( ആലിഇംറാന്‍ ) 3 : 32

قُلْ أَطِيعُوا اللَّهَ وَالرَّسُولَ ۖ فَإِنْ تَوَلَّوْا فَإِنَّ اللَّهَ لَا يُحِبُّ الْكَافِرِينَ

നീ പറയുക: നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക, പ്രവാചകനെയും; ഇനി അവര്‍ പിന്തിരിയുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം അല്ലാഹു കാഫിറുകളെ ഇഷ്ടപ്പെടുകയില്ലതന്നെ.

അല്ലാഹുവിന്‍റെ അടുത്തേക്ക് എത്തിപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ അവന്‍റെ പ്രവാചകനെ അടിമുതല്‍ മുടിവരെ പിന്‍പറ്റണം. നിങ്ങള്‍ക്ക് പ്രവാചകന്‍ എന്താണോ നല്‍കിയിട്ടുള്ളത്, അത് നിങ്ങള്‍ സ്വീകരിക്കുക, പ്രവാചകന്‍ എന്താണോ വിരോധിച്ചിട്ടുള്ളത്, അത് നിങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുക, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിശ്ചയം അവന്‍ കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെയാണ് എന്ന് 59: 7 ലും; നിങ്ങള്‍ അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും അനുസരിക്കുകയാണെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളൊന്നും പാഴായിപ്പോവുകയില്ല, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനാകുന്നു എന്ന് 49: 14 ലും; ആരാണോ പ്രവാചകനെ അനുസരിച്ചത്, അപ്പോള്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചു, ആരാണോ പ്രവാചകനില്‍ നിന്ന് പിന്തിരിഞ്ഞത്, അപ്പോള്‍ നിന്നെ നാം അവരുടെ സൂക്ഷിപ്പുകാരനൊന്നും ആക്കിയിട്ടില്ല എന്ന് 4: 80 ലും പറഞ്ഞിട്ടുണ്ട്. അല്ലാഹുവും പ്രവാചകനും ഉള്ളത് ഗ്രന്ഥത്തിലായതുകൊണ്ട് അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അദ്ദിക്ര്‍ പിന്‍പറ്റുക എന്നാണ്. അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് നീട്ടിയിട്ടിട്ടുള്ള പൊട്ടിപ്പോകാത്ത പാശമായതുകൊണ്ട് അതിനെ മുറുകെപ്പിടിച്ച് നിലകൊണ്ടാല്‍ ഏതൊരാള്‍ക്കും സ്വര്‍ഗ്ഗത്തിലേക്ക് തന്നെ തിരിച്ചുപോകാവുന്നതാണ്. 

5: 48 ല്‍ പറഞ്ഞ മുഹൈമിനായ ഗ്രന്ഥം ഇന്ന് രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ചാല്‍ 3: 101-103 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം മുഹൈമിനായ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളിലെ നേതാക്കളായ കപടവിശ്വാസികള്‍ അനുയായികളായ ഫാജിറുകളോട് നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമാ യ അദ്ദിക്റിനെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ 'ആവര്‍ത്തിച്ച് വായിക്കുക' എന്ന് അര്‍ത്ഥം വരുന്ന 'ഖുര്‍ആന്‍' എന്ന പദം മാത്രം പറയുന്നവരാണ്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കുന്നില്ല. മറിച്ച്, ഇവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച സൂക്തങ്ങള്‍ അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷി നിന്നുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 2: 146; 4: 59; 39: 53-55; 57: 19 വിശദീകരണം നോക്കുക.