( ആലിഇംറാന്‍ ) 3 : 25

فَكَيْفَ إِذَا جَمَعْنَاهُمْ لِيَوْمٍ لَا رَيْبَ فِيهِ وَوُفِّيَتْ كُلُّ نَفْسٍ مَا كَسَبَتْ وَهُمْ لَا يُظْلَمُونَ

നാം അവരെയെല്ലാം ഒരുമിച്ചുകൂട്ടുന്ന നാളില്‍ അവരുടെ അവസ്ഥ എന്തായിരിക്കും? ആ നാളിന്‍റെ കാര്യത്തില്‍ സംശയമേയില്ല, അന്ന് എല്ലാ ഓരോ ആത്മാവിനും അവള്‍ സമ്പാദിച്ചത് പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്, അവര്‍ അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല.

മനുഷ്യരുടെ നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് ഏഴാം ഘട്ടത്തിലേക്കുള്ള സ്വര്‍ഗ്ഗം അല്ലെങ്കില്‍ നരകം അവരവര്‍ തന്നെയാണ് സമ്പാദിക്കുന്നത്, അല്ലാതെ നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല എന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. സൃഷ്ടികള്‍ക്കിടയില്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കുന്ന ഒരു ദിനം അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. 70: 4 ല്‍ പറഞ്ഞ ആ ദിനത്തിന്‍റെ ഉടമസ്ഥന്‍ രാജാധിരാജനായ അല്ലാഹു മാത്രമാണെന്ന് എല്ലാവരും അംഗീകരിക്കുന്നു. നിഷ്പക്ഷവാനായ അവന്‍ അവന്‍റെ സൃഷ്ടികളോട് അല്‍പം പോലും അനീതി കാണിക്കാത്ത നീതിമാനായ ഏകാധിപനും സര്‍വ്വാധിപനും സ്വേഛാധിപനുമാണ്. 1: 3 ല്‍ വിവരിച്ച പ്രകാരം വിധിദിവസം ഓരോ മനുഷ്യനും അവന്‍റെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള, 17: 13-14; 18: 49; 23: 62-63; 36: 12; 45: 28-29; 58: 6; 78: 29-30 സൂക്തങ്ങളില്‍ പറഞ്ഞ കര്‍മരേഖ തുറന്ന പ്രകാശിക്കുന്ന പുസ്തകമായി പുറത്തെടുത്ത് കൊടുത്ത് ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ചാണ് ഓരോരുത്തരുടെയും വിചാരണ നടത്തുക. ആരാണോ പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള ജീവിതം നയിച്ചത്, അവരുടെ കര്‍മരേഖയില്‍ രേഖപ്പെടുത്തിയത് വിധിദിവസം അവര്‍ക്ക് വായിക്കാന്‍ പറ്റിയതും അവര്‍ ജീവിതലക്ഷ്യം പൂര്‍ത്തീകരിച്ചവരുമാണ്. ആരാണോ പ്രസ്തുത കര്‍മരേഖയെക്കുറിച്ച് ബോധമില്ലാതെ ജീവിക്കുകയും കര്‍മരേഖയില്‍ അദ്ദിക്റിന് വിരുദ്ധമായ കാര്യങ്ങള്‍ രേഖപ്പെടുത്തി വെപ്പിക്കുകയും ചെയ്യുന്നത്, അവര്‍ ജീവിതലക്ഷ്യം നഷ്ടപ്പെടുത്തിയവരുമാണ്. 2: 286; 3: 9; 32: 14 വിശദീകരണം നോക്കുക.