( ആലിഇംറാന്‍ ) 3 : 182

ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ اللَّهَ لَيْسَ بِظَلَّامٍ لِلْعَبِيدِ

അത് നിങ്ങളുടെതന്നെ കരങ്ങള്‍ മുന്‍കൂട്ടി ഒരുക്കിവെച്ചതാകുന്നു, നിശ്ചയം അല്ലാഹു അവന്‍റെ അടിമകളോട് അല്‍പംപോലും അനീതി കാണിക്കുന്നവ നുമല്ല.

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പണം ചെലവഴിക്കുക വഴി നല്ലനിലക്ക് അല്ലാഹുവിന് കടം കൊടുക്കുന്നവര്‍ ആരുണ്ട് എന്ന് 2: 245; 57: 11; 64: 17 സൂക്തങ്ങളിലും അല്ലാഹു ചോദിക്കുന്നതിനെ പരിഹസിച്ചുകൊണ്ട് പ്രവാചകന്‍റെ കാലത്തുള്ള ജൂതര്‍ 'അല്ലാഹു ദരിദ്രനും ഞങ്ങള്‍ ധനികരുമായിരിക്കുന്നു' എന്ന് പറഞ്ഞിരുന്നു. ഇന്ന് ഇത്തരം സ്വഭാവങ്ങളുള്ളത് ലോകരില്‍ ഫുജ്ജാറുകള്‍ക്കാണ്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരാണ് എന്നും അവരുടെ മേലാണ് അല്ലാഹുവിന്‍റെ കോപവും ശാപവുമുള്ളതെന്നും അവര്‍ക്കാണ് ദുഷിച്ച പരിണിതിയുള്ളതെന്നും അവര്‍ക്ക് നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുണ്ടെന്നും 48: 6 ല്‍ അവര്‍ തന്നെയാണ് വായിച്ചിട്ടുള്ളത്. 36: 47 ല്‍, കാഫിറുകളുടെ ഈ സ്വഭാവം വരച്ചുകാണിച്ചിട്ടുണ്ട്. ജൂതന്മാരായവര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു, എന്നാല്‍ അവരുടെ കൈകളാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്, അല്ലാഹുവിന്‍റെ രണ്ട് കൈകളും വിശാലമാണ്, അവന്‍ എങ്ങിനെ ഉദ്ദേശിക്കുന്നുവോ അങ്ങിനെ ചെലവ് ചെയ്യുന്നു എന്ന് 5: 64 ല്‍ പറഞ്ഞിട്ടുണ്ട്. 35: 15-17 സൂക്തങ്ങളില്‍, ഓ മനുഷ്യരേ! നിങ്ങള്‍ അല്ലാഹുവിന്‍റെ കാര്യത്തില്‍ ദരിദ്രരാണ്; അല്ലാഹു മാത്രമാണ് ഐശ്വര്യവാനും പ്രമാണിയും സ്വയം സ്തുത്യര്‍ഹനും. അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കുപകരം മറ്റൊരു ജനതയെ കൊണ്ടുവരുന്നതാണ്, അവന്‍ അതിനെല്ലാം കഴിവുള്ളവന്‍ തന്നെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. ജൂതന്മാര്‍ നബിമാരില്‍ നിന്നുള്ള പലരെയും വധിച്ചിട്ടുണ്ടെങ്കിലും പ്രവാചകന്മാര്‍ക്ക് നാഥനില്‍ നിന്നുള്ള മുഹൈമിനായ ഗ്രന്ഥം ലഭിച്ചിരുന്നതിനാല്‍ പ്രവാചകന്മാരില്‍ നിന്നുള്ള ആരെയും വധിക്കാന്‍ സാധിച്ചിട്ടില്ല. അദ്ദിക്റിനെ അവഗണിച്ച് കള്ളവാദികളെ പിന്‍പറ്റുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഇന്ന് 3: 21-22 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരെയും നബിമാരെയും കൊല്ലാതെ കൊന്നുകൊണ്ടിരിക്കുന്നവരാണ്. പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന കപടവിശ്വാസികള്‍ പ്രവാചകനെ മനസ്സുകൊണ്ട് അംഗീകരിക്കാത്തവരും പ്രവാചകനെ പഴിക്കുന്നവരും പ്രവാചകന്‍റെ അഭാവത്തില്‍ പ്രവാചകനെതിരായി ഗൂഢാലോചന നടത്തുന്നവരുമാണെന്ന് 58: 8-10; 63: 1-5 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നരകം അല്ലെങ്കില്‍ സ്വര്‍ഗം ഓരോരുത്തരും നാലാം ഘട്ടമായ ഇവിടെ വെച്ച് സമ്പാദിക്കുന്നതാണ് എന്ന് ഈ സൂക്തങ്ങളെല്ലാം പഠിപ്പിക്കുന്നു. എന്നാല്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട ഫുജ്ജാറുകള്‍ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള അവരുടെ വിധി അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റാത്തതിനാല്‍ 2: 286 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠം സമ്പാദിക്കുന്നവരാണ്. അത് അവര്‍ ലക്ഷ്യം വെച്ച് സമ്പാദിക്കുന്നതല്ലെങ്കിലും ശരി. 

8: 50 ല്‍, കപടവിശ്വാസികളായ കാഫിറുകള്‍ മരിക്കുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍! അപ്പോള്‍ മലക്കുകള്‍ അവരുടെ മുതുകുകളിലും പിരടികളിലും അടിക്കുന്നതാണ്, നിങ്ങള്‍ കരിക്കുന്ന ശിക്ഷ രുചിച്ചുകൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്യും എന്നും; 8: 51 ല്‍, അത് നിങ്ങളുടെ തന്നെ കരങ്ങള്‍ മുന്‍കൂട്ടി ഒരുക്കിവെച്ചതാണ്, നിശ്ചയം അല്ലാഹു അവന്‍റെ അടിമകളോട് അല്‍പം പോലും അനീതി കാണിക്കുന്നവനല്ല തന്നെ എന്നും പറഞ്ഞിട്ടുണ്ട്. 22: 8-9 സൂക്തങ്ങളില്‍, യഥാര്‍ത്ഥ ജ്ഞാനവും സന്മാര്‍ഗവും വെളിച്ചം നല്‍കുന്ന ഗ്രന്ഥവുമില്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവര്‍ മനുഷ്യരിലുണ്ട്. അവര്‍ ജനങ്ങളെ അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് പിഴപ്പിക്കുന്നതിനുവേണ്ടി പിരടി ഒരു ഭാഗത്തേക്ക് ചെരിച്ചുകൊണ്ട് (പക്ഷം ചേര്‍ന്നുകൊണ്ട്) നടക്കുന്നവരാണ്, അവന് ഇഹത്തില്‍ നിന്ദ്യതയാണുള്ളത്, വിധിദിവസം നാം അവനെ കരിക്കുന്ന ശിക്ഷ രുചിപ്പിക്കുന്നതുമാണ് എന്നും; 22: 10 ല്‍, അത് നിന്‍റെ കൈകള്‍ നിനക്കുവേണ്ടി ഒരുക്കിവെച്ചതാണ്, നിശ്ചയം അല്ലാഹു അവന്‍റെ അടിമകളോട് അല്‍പം പോലും അനീതി കാണിക്കുന്നവനല്ല എന്നും പറഞ്ഞിട്ടുണ്ട്. 41: 46 ല്‍, ആരാണോ സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നത്, അതിന്‍റെ ഗുണവും ആരാണോ ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുന്നത് അതിന്‍റെ ദോഷവും ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആ ആത്മാവിന് തന്നെയാണ്; നിന്‍റെ നാഥന്‍ അവന്‍റെ അടിമകളോട് ഒട്ടും അനീതി കാണിക്കുന്നവനല്ല എന്നും പറഞ്ഞിട്ടുണ്ട്. 2: 6-7, 94-95; 3: 90-91; 9: 28; 80-82;125 വിശദീകരണം നോക്കുക.