( ആലിഇംറാന്‍ ) 3 : 183

الَّذِينَ قَالُوا إِنَّ اللَّهَ عَهِدَ إِلَيْنَا أَلَّا نُؤْمِنَ لِرَسُولٍ حَتَّىٰ يَأْتِيَنَا بِقُرْبَانٍ تَأْكُلُهُ النَّارُ ۗ قُلْ قَدْ جَاءَكُمْ رُسُلٌ مِنْ قَبْلِي بِالْبَيِّنَاتِ وَبِالَّذِي قُلْتُمْ فَلِمَ قَتَلْتُمُوهُمْ إِنْ كُنْتُمْ صَادِقِينَ

നിശ്ചയം, തീ വന്ന് കരിക്കുന്ന ഒരു ബലി നമ്മിലേക്ക് കൊണ്ടുവരുന്നതുവരെ ഒരു പ്രവാചകനിലും നാം വിശ്വസിക്കുകയില്ല എന്ന് അല്ലാഹു നമ്മോട് ഉടമ്പടി ചെയ്തിട്ടുണ്ട് എന്നു പറയുന്നവരോട് നീ ചോദിക്കുക: എനിക്കുമുമ്പ് സുവ്യക്തങ്ങളായ തെളിവുകളോടുകൂടിയും നിങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നതുകൊ ണ്ടും പ്രവാചകന്‍മാര്‍ നിങ്ങളിലേക്ക് വന്നിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ അവരെ വധിച്ചുകളഞ്ഞത് എന്തുകൊണ്ടാണ്-നിങ്ങള്‍ സത്യസന്ധന്‍മാര്‍ തന്നെയാണെങ്കില്‍?

പൂര്‍വ്വിക സമുദായങ്ങളില്‍ ബലി സ്വീകരിക്കപ്പെടുന്നതിന്‍റെ ലക്ഷണമായി അദൃശ്യമായ നിലയില്‍ തീ വന്ന് അത് കരിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. ആദം സന്താനങ്ങളായ ഹാബീലും ഖാബീലും ബലിയര്‍പ്പിച്ചപ്പോള്‍ അദൃശ്യമായ തീ വന്ന് കരിച്ചിട്ടാണ് ബലി സ്വീകരിച്ചതും സ്വീകരിക്കാത്തതും തിരിച്ചറിഞ്ഞത്. (5: 27 നോക്കുക.) ഇസ്റാഈല്‍ സന്തതികളിലേക്ക് നിയോഗിക്കപ്പെട്ട ഇല്‍യാസ് നബി 'ബഅ്ല്‍' ദേവിയെ പൂജിച്ചിരുന്ന പൂജാരിമാരോട് പറഞ്ഞു: യഹോവയുടെ പ്രവാചകനായി ഞാന്‍ മാത്രമേ ശേഷിച്ചിരിപ്പുള്ളൂ. ബഅ്ലിന്‍റെ പ്രവാചകന്മാരാകട്ടെ നാന്നൂറ്റിയമ്പത് പേരുണ്ട്, ഞങ്ങള്‍ക്ക് രണ്ട് കാളകളെ തരിക, ഒന്നിനെ നിങ്ങള്‍ അറുത്ത് കഷ്ണം കഷ്ണമായി മുറിച്ച് തീയിടാതെ വിറകിന്മേല്‍ വെക്കുക, മറ്റേ കാളയെ ഞാനും ഒരുക്കി തീയിടാതെ വിറകിന്മേല്‍ വെക്കാം. നിങ്ങള്‍ നിങ്ങളുടെ ദേവനെ വിളിച്ച് അപേക്ഷിക്കുവീന്‍, ഞാന്‍ യഹോവയുടെ നാമത്തിലും വിളിച്ച് അപേക്ഷിക്കാം, തീ കൊണ്ട് ഉത്തരം നല്‍കുന്നത് ദൈവമായിരിക്കട്ടെ! അങ്ങനെ രണ്ടുകൂട്ടരും സമ്മതിച്ചു. ഇല്‍യാസ് നബി ബലിയര്‍പ്പിച്ച കാളയെയാണ് അദൃശ്യമായ തീ വന്ന് തിന്നത്. എന്നാല്‍ 'ബഅ്ല്‍' പൂജകയായ ഇസ്റാഈല്‍ രാജ്ഞി ഇല്‍യാസ് നബിയുടെ ശത്രുവാകുകയും അവളുടെ ആവശ്യപ്രകാരം ഇല്‍യാസിനെ വധിക്കാനായി അവളുടെ ഭര്‍ത്താവ് പുറപ്പെടുകയും ചെയ്തു. തദവസരം ദൈവകല്‍പനയുണ്ടായി: നീ പുറപ്പെട്ട് ദമ്മേശക്കിന്‍റെ മരുഭൂമി വഴി മടങ്ങിപ്പോവുക! (പഴയ നിയമം-രാജാക്കന്മാര്‍: 18-19 എന്നീ അധ്യായങ്ങള്‍ നോക്കുക). ഈ സംഭവത്തെ മുന്‍നിര്‍ത്തിയാണ് മദീനയില്‍ പ്രവാചകന്‍റെ മുമ്പിലുള്ള ജൂതരോട് അല്ലാഹു ചോദിക്കുന്നത്: സത്യത്തിന്‍റെ ശത്രുക്കളേ, നിങ്ങള്‍ എന്തിനാണ് ദിവ്യാത്ഭുതം ആവശ്യപ്പെടുന്നത്? അല്ലാഹുവിന്‍റെ വേണ്ടുകയോടുകൂടി ദിവ്യാത്ഭുതം പ്രത്യക്ഷപ്പെടുത്തിയ നബിമാരെപ്പോലും നിങ്ങള്‍ വധിച്ചിട്ടുണ്ടല്ലോ? സുവ്യക്തമായ തെളിവുകള്‍ കൊണ്ടുദ്ദേശിക്കുന്നത് വേദവും വ്യത്യസ്തമായ ദിവ്യാത്ഭുതങ്ങളുമാണ്. എന്നാല്‍ ഇന്നത്തെ ജൂതരോ ക്രൈസ്തവരോ ഇതൊന്നും ആവശ്യപ്പെടുന്നില്ല. അവരുടെ ഈ സ്വഭാവങ്ങളെല്ലാം ഇന്നുള്ളത് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്കാണ്. നിങ്ങള്‍ ചാണിന് ചാണായും മുഴത്തിന് മുഴമായും ജൂത-ക്രൈസ്തവരെ പിന്‍പറ്റുക തന്നെ ചെയ്യും, എത്രത്തോളമെന്നാല്‍ അവര്‍ ഒരു ഉടുമ്പിന്‍റെ മാളത്തിലാണ് പ്രവേശിക്കുന്നതെങ്കില്‍ അതില്‍ പ്രവേശിക്കാന്‍ നിങ്ങളും പരിശ്രമിക്കുന്നതാണ് എന്നും, അവസാനകാലത്ത് അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ജീവിക്കാത്തവരെല്ലാം തന്നെ വഴികേടിലായിരിക്കുമെന്നും അന്നുതന്നെ പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 2: 61; 3: 112; 8: 22; 10: 103 വിശദീകരണം നോക്കുക.