( ആലിഇംറാന്‍ ) 3 : 198

لَٰكِنِ الَّذِينَ اتَّقَوْا رَبَّهُمْ لَهُمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا نُزُلًا مِنْ عِنْدِ اللَّهِ ۗ وَمَا عِنْدَ اللَّهِ خَيْرٌ لِلْأَبْرَارِ

എന്നാല്‍ തങ്ങളുടെ നാഥനെ സൂക്ഷിച്ച് ജീവിക്കുന്നവരാരോ, അവര്‍ക്ക് താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകളുണ്ട്, അവര്‍ അതില്‍ നിത്യവാസികളുമായിരിക്കും, അല്ലാഹുവില്‍ നിന്നുള്ള വിരുന്നാണത്, അല്ലാഹുവിന്‍റെ പക്കലുള്ള ഒന്നാകുന്നു പുണ്യാത്മാക്കള്‍ക്ക് ഏറ്റവും ഉത്തമമായിട്ടുള്ളത്.

10: 100 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളാവുകയും അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്ക് ഫിര്‍ദൗസ് പൂന്തോപ്പുകള്‍ വിരുന്നായി ലഭിക്കുമെന്ന് 18: 107 ലും 32: 19 ലും പറഞ്ഞിട്ടുണ്ട്. നിശ്ചയം പുണ്യാത്മാക്കള്‍ കര്‍പ്പൂരം ചേരുവയായിട്ടുള്ള പാനപാത്രങ്ങളില്‍ നിന്ന് കുടിക്കുന്നവ രാണെന്ന് 76: 5 ലും പറഞ്ഞിട്ടുണ്ട്. 83: 18 ല്‍, പുണ്യാത്മാക്കളുടെ കര്‍മ്മരേഖ സ്വര്‍ഗ്ഗത്തിലുള്ള ഇല്ലിയ്യീനിലാണ് എന്നും; 82: 13; 83: 22 സൂക്തങ്ങളില്‍ നിശ്ചയം പുണ്യാത്മാക്കള്‍ അനുഗ്രഹ കേദാരങ്ങളിലാണ് എന്നും പറഞ്ഞിട്ടുണ്ട്. ഇവിടെ പറഞ്ഞ പുണ്യാത്മാക്കളില്‍ വിചാരണ കൂടാതെ സ്വര്‍ഗത്തിലേക്ക് പോകുന്ന സാബിഖീങ്ങളും വിചാരണക്കുശേഷം സ്വര്‍ഗത്തിലേക്ക് പോകുന്ന വലതുപക്ഷക്കാരും ഉള്‍പ്പെടുന്നതാണ്.     

ഈ സൂക്തം വായിക്കുമ്പോള്‍ വിശ്വാസി ആത്മാവുകൊണ്ട് 'ഓ ഞങ്ങളുടെ നാഥാ! അദ്ദിക്റിനെ സത്യപ്പെടുത്തിക്കൊണ്ടും പിന്‍പറ്റിക്കൊണ്ടും ജീവിക്കുന്ന മുന്‍കടന്നവരിലും പുണ്യാത്മാക്കളിലും ഞങ്ങളെ നീ ഉള്‍പ്പെടുത്തേണമേ' എന്ന് പ്രാര്‍ത്ഥിക്കേണ്ടതാണ്. 2: 25, 177; 3: 136 വിശദീകരണം നോക്കുക.