( ആലിഇംറാന്‍ ) 3 : 180

وَلَا يَحْسَبَنَّ الَّذِينَ يَبْخَلُونَ بِمَا آتَاهُمُ اللَّهُ مِنْ فَضْلِهِ هُوَ خَيْرًا لَهُمْ ۖ بَلْ هُوَ شَرٌّ لَهُمْ ۖ سَيُطَوَّقُونَ مَا بَخِلُوا بِهِ يَوْمَ الْقِيَامَةِ ۗ وَلِلَّهِ مِيرَاثُ السَّمَاوَاتِ وَالْأَرْضِ ۗ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ

തന്‍റെ അനുഗ്രഹങ്ങളില്‍ നിന്ന് അല്ലാഹു തങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ പിശുക്ക് കാണിച്ചുകൊണ്ടിരിക്കുന്നവരായവര്‍ അത് അവര്‍ക്ക് ഗുണപ്രദമാണെന്ന് കരു തേണ്ടതുമില്ല, അല്ല, അത് അവര്‍ക്ക് ദോഷം തന്നെയാകുന്നു, അവര്‍ പിശുക്കി തങ്കരിച്ച് വെച്ചതായ ഒന്നുകൊണ്ട് അവര്‍ അന്ത്യനാളില്‍ കഴുത്തില്‍ വളയമിട്ട് കൊടുക്കപ്പെടുകതന്നെ ചെയ്യും, ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിന് മാത്രമാകുന്നു, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയുമാകുന്നു.

ജനിച്ചപ്പോള്‍ കൂടെ കൊണ്ടുവരാത്തതും മരിക്കുമ്പോള്‍ കൂടെ കൊണ്ടുപോകാത്തതുമായ സ്രഷ്ടാവ് നല്‍കിയ എല്ലാ അനുഗ്രഹങ്ങളും അവന്‍റെ ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഇവിടെ വിനിയോഗിച്ച് സ്വര്‍ഗം നേടലാണ് ജീവിതലക്ഷ്യം. വിധിദിവസം എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും എന്ന 102: 8 ഉം; നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ നാഥന്‍റെ ഗ്രന്ഥം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ് എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചതും ഉള്‍ക്കൊണ്ട് അത് പഠിക്കാനും പ്രചരിപ്പിക്കാനുമാണ് വിശ്വാസികള്‍ അവരുടെ സമ്പത്ത്, സമയം, സ്വാധീനം, കാഴ്ച, കേള്‍വി തുടങ്ങി എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തുക. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നതില്‍ പിശുക്ക് കാണിക്കുന്നവരുണ്ട്, ആരെങ്കിലും പിശുക്ക് കാണിക്കുകയാണെങ്കില്‍ നിങ്ങളുടെ സ്ഥാനത്ത് മറ്റൊരു ജനതയെ കൊണ്ടുവരുമെന്നും അവര്‍ നിങ്ങളെപ്പോലെ ആവുകയില്ലെന്നും 47: 38 ലും; സ്വയം പിശുക്ക് കാണിക്കുകയും മറ്റുള്ളവരെ പിശുക്കിനുവേണ്ടി കല്‍പിക്കുകയും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ മൂടിവെക്കുകയും ചെയ്യുന്ന കാഫിറുകള്‍ക്ക് അതിനിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് 4: 37 ലും പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഒരേ വിഭാഗത്തില്‍ പെട്ടവരാണ്, അവര്‍ സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ മിഥ്യാഗ്രന്ഥങ്ങള്‍ കൊണ്ട് കല്‍പിക്കുന്നവരും നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെത്തൊട്ട് തടയുന്നവരും തങ്ങളുടെ കൈകള്‍ ചുരുട്ടുന്നവരും (പിശുക്ക് കാണിക്കുന്നവരും) അല്ലാഹുവിനെ മറന്നവരും അല്ലാഹുവിനാല്‍ വിസ്മരിക്കപ്പെട്ട തെമ്മാടികളുമാണെന്നും അവര്‍ക്കും കുഫ്ഫാറുകള്‍ക്കും നരകക്കുണ്ഠാഗ്നി വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുണ്ടെന്നും 9: 67-68 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നിശ്ചയം, പണ്ഡിത പുരോഹിതന്മാരില്‍ അധികവും ജനങ്ങളുടെ ധനം അവിഹിതമായി തിന്നുകയും അല്ലാഹുവിന്‍റെ മാര്‍ഗമായ അദ്ദിക്റില്‍ നിന്ന് ജനങ്ങളെ തടയുകയും ചെയ്യുന്നതാണ്, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കാതെ തങ്കരിച്ച് വെക്കുന്നവരെ വിധിദിവസം ആ ധനം നരകത്തീയില്‍ ചുട്ടുപഴുപ്പിച്ച് മുഖങ്ങളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും പൊള്ളിപ്പിക്കുന്നതാണെന്നും നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി തങ്കരിച്ചുവെച്ചിരുന്നത് നിങ്ങള്‍ രുചിച്ചുകൊള്ളുക എന്ന് പറയപ്പെടുന്നതാണെന്നും 9: 34-35 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 19: 80; 28: 58; 57: 10 തുടങ്ങിയ സൂക്തങ്ങളില്‍ ആകാശഭൂമികളുടെ അനന്തരാവകാശം പ്രപഞ്ചനാഥനായ അല്ലാഹുവിനാണ് എന്ന് പറഞ്ഞിട്ടുണ്ട്. 2: 44, 159-161, 168-169; 3: 28; 23: 51-53; 54: 25 വിശദീകരണം നോക്കുക.