هُوَ الَّذِي أَنْزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ ۖ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ ۗ وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ ۗ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِنْ عِنْدِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ
അവന്‍ തന്നെയാണ് നിന്‍റെ മേല്‍ ഈ ഗ്രന്ഥമിറക്കിയത്, അതില്‍ ആശയം സ്പഷ്ടമായ സൂക്തങ്ങളുണ്ട്, അവയാണ് ഗ്രന്ഥത്തിന്‍റെ മൂലഘടകം (ഉമ്മുല്‍ കിതാബ്), മറ്റ് ചില സൂക്തങ്ങള്‍ ആലങ്കാരികവുമാണ്, അപ്പോള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ വക്രതയുള്ളവര്‍ നാശം ലക്ഷ്യം വെച്ച് ആലങ്കാരികമായ സൂക്തങ്ങളുടെ വിശദീകരണം തേടിക്കൊണ്ട് പിന്നാലെ നടക്കുന്നു, അതിന്‍റെ വിശദീ കരണമാകട്ടെ, അല്ലാഹുവിനല്ലാതെ അറിയുകയില്ല-അറിവില്‍ അഗാധജ്ഞാനം ലഭിച്ചവരാകട്ടെ നിശ്ചയം ഞങ്ങള്‍ അതുകൊണ്ട് വിശ്വസിച്ചിരിക്കുന്നു, എല്ലാം ഞങ്ങളുടെ നാഥന്‍റെ പക്കല്‍ നിന്നുള്ളത് തന്നെയാണ് എന്ന് പറയുന്നവരാണ്, ബുദ്ധിമാന്മാരല്ലാതെ ഹൃദയം കൊണ്ട് ഓര്‍മ്മിക്കുന്നവരാവുകയില്ല.
ഗ്രന്ഥത്തില്‍ രണ്ട് തരം സൂക്തങ്ങളുണ്ട്. തത്വനിര്‍ഭരമായ സൂക്തങ്ങളാണ് ഗ്രന്ഥത്തിന്‍റെ അടിസ്ഥാന ഘടകം. എല്ലാ പ്രവാചകന്മാര്‍ക്കും ഗ്രന്ഥങ്ങളും ഏടുകളും വിശദീകരണങ്ങളും നല്‍കിയിട്ടുണ്ടെന്ന് 16: 44 ലും; പ്രവാചകന്‍ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട പരിശുദ്ധ ഗ്രന്ഥമായ അദ്ദിക്റില്‍ അതിന് മുമ്പ് വന്നിട്ടുള്ള നേരെച്ചൊവ്വെയുള്ള ഗ്രന്ഥങ്ങളെല്ലാം അടങ്ങിയിട്ടുണ്ടെന്ന് 98: 2-3 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. ആലങ്കാരികമായ സാദൃശ്യ(മുതശാബിഹാത്ത്)മായ സൂക്തങ്ങളുമുണ്ട് എന്നത് പ്രവാചകന്‍ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്‍റെ ഒരു പ്രത്യേകതയാണ്. 39: 23 ല്‍ അല്ലാഹു പറയുന്നു: ഏറ്റവും നല്ല വര്‍ത്തമാനമായ ആലങ്കാരികവും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നതുമായ സൂക്തങ്ങളടങ്ങുന്ന ഈ ഗ്രന്ഥം ഇറക്കിയത് അല്ലാഹുവാണ്, അതുമുഖേന തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ തൊലികള്‍ രോമാഞ്ചമുള്‍ക്കൊള്ളുകയും അവരുടെ തൊലികളും ഹൃദയങ്ങളും മാര്‍ദ്ദവമാവുകയും, അവര്‍ 'അല്ലാഹ്' എന്ന സ്മരണയില്‍ മുഴുകുകയും ചെയ്യുന്നതാണ്, അതാണ് അല്ലാഹുവിന്‍റെ സന്മാര്‍ഗം, അതുകൊണ്ട് അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സന്മാര്‍ഗത്തിലാക്കുന്നതാണ്.
7: 53 പ്രകാരം അല്ലാഹു അവന്‍റെ സൂക്തങ്ങളുടെ ഭാവിപ്രവചനങ്ങള്‍ കാലാകാലങ്ങളിലായി ലോകത്ത് പ്രത്യക്ഷപ്പെടുത്തിക്കൊണ്ടേയിരിക്കുന്നതാണ്. മുതശാബിഹാത്തായ സൂക്തങ്ങളുടെ വിശദീകരണങ്ങള്‍ അല്ലാഹു ദിഗന്തങ്ങളിലും അവരവരില്‍ തന്നെയും പ്രത്യക്ഷപ്പെടുത്തുമ്പോള്‍ മാത്രമേ അവയുടെ വിശദീകരണം ലഭ്യമാവുകയുള്ളൂ. അതിന് മുമ്പ് ആലങ്കാരികമായ സൂക്തങ്ങളുടെ വിശദീകരണം ചോദിക്കുന്നവര്‍ മനസില്‍ വക്രതയുള്ള കപടവിശ്വാസികളാണെന്ന് ഈ സൂക്തം മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരക്കാര്‍ ഗ്രന്ഥം ആശയം അറിയാതെ നിങ്ങള്‍ വായിക്കരുത് എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചതിന് വിരുദ്ധമായി 'അലിഫ്-ലാം-മീം' നിങ്ങള്‍ ഉച്ചരിക്കുന്നില്ല, അവയോരോന്നും പത്ത് നന്മകളായിട്ടല്ലാതെ എന്ന് പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചത് മാത്രമുദ്ധരിച്ച് അലിഫ്-ലാം-മീമിന് അര്‍ത്ഥമില്ലല്ലോ, അതുകൊണ്ട് ഗ്രന്ഥം അര്‍ത്ഥമറിയാതെ വായിച്ചാലും പുണ്യമുണ്ടെന്ന് വാദിച്ച് ജനങ്ങളെ ഗ്രന്ഥത്തിന്‍റെ ആത്മാവും, വ്യക്തവും സ്പഷ്ടമായ വായനയുമായ അദ്ദിക്ര്‍ മനസ്സിലാക്കുന്നതില്‍ നിന്നും തടഞ്ഞ് കൊണ്ടിരിക്കുന്നവരാണ്. ആശയമില്ലാതെ ഗ്രന്ഥം വായിച്ചാല്‍ വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വിധം ദീനില്‍ നിന്ന് തെറിച്ചുപോകുമെന്നും വായിച്ച സൂക്തങ്ങള്‍ അവനെതിരില്‍ വാദിക്കുകയും സാക്ഷി നില്‍ക്കുകയും ചെയ്യുമെന്നും പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചത് ഉദ്ധരിച്ചുകൊണ്ട് 54: 17 ല്‍ പറഞ്ഞ പ്രകാരം ആശയം പഠിക്കാനാണ് എളുപ്പമാക്കിയിട്ടുള്ളത് എന്ന് ജനങ്ങളെ അറിയിക്കുന്ന വിശ്വാസികളോട് തര്‍ക്കിക്കുകയാണ് അവര്‍ ചെയ്യുക.
പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം ഇസ്ലാം പിരിയുടയുമെന്നും പിന്നെ ഗ്രന്ഥം വായിക്കുന്നവര്‍ 3 വിഭാഗങ്ങളായിത്തീരുമെന്നും പ്രവാചകനിലൂടെ നാഥന്‍ പഠിപ്പിച്ചിട്ടുണ്ട്. (1) ഫാജിര്‍: അറബി ഖുര്‍ആന്‍ തിന്നുന്നവന്‍, അല്ലെങ്കില്‍ അറബി ഖുര്‍ആന്‍ കൊണ്ട് തിന്നുന്നവന്‍. അതുവഴി അവന്‍ വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ച് പോകുന്നതാണ്. ജനങ്ങളില്‍ വെച്ച് ഏറ്റവും വലിയ ദുഷ്ടന്‍ ഗ്രന്ഥം ആദ്യം മുതല്‍ അവസാനം വരെ വായിച്ചിട്ട് അതില്‍ നിന്ന് ഒന്നും ലഭിക്കാത്ത ഫാജിറാണ് എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഏറ്റവും വലിയ ദുഷ്ടന്‍ വിചാരണയില്ലാതെ നരകത്തില്‍ പോകുന്ന കപടവിശ്വാസിയാണെന്ന് പറയുന്നതിനുപകരം ഫാജിറാണെന്ന് പറഞ്ഞതിന് കാരണം, കപടവിശ്വാസി അദ്ദിക്റിനെ മൂടിവെച്ചതിനാല്‍ വധിക്കപ്പെട്ടവനായതുകൊണ്ടാണ്. (2) കാഫിര്‍ (കപടവിശ്വാസി): ഗ്രന്ഥത്തിന്‍റെ ആശയം അറിഞ്ഞിട്ട് അത് മൂടിവെക്കുന്നവന്‍. (3) വിശ്വാസി: പ്രവര്‍ത്തിക്കുന്നത് പറയുന്നവനും പറയുന്നത് പ്രവര്‍ത്തിക്കുന്നവനും. ഈ മൂന്ന് വിഭാഗങ്ങളില്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമേ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോവുകയുള്ളൂ. അത്തരം വിശ്വാസി 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുന്നതാണ്.
25: 58 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയായ നാഥനില്‍ നിന്നുള്ള ത്രികാലജ്ഞാനവും എല്ലാ ഓരോ കാര്യവും വിശദീകരിച്ച ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്ര്‍ ഇന്ന് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ നിഷ്പക്ഷവാനായ നാഥനെക്കുറിച്ച് പ്രവാചകനും വിശ്വാസിയും ചോദിക്കേണ്ടത് ഈ ത്രികാലജ്ഞാനിയോടാണെന്നും; 16: 43; 21: 7 സൂക്തങ്ങളില്‍ അറിവില്ലാത്ത ഏതൊരു കാര്യത്തെക്കുറിച്ചും ഏതൊരാളും ചോദിക്കേണ്ടത് അദ്ദിക്റിന്‍റെ രചയിതാവിനോടാണെന്നും പറഞ്ഞിട്ടുണ്ട്. വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് 10: 100 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസിയാകാതെ ഒരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അദ്ദിക്ര്‍ ശ്രദ്ധിച്ചുകേള്‍ക്കുന്നവരും അതിനെ ഏറ്റവും നല്ലനിലക്ക് പിന്‍പറ്റുന്നവരുമാണ് അല്ലാഹുവിനാല്‍ മാര്‍ഗദര്‍ശനം ചെയ്യപ്പെട്ടവരും ബുദ്ധിമാന്മാരുമെന്ന് 39: 17-18 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 2: 174; 7: 52-53; 9: 67-68 വിശദീകരണം നോക്കുക.