ലംഘിച്ച് അമ്പെയ്ത്തുകാര്‍ യുദ്ധമുതല്‍ വാരിക്കൂട്ടാന്‍ മലമുകളില്‍ നിന്ന് ഇറങ്ങി വന്നതാണ് ഉഹ്ദ് യുദ്ധത്തില്‍ നേരിട്ട തിരിച്ചടിക്ക് കാരണം. 41: 50 ല്‍, കാഫിറുകളുടെ സ്വഭാവം ഇങ്ങനെ വിവരിച്ചിരിക്കുന്നു: അവന് പിടിപെട്ട ഒരു ദുരിതത്തിനുശേഷം നമ്മില്‍ നിന്നുള്ള ഒരു കാരുണ്യം അവന് ലഭിച്ചാല്‍ അവന്‍ പറയും: ഇത് തീര്‍ച്ചയായും എനിക്കുള്ളതാണ്, ആ അന്ത്യമണിക്കൂര്‍ സംഭവിക്കുമെന്ന് തോന്നുന്നില്ല, സംഭവിച്ചാല്‍ തന്നെ അവിടെയും എനിക്ക് നന്മ ലഭിക്കുന്നതാണ്. 18: 32-36 സൂക്തങ്ങളില്‍, തന്നോടു തന്നെ അക്രമം കാണിച്ച കാഫിറായ ഒരുവന്‍ തന്‍റെ തോട്ടങ്ങളുടെ കാര്യത്തില്‍ കൂട്ടുകാരനോട് സംവാദം നടത്തിക്കൊണ്ട് പറഞ്ഞു: എന്‍റെ ഈ അനുഗ്രഹങ്ങളൊന്നും ഒരിക്കലും നശിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, ആ അന്ത്യമണിക്കൂര്‍ നിലവില്‍ വരുമെന്നും ഞാന്‍ കരുതുന്നില്ല, ഇനി നാഥനിലേക്ക് മടക്കപ്പെട്ടാലും അവിടെയും എനിക്ക് തന്നെയായിരിക്കും നല്ല പരിണിതി. 2: 152; 3: 140, 152 വിശദീകരണം നോക്കുക.