الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ
തങ്ങളുടെ നിര്‍ത്തങ്ങളിലും ഇരുത്തങ്ങളിലും പാര്‍ശ്വങ്ങളിലും അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുന്നവരും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പി നെക്കുറിച്ച് ആലോചിച്ച് പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കുന്നവരുമാണ് അവര്‍, ഞങ്ങളുടെ നാഥാ! ഇതൊന്നും നീ മിഥ്യയായി സൃഷ്ടിച്ചതല്ല, നീ പരിശുദ്ധനാ ണ്, അപ്പോള്‍ ഞങ്ങളെ നീ നരകശിക്ഷയെത്തൊട്ട് കാത്തുരക്ഷിക്കേണമേ (എന്ന് മനസ്സാ പ്രാര്‍ത്ഥിക്കുന്നവരുമാണ് അവര്‍).
21: 30 പ്രകാരം ആകാശങ്ങളെയും ഭൂമിയെയും ഒട്ടിപ്പിടിച്ച അവസ്ഥയില്‍ നിന്ന് വേര്‍പ്പെടുത്തി ഇന്ന് കാണുന്ന വിധത്തില്‍ സംവിധാനിച്ചവനാണ് ആകാശഭൂമികള്‍ക്ക് തുടക്കം കുറിച്ച അല്ലാഹു. അവന് എല്ലാ ജീവജാലങ്ങള്‍ക്കും ജീവന് നിലനില്‍ക്കുന്നതിന് വെള്ളം അനിവാര്യഘടകമായി വെക്കുകയും ചെയ്തു. അവന് തന്നെയാണ് തന്റെ നാഥനെ ഓര്മിക്കുന്നവര്ക്കുവേണ്ടിയും അവന് നന്ദി പ്രകടിപ്പിക്കുന്നവര്ക്കുവേണ്ടിയും രാവിനെയും പകലിനെയും ഒന്നിനുപിറകെ ഒന്നായി മാറിമാറി വരുന്നതാക്കിയത് എന്ന് 25: 62 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ ശ്രദ്ധിച്ച് കേള്‍ക്കുന്നവരും അതിനെ ഏറ്റവും നല്ലനിലക്ക് പിന്‍പറ്റുന്നവരുമാണ് സന്മാര്ഗ്ഗത്തിലുള്ളവരെന്നും അക്കൂട്ടര്‍ തന്നെയാണ് ബുദ്ധിമാന്മാരെന്നും 39: 18 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിച്ച് ജീവിക്കുന്ന ബുദ്ധിശക്തി ഉപയോഗിക്കുന്നവര്‍ രാപ്പകല്‍ ഭേദമന്യേ എല്ലായ്പ്പോഴും എവിടെയും 'അല്ലാഹ്' എന്ന സ്മരണയില്‍ നിലകൊള്ളുന്നവരും അവന്റെ പ്രതിനിധികളായി ജീവിക്കുന്നവരും 'അല്ലാഹ്' എന്ന സ്മരണ നിലനിര്‍ത്താനുള്ള ഉപകരണമായ അദ്ദിക്ര്‍ ജാതി-മത-വര്‍ണ്ണ-ദേശ-ഭാഷ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അവനെ സഹായിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അവര്‍ ആകാശഭൂമികളുടെയും അവരുടെത്തന്നെയും സൃഷ്ടിപ്പിനെക്കുറിച്ച് ആലോചിക്കുന്നവരും ഇതൊന്നും അര്‍ത്ഥമില്ലാതെ കളിതമാശയായിട്ട് സൃഷ്ടിച്ചതല്ല എന്ന് മനസ്സിലാക്കി ഇതിന്റെ പിന്നിലുള്ള ഏകസ്രഷ്ടാവിനെ കണ്ടെത്തുന്നവരും അത് മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുന്നവരും നരകത്തെത്തൊട്ട് ഞങ്ങളെ കാത്തുരക്ഷിക്കേണമേ എന്ന് പ്രാര്ത്ഥിച്ചുകൊണ്ടിരിക്കുന്നവരുമായിരിക്കും. എല്ലാ ഓരോ ആത്മാവിനും അത് സമ്പാദിച്ചതിന് പ്രതിഫലം കൊടുക്കുന്നതിനുവേണ്ടി ആകാശങ്ങളെയും ഭൂമിയെയും ലക്ഷ്യത്തോടുകൂടിയാണ് സൃഷ്ടിച്ചിട്ടുള്ളത്, അവര്‍ അല്പം പോലും അനീതി കാണിക്കപ്പെടുകയില്ല എന്ന് 45: 22 ല്‍ പറഞ്ഞിട്ടുണ്ട്. നിശ്ചയം, 'ആലോചിച്ച് പ്രതിഫലിപ്പിക്കുന്ന ജനതക്ക് അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്' എന്ന ആശയത്തില്‍ അവസാനിക്കുന്ന സൂക്തങ്ങളാണ് 13: 3; 30: 21; 39: 42; 45: 13 എന്നിവ. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുന്നവരും മൂടിവെക്കുന്നവരുമായതിനാല് 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരാണെന്ന് 8: 22 ലും; തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള അവര്‍ ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്.
വിശ്വാസി ഈ സൂക്തം വായിക്കുമ്പോള്‍ 'ഞങ്ങളുടെ നാഥാ! ഞങ്ങളെ നീ നിന്നെ സ്മരിച്ചുകൊണ്ട് എല്ലാ നിര്‍ത്തങ്ങളിലും ഇരുത്തങ്ങളിലും കിടപ്പുകളിലും നിലകൊള്ളുന്ന ബുദ്ധിമാന്മാരില് ഉള്‍പ്പെടുത്തേണമേ! ഞങ്ങളെ നീ ആകാശഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് ആലോചിച്ച് മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുന്നവരാക്കേണമേ. ഞങ്ങളുടെ നാഥാ! നീ ഇതൊന്നും മിഥ്യയായി സൃഷ്ടിച്ചതല്ല, നീ പരിശുദ്ധനാണ്. മുഹൈമിനായ അദ്ദിക്ര്‍ കൊണ്ട് ഞങ്ങളെ നീ നരകത്തെത്തൊട്ട് കാത്തുസൂക്ഷിക്കേണമേ! ഓ മുഹൈമിനേ, മുഹൈമിനായ ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളവനേ, ഓ പുണ്യവാനായ കാരുണ്യവാനേ' എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കേണ്ടതാണ്. 2: 148, 152; 3: 26-28; 32: 4 വിശദീകരണം നോക്കുക